കടുവ സിനിമയിൽ ഭിന്നശേഷിക്കാരായ കുട്ടികളേയും മാതാപിതാക്കളേയും ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം സിനിമയിൽ നിന്ന് നീക്കം ചെയ്തെന്ന് നടൻ പൃഥ്വിരാജ്. വിവാദ ഡയലോഗ് മാറ്റിയ പതിപ്പ് സെൻസർ ബോർഡിന് അപ്ലൈ ചെയ്തെന്നും അനുമതി കിട്ടിയാലുടൻ എല്ലാ അപ്ലോഡിനും പുതിയ കണ്ടന്റ് അയക്കുമെന്നും താരം പറഞ്ഞു. സിനിമയുടെ സംവിധായകൻ ഷാജി കൈലാസും തിരകഥാകൃത്ത് ജിനു വി എബ്രഹാമും ഉൾപ്പെടെ നടത്തിയ വാർത്താസമ്മേളനത്തിൽ താരം പരസ്യമായി മാപ്പ് പറയുകയും ചെയ്തു.
പൃഥ്വിരാജിന്റെ വാക്കുകൾ
ആദ്യം തന്നെ ഈ ഒരു ഡയലോഗ് കാരണം വേദനിച്ചിട്ടുള്ള എല്ലാവരോടും ഞങ്ങൾ ക്ഷമ ചോദിക്കുന്നു. എന്റെ പേരിലും ഈ സിനിമയുടെ പേരിലും അഗാധമായി ക്ഷമ ചോദിക്കുന്നു. ഇനി ഞാൻ പറയുന്ന കാര്യങ്ങൾ ഞങ്ങളുടെ തെറ്റിനെ ന്യായീകരിക്കുന്നതായിട്ടോ മറുവാദം പറയുന്നതായിട്ടോ കരുതരുത്. അത് ചെയ്ത സമയത്ത് എന്തായിരുന്നു ഞങ്ങളുടെ കാഴ്ചപ്പാട്, ഒരുപക്ഷെ ആ കാഴ്ചപാട് കാരണമായേക്കാം ഞങ്ങളത് മിസ് ചെയ്തത് എന്നതുകൊണ്ടാണ് ഇത് പറയുന്നത്.
"നമ്മൾ ചെയ്തുകൂട്ടുന്ന പാപങ്ങൾ ചിലപ്പോൾ നമ്മുടെ തലമുറകളായിരിക്കും അനുഭവിക്കുന്നത്" എന്നതായിരുന്നു ആ ഡയലോഗ്. അത് പറയുമ്പോൾ പ്രോബ്ലമാറ്റിക് ആയ പറയാൻ പാടില്ലാത്ത ഒരു കാര്യം കുര്യച്ഛൻ ജോസഫിനോട് പറയുന്നു എന്നുതന്നെയാണ് ആ സീനിൽ ഞങ്ങൾ ഉദ്ദേശിച്ചത്. അതുകൊണ്ടാണ് അതുകഴിഞ്ഞാലുടൻ ജോസഫ് വണ്ടിക്കകത്തിരുന്ന് ഛേ യൂ റൂയുൻഡ് മൈ ഡേ എന്ന് പറയുന്നത്, കുര്യച്ഛന്റെ അതുകഴിഞ്ഞാലുള്ള ഭാവം, ഓ അത് പറയണ്ടായിരുന്നു എന്നും ആണ്, ഇതാണ് സിനിമയിൽ ഞങ്ങൾ ഉദ്ദേശിച്ചത്. പക്ഷെ ഞങ്ങൾ മനസ്സിലാക്കുന്നു. ഈ സിനിമയിൽ നായക സ്ഥാനത്ത് നിൽക്കുന്ന കഥാപാത്രമായതുകൊണ്ട് ഈ സിനിമ ആ ആശയത്തോടൊപ്പം നിൽക്കുന്നു എന്ന് ഒരു പ്രേക്ഷകന് തോന്നിയാൽ, അവരെ കുറ്റം പറയാൻ പറ്റില്ല.
രണ്ടാമത്, എന്തുകൊണ്ടൊരു സ്‌പെഷ്യൽ ചെൽഡിനെ ആ വേഷത്തിനായി തെരഞ്ഞെടുത്തു എന്നതാണ്. ഞങ്ങൾക്ക് അതിന്റെ മറിച്ചുള്ള സാഹചര്യത്തെക്കുറിച്ച് ഓർത്തപ്പോഴാണ് ഒരു സംശയം തോന്നിയത്. കാരണം ഒരു സാധാരണ കുട്ടിയെ ഞങ്ങൾ അഭിനയിക്കാൻ വിളിച്ചിട്ട് ഡയലോഗിലൂടെ ഒന്നും പറയാതെ ഒരു നോട്ടത്തിലൂടെ ആ കുട്ടി ഒരു സ്‌പെഷ്യൽ ചൈൽഡാണെന്ന് വരുത്തിത്തീർക്കാൻ എന്തെങ്കിലും ചെയ്താൽ അതാകുമോ കുറ്റകരം എന്ന സംശയത്തിന്റെ പുറത്താണ് ഇങ്ങനെ ചിന്തിച്ചത്.
ഈ പ്രശ്‌നവും അതിൽ ഞങ്ങൾ തെറ്റുകാരാണ് എന്നുമുള്ള തിരിച്ചറിവും ഉണ്ടായതിന് ശേഷം ഉടൻ തന്നെ ഒരു മാപ്പ് പറയണം എന്ന് ഞങ്ങൾ തീരുമാനിച്ചു, ആ ഡയലോഗ് സിനിമയിൽ നിന്ന് മാറ്റണം എന്നും. ഇന്നത്തെ നിയമങ്ങൾ അനുസരിച്ച് ഒരു സിനിമയിൽ നിന്ന് ഒരു സംഭാഷണം എടുത്ത് മാറ്റണമെങ്കിൽ ആ സംഭാഷണം മാറ്റിയതിന് ശേഷം വീണ്ടുമത് സെൻസർ ബോർഡിന് അയക്കണം, സെൻസർ ബോർഡിന്റെ അനുമതി ലഭിക്കണം. ആ ഡയലോഗ് മാറ്റിയ വേർഷൻ സെൻസർ ബോർഡിന് അപ്ലൈ ചെയ്ത് ഇന്ന് കിട്ടും. കിട്ടിയാൽ ഉടൻതന്നെ, ഇന്ന് രാത്രിതന്നെ എല്ലാ അപ്ലോഡിനും ആ കണ്ടന്റ് ഞങ്ങൾ അയക്കും.
ഞങ്ങൾ തിരിച്ചറിയാത്ത, തിരിച്ചറിയേണ്ടിയിരുന്ന ഒരു തെറ്റ് അതിലുണ്ടെന്ന പൂർണ്ണതിരിച്ചറിവ് ഞങ്ങൾക്കെല്ലാവർക്കുമുണ്ട്. അതുകൊണ്ട് ടീമിന്റെ ഭാഗത്തുനിന്നും ആ ഡയലോഗ് പറഞ്ഞ നടൻ എന്ന നിലയിലും ഞാൻ മാപ്പ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates