Devan ഫെയ്സ്ബുക്ക്, വിഡിയോ സ്ക്രീൻഷോ‌ട്ട്
Entertainment

'ഒരു കാരണവശാലും ആ തെണ്ടിക്ക് മോളെ കൊടുക്കില്ലെന്ന് അവർ; സുമയ്ക്ക് പ്രേമ ലേഖനം എഴുതിയെന്ന് കരുതി അമ്മ പിടിച്ചു'

നീ എന്ന് മുതലാടാ പ്രേമ ലേഖനം എഴുതാൻ തുടങ്ങിയേ എന്ന് ചോദിച്ചു.

സമകാലിക മലയാളം ഡെസ്ക്

തന്റേത് ഒരിക്കലും ഒരു പ്രണയവിവാഹം ആയിരുന്നില്ലെന്ന് നടൻ ദേവൻ. ഒരേ ക്യാംപസിൽ തന്നെ ആയിരുന്നു താനും ഭാര്യ സുമയും പഠിച്ചത്, അതുകൊണ്ടുതന്നെ തന്റെ ആദ്യ പ്രണയത്തെകുറിച്ച് ഭാര്യക്ക് അറിയാമെന്നും ദേവൻ പറയുന്നു. വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സുമയ്ക്ക് താൻ ഒരിക്കൽ കത്തെഴുതിയെന്നും അത് വീട്ടുകാർ പിടിച്ച് വലിയ പ്രശ്നമായെന്നും ദേവൻ പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു ദേവൻ.

"സുമ എന്റെ അമ്മാവന്റെ മകളാണ്. ഞങ്ങൾ തമ്മിൽ അങ്ങനെയൊരു ബന്ധമോ, പ്രണയമോ ഒന്നും ഉണ്ടായിട്ടില്ല. എന്റെ അമ്മാവനാണ്, എന്റെ അമ്മയുടെ അടുത്ത് ഞങ്ങളെ തമ്മിൽ വിവാഹം കഴിപ്പിക്കുന്ന കാര്യം പറയുന്നത്. ഇത് കേട്ടതോടെ അച്ഛനും അമ്മയും വളരെ സന്തോഷത്തിലായി. അന്ന് ഞാൻ ചെന്നൈയിലാണ്.

നീ ഇങ്ങോട്ട് വരണം, ഒരു കാര്യമുണ്ടെന്ന് അവർ എന്നെ വിളിച്ചു പറഞ്ഞു. പിന്നെ എന്റെ ഒരു ബന്ധു വിളിച്ചിട്ട് പറഞ്ഞു, നിന്നെ ഞങ്ങൾ കെട്ടിക്കാൻ പോവുകയാണെന്ന്. അങ്ങനെ കെട്ടിക്കാൻ എനിക്ക് പ്രായമായിട്ടില്ല, കെട്ടിക്കണ്ട സമയം ആകുമ്പോൾ ഞാൻ പറയാം എന്ന് ഞാനും പറഞ്ഞു. അഞ്ച് അമ്മാവൻമാരുണ്ട് സുമയ്ക്ക്. ഇവർ അ‍ഞ്ച് പേരും ഈ ബന്ധത്തെ എതിർത്തു.

ഒരു കാരണവശാലും ആ തെണ്ടിക്ക് നമ്മുടെ മോളെ കൊടുക്കാൻ പാടില്ല എന്നവർ പറഞ്ഞു. അവൻ കോളജിൽ പഠിക്കുമ്പോൾ ആൾക്കാരെയും തല്ലി, തെണ്ടി നടന്നവനാണ്. കേസൊക്കെയുള്ളവനാണ്, അങ്ങനെയൊരു ചട്ടമ്പിയ്ക്ക് മകളെ കൊടുക്കില്ല എന്നൊക്കെ അവർ പറഞ്ഞു. അപ്പോൾ എനിക്ക് സമാധാനമായി, രക്ഷപ്പെട്ടല്ലോ എന്ന് ഞാൻ ഓർത്തു. ആ സമയത്ത് സെന്റ് മേരിസിലെ പ്രീഡി​ഗ്രി ഒന്നാം വർഷ വിദ്യാർഥിനിയാണ് സുമ.

17 വയസോ മറ്റോ ഉള്ളൂ. ഞാൻ വിചാരിച്ചു സുമയോട് അഭിപ്രായം എന്താണെന്ന് ചോദിക്കാമെന്ന്. അങ്ങനെ ചെന്നൈയിൽ നിന്ന് ഞാൻ സുമയ്ക്ക് ഒരു നീല നിറത്തിലെ ഇൻലെന്റിൽ കത്തെഴുതി. നമ്മുടെ കാർന്നോൻമാരെല്ലാം കൂടിയിട്ട് ഇങ്ങനെയൊരു പദ്ധതി ഉണ്ടാക്കിയിട്ടുണ്ട്. നിന്റെ അഭിപ്രായം എന്താണെന്ന് ചോദിച്ച് ഒരു പാര​ഗ്രാഫ് മാത്രമുള്ള കത്തെഴുതി ഞാൻ അയച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ അമ്മ എന്നെ വിളിച്ചു. നീ എന്ന് മുതലാടാ പ്രേമ ലേഖനം എഴുതാൻ തുടങ്ങിയേ എന്ന് ചോദിച്ചു.

എനിക്ക് മനസിലായില്ല, എന്ന് ഞാൻ പറഞ്ഞു. നീ സുമയ്ക്ക് കത്തെഴുതിയോ എന്ന് വീണ്ടും ചോദിച്ചു. അപ്പോൾ ഞാൻ എഴുതിയെന്ന് പറഞ്ഞു. നീ എഴുതിയ കത്ത് പൊട്ടിക്കാതെ സുമ കൊണ്ടു പോയി അവളുടെ അമ്മയ്ക്ക് കൊടുത്തു. പേടിച്ചിട്ടാണ് അവളങ്ങനെ ചെയ്തത്. അവരത് തുറന്നു വായിക്കുന്നില്ല, അത് പ്രേമ ലേഖനമാക്കി. അങ്ങനെ ആ വഴിയും പരാജയപ്പെട്ടു. പിന്നെ അമ്മാവന് ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവിടെ പോയി കാര്യം പറയാം എന്ന് ഞാൻ വിചാരിച്ചു.

അങ്ങനെ ഞാൻ അദ്ദേഹത്തെ കാണാൻ പോയി, അദ്ദേഹം എന്നെ നോക്കിയിട്ട്, സിനിമാ സ്റ്റൈലിൽ പറഞ്ഞു, നിനക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ട കേട്ടോ. എനിക്ക് അങ്ങനെയൊരു മോഹം വന്നു, അതുകൊണ്ടാണ് പറഞ്ഞത്. നിന്റെ ഇഷ്ടങ്ങളൊക്കെ നീയാണ് തീരുമാനിക്കേണ്ടത് എന്ന്". - ദേവൻ പറഞ്ഞു.

"പിന്നെ വേറൊരു കാര്യം എന്താണെന്ന് വച്ചാൽ, സുമയുടെ കോളജിൽ പഠിക്കുന്ന മറ്റൊരു പെൺകുട്ടിയുമായി എനിക്ക് പ്രണയമുണ്ടായിരുന്നു. അത് സുമയ്ക്ക് അറിയാം. ഒരു കാരണം അതാണ്. അവൾക്കറിയാം ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന്.

സുമയ്ക്ക് ഇക്കാര്യം അറിയാമെന്ന കാര്യം എനിക്കറിയാം. കല്യാണം കഴിഞ്ഞാൽ അവൾ ഇക്കാര്യം പറഞ്ഞ് വല്ല പ്രശ്നവും ഉണ്ടാക്കുമോ എന്നതായിരുന്നു എന്റെ വേറൊരു ചിന്ത. പക്ഷേ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അത്ഭുതം തോന്നിയ ഒരു വ്യക്തിയാണ് സുമ".- ദേവൻ കൂട്ടിച്ചേർത്തു.

Cinema News: Actor Devan talks about his wife Suma.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT