Pavithra, Param Sundari  ഇൻസ്റ്റ​ഗ്രാം
Entertainment

'നല്ല പോലെ മലയാളം പറയുന്ന നടിയെ കണ്ടെത്താൻ ഇത്ര ബുദ്ധിമുട്ടുണ്ടോ?'; പരം സുന്ദരി ട്രെയ്‌ലറിനെ വിമർശിച്ച് നടി പവിത്ര മേനോൻ

ഒരു മലയാളി നടിയെ കണ്ടെത്താൻ കഴിയില്ലേ? നമുക്ക് കഴിവ് കുറവാണോ?

സമകാലിക മലയാളം ഡെസ്ക്

ജാൻവി കപൂർ, സിദ്ധാർഥ് മൽഹോത്ര എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പരം സുന്ദരി. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ചിത്രം ക്രിസ്തുമത വിശ്വാസത്തെ അവഹേളിക്കുന്നതാണെന്നാണ് ആരോപിച്ച് ക്രിസ്ത്യൻ സംഘടന രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ജാൻവി കപൂറിന്റെ കാസ്റ്റിങ്ങിനെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മലയാളി ​ഗായികയും നടിയുമായ പവിത്ര മേനോൻ.

മലയാളികൾ എല്ലായിടത്തും മുല്ലപ്പൂവ് ചൂടി മോഹിനിയാട്ടം കളിച്ചു നടക്കുന്നവരല്ല എന്നും എല്ലാവരെയും പോലെ സാധാരണ രീതിയിൽ സംസാരിക്കുന്നവരാണ് എന്നും പവിത്ര കുറിച്ചു. ‘ഒരു മലയാളി നടിയെ കണ്ടെത്താൻ ഇത്ര ബുദ്ധിമുട്ടാണോ’ എന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ പവിത്ര മേനോൻ ഒരു വിഡിയോയും പങ്കുവച്ചിരുന്നു. പവിത്രയുടെ വിമർശനം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

പവിത്ര പങ്കുവച്ച വിഡിയോ കോപ്പിറൈറ്റ് പ്രശ്നം പറഞ്ഞ് നീക്കം ചെയ്തിരിക്കുകയാണ് ‘പരം സുന്ദരി’യുടെ നിർമാതാക്കളായ മാഡോക് ഫിലിംസ്. പക്ഷേ, നടി വീണ്ടും വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘റി റിലീസ്ഡ്’ എന്ന ആമുഖത്തോടെയാണ് വീണ്ടും ആ വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. ജാൻവി കപൂറിനോട് ഒരു വിദ്വേഷവുമില്ലെന്നും മലയാളത്തെ ഇങ്ങനെ മോശമാക്കരുതെന്ന അഭ്യർഥനയെ ഉള്ളൂവെന്നും പവിത്ര പറയുന്നു.

‘‘എന്തിനാണ് കഷ്ടപ്പെടുന്നത്? ട്രെയ്‌ലറിനെക്കുറിച്ച് പറയുന്നതിനു മുൻപ് ഒരു കാര്യം. കഥാപാത്രത്തിന് അനുയോജ്യയായ ഒരു മലയാളി നടിയെ കണ്ടെത്താൻ ഇത്ര ബുദ്ധിമുട്ടുണ്ടോ?’’ എന്ന കുറിപ്പോടെയാണ് പവിത്ര വിഡിയോ പങ്കുവച്ചത്.

‘ഞാൻ പവിത്ര മേനോൻ, ഒരു മലയാളിയാണ്. പരം സുന്ദരിയുടെ ട്രെയ്‌ലർ കണ്ടു. സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യയായ ഒരു മലയാളി നടിയെ കണ്ടെത്താൻ കഴിയില്ലേ? നമുക്ക് കഴിവ് കുറവാണോ? കേരളത്തിൽ ഉള്ളവർ ആണെങ്കിൽ ഇങ്ങനെ ആയിരിക്കില്ല. മലയാളം സംസാരിക്കുന്നതു പോലെ നന്നായി എനിക്ക് ഹിന്ദിയും സംസാരിക്കാൻ കഴിയും.

90കളിലെ മലയാള സിനിമകളിൽ പഞ്ചാബികളെ കാണിക്കേണ്ടി വന്നപ്പോൾ നമ്മൾ അതിശയോക്തിപരമായി ‘ബല്ലേ ബല്ലേ’ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ 2025 ആണ്. ഒരു മലയാളി എങ്ങനെയാണ് സംസാരിക്കുന്നതെന്ന് ഇന്ന് എല്ലാവർക്കും അറിയാം. ഞങ്ങൾ എല്ലായിടത്തും മുല്ലപ്പൂവ് വച്ച് മോഹിനിയാട്ടം കളിച്ചു നടക്കുകയല്ല.’’– സിനിമാ ട്രെയ്‌ലറിൽ ജാൻവി കപൂർ സ്വയം പരിചയപ്പെടുത്തുന്നത് ചൂണ്ടിക്കാണിച്ചു കൊണ്ട് പവിത്ര പറയുന്നത് ഇങ്ങനെയാണ്.

ഹിന്ദിയിലാണ് പവിത്ര വിഡിയോയിൽ സംസാരിക്കുന്നത്. ‘‘ഒരു ഹിന്ദി സിനിമയിൽ ആ വേഷം ചെയ്യാൻ ഒരു മലയാളിയെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്’’ എന്ന് പവിത്ര മലയാളത്തിൽ കൂട്ടിച്ചേർക്കുകയും ചെയ്തു. ‘‘ജാൻവിയോട് എനിക്ക് വെറുപ്പില്ല, പക്ഷേ എന്തിനാണ് ഇങ്ങനെ അഭിനയിച്ച് സ്വയം പരിഹാസ്യയാകുന്നത്’’ എന്നായിരുന്നു വിഡിയോയുടെ അടിക്കുറിപ്പിൽ പവിത്ര കുറിച്ചത്.

മിലി, ജാക്ക് ആൻഡ് ഡാനിയേൽ തുടങ്ങിയ ചിത്രങ്ങളിൽ പാടിയിട്ടുള്ള ഗായികയാണ് പവിത്ര മേനോൻ. ‘സ്പിറ്റ് ഇറ്റ് ഔട്ട്’, ‘മാർഗോട്ട്’ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. തുഷാർ ജലോട്ട ആണ് പരം സുന്ദരി സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ രൺജി പണിക്കറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ മാസം 29ന് ചിത്രം തിയറ്ററുകളിലെത്തും.

Cinema News: Actress Pavithra Menon criticizes Param Sundari trailer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

'പട്ടാഭിഷേകത്തിനും രാജവാഴ്ചയ്ക്കും മുമ്പ്...'; ഗേ ആയും പേരില്ലാത്തവനായും താര രാജാവ്; ഷാരൂഖ് ഖാനിലെ നടനെ കണ്ടെത്തിയ ടെലി ഫിലിമുകള്‍

ഡെലിവറി ഡ്രൈവർമാർ ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പിഴ ലഭിക്കും; പുതിയ നിയമവുമായി ബഹ്‌റൈൻ

ചർമം തിളങ്ങും, പൊണ്ണത്തടി കുറയ്ക്കാം; ഉണക്കമുന്തിരി ഇങ്ങനെയൊന്ന് കഴിച്ചു നോക്കൂ

SCROLL FOR NEXT