അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് ലോകേഷ് കനകരാജ് നായകനായെത്തിയ 'ഡിസി' 50 കോടിയിലേക്ക് കടക്കുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രം 47 കോടിയാണ് ചിത്രം ഇതിനോടകം കളക്ട് ചെയ്തിരിക്കുന്നത്. നടൻ കൃഷ് ദയാലും (ശ്രീകൃഷ്ണ ദയാൽ) ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തിയിരുന്നു. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് എത്തിയപ്പോൾ ഭോജരാജ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് കൃഷ് ചിത്രത്തിലെത്തിയത്.
ലോകേഷും കൃഷും തമ്മിൽ കോമ്പിനേഷൻ രംഗങ്ങൾ നിരവധിയുണ്ടെങ്കിലും ദേവദാസിനെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന സീൻ പ്രേക്ഷകരെ വളരെയധികം ഇമോഷണൽ ആക്കിയിരുന്നു. ജനാല കമ്പിയിൽ പിടിച്ചു കൊണ്ട് കരയുന്ന ലോകേഷിന്റെ ആ ക്ലോസ് അപ് ഷോട്ട് സിംഗിൾ ടേക്ക് ആയിരുന്നുവെന്ന് പറയുകയാണ് കൃഷ് ഇപ്പോൾ.
അതോടൊപ്പം സെറ്റിൽ ഒരിക്കലും ലോകേഷ് എന്ന സംവിധായകനെ തനിക്ക് കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹത്തിലെ നടനെ മാത്രമാണ് താൻ കണ്ടതെന്നും കൃഷ് പറഞ്ഞു. സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കൃഷ് ഇക്കാര്യം പറഞ്ഞത്. "ഭയങ്കര വിനയത്തോടെ പെരുമാറുന്ന ആളാണ് ലോകേഷ്. അത്രയും താഴ്മയോടെ, എല്ലാം അംഗീകരിക്കുന്ന ഒരാളാണ് അദ്ദേഹം.
ശരിക്കും സെറ്റിൽ ഞങ്ങൾ ഒരു സംവിധായകനെയും ഒരു നടനെയും മാത്രമാണ് കണ്ടത്. അവിടെ സംവിധായകനായി അരുൺ മാതേശ്വരനെ മാത്രമേ കാണാൻ കഴിയൂ. ലോകേഷിനെ സംവിധായകനായി ഞങ്ങൾ സെറ്റിൽ കണ്ടിട്ടേയില്ല. ഒരു അഭിനേതാവ് അദ്ദേഹത്തിന്റെ ആദ്യ സിനിമ ചെയ്യുന്നു. പുതിയ കാര്യങ്ങൾ പഠിക്കാനും അറിവ് നേടാനും ശ്രമിക്കുന്നു.
അങ്ങനെയുള്ള ഒരു അഭിനേതാവിനെയാണ് ലോകേഷിൽ അവിടെ കാണാനായത്. നിങ്ങൾക്കെല്ലാവർക്കും എക്സ്പീരിയൻസ് ഉണ്ട്. നിങ്ങളെല്ലാവരും നന്നായി അഭിനയിക്കുന്നവരാണ്. ഞാനെന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരണം എന്നാണ് അദ്ദേഹം പറയാറ്. എല്ലാം പഠിക്കാൻ അദ്ദേഹം തയ്യാറാണ്.
മറ്റുള്ളവർ എങ്ങനെയാണ് ജോലി ചെയ്യുന്നത് എന്നൊക്കെ അദ്ദേഹം നിരീക്ഷിക്കും. അങ്ങനെയായിരുന്നു ലോകേഷ് സെറ്റിൽ. ജനൽ കമ്പിയിൽ പിടിച്ച് ലോകേഷ് കരയുന്ന ആ സീൻ സിംഗിൾ ടേക്കിൽ ആണ് എടുത്തത്. അതുകഴിഞ്ഞ് ഞങ്ങളെല്ലാവരും കയ്യടിച്ചു. സെറ്റിലുള്ള എല്ലാവരും കയ്യടിയായിരുന്നു. സിംഗിൾ ടേക്ക്, അദ്ദേഹത്തിന്റെ ക്ലോസ് ഷോട്ട്. കമ്പിയിൽ പിടിച്ച് കരയുന്നത്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, അദ്ദേഹം അതിശയിപ്പിക്കുന്ന നടനാണ്". - കൃഷ് ദയാൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates