കോഴിക്കോട്: മരക്കച്ചവടത്തിന്റെ പേരുകേട്ട സ്ഥലമായിരുന്നു കോഴിക്കോട്ടെ കല്ലായി. അവിടെ മരം അളക്കല്‍ ആയിരുന്നു മാമുക്കോയയുടെ പണി. ജീവിതം മുന്നോട്ടുപോകണമെങ്കില്‍ അന്ന് പണിക്ക് പോകാതെ നിവൃത്തിയില്ല. എന്നാല്‍ പഠനകാലത്തുതന്നെ നാടകത്തിലഭിനയിച്ചതോടെ അഭിനയം വിട്ടൊരു കളിയുമില്ലെന്ന് മാമുക്കോയ തിരിച്ചറിഞ്ഞു. മാമുക്കോയ എന്ന കല്ലായിലെ മരം അളവുകാരനും നാടക നടനും സിനിമയിലെ സജീവസാന്നിധ്യമാകുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. 
കെടി മുഹമ്മദ്, വാസു പ്രദീപ്, ബി മുഹമ്മദ്, എകെ പുതിയങ്ങാടി, കെടി കുഞ്ഞു, ചെമ്മങ്ങാട് റഹ്മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ഇതിനകം മാമുക്കോയക്ക് കഴിഞ്ഞു. 1979ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത അന്യരുടെ ഭൂമിയാണ് ആദ്യ ചലച്ചിത്രം. ആ ചിത്രത്തില്‍ ഒരു നിഷേധിയുടെ കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിച്ചത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അഞ്ചു വര്‍ഷത്തിനുശേഷം വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ 'സുറുമയിട്ട കണ്ണുകള്‍' എന്ന സിനിമയില്‍ മുഖം കാട്ടി.
സിബി മലയിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'ദൂരെദൂരെ ഒരു കൂടുകൂട്ടാം' എന്ന സിനിമയിലാണ് ആദ്യമായി മാമുക്കോയക്കു ശ്രദ്ധേയമായ ഒരു വേഷം ലഭിക്കുന്നത്. ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ തിരക്കഥ. സ്‌കൂള്‍ പശ്ചാത്തലത്തിലുള്ള കഥയില്‍ അറബി മുന്‍ഷിയുടെ വേഷമായിരുന്നു മാമുക്കോയക്ക്. സ്‌ക്രിപ്റ്റില്‍ രണ്ടുമൂന്ന് സീന്‍ മാത്രമുള്ള കഥാപാത്രം. എന്നാല്‍ ആ സീനുകളില്‍ മാമുക്കോയയുടെ പ്രകടനം വിസ്മയപ്പെടുത്തിയതോടെ കഥാപാത്രത്തിന്റെ സീന്‍ കൂട്ടി. അങ്ങനെ ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റി'ലെ മാമുക്കോയയുടെ കഥാപാത്രവും ഏറെ ശ്രദ്ധിച്ചു. ശ്രീനിവാസന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് ഈ വേഷം ലഭിച്ചത്. ഇതിനുപിന്നാലെ സത്യന്‍ അന്തിക്കാട്ശ്രീനിവാസന്‍ ടീമിന്റെ 'സന്മനസുള്ളവര്‍ക്ക് സമാധാനം' എന്ന സിനിമയിലെത്തി. അതു തീരാറായപ്പോഴേക്കും സിബി മലയിലിന്റെ മമ്മൂട്ടി ചിത്രം 'രാരീര'ത്തില്‍ അവസരം ലഭിച്ചു. പിന്നീട്. 'നാടോടിക്കാറ്റ്', 'വരവേല്‍പ്പ്', 'മഴവില്‍ക്കാവടി' തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം മാമുക്കോയ അളന്നെടുത്തു.
'പെരുമഴക്കാല'ത്തിലെ കഥാപാത്രത്തിന് 2004 ല്‍ സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. കേരള സര്‍ക്കാര്‍ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്‌കാരം ഏര്‍പ്പെടുത്തിയ 2008 ല്‍ അത് ലഭിച്ചത് മാമുക്കോയയ്ക്കായിരുന്നു, ചിത്രം 'ഇന്നത്തെ ചിന്താവിഷയം'. എഴുപത്തിയഞ്ചാം വയസ്സില്‍ 'കുരുതി' എന്ന ചിത്രത്തില്‍ മാമുക്കോയ അവതരിപ്പിച്ച 'മൂസ ഖാദര്‍' എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തില്‍ 450 ലേറെ കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കി. നാലു തമിഴ് ചലച്ചിത്രങ്ങളിലും ഒരു ഫ്രഞ്ച് സിനിമയിലും അഭിനയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates