ജേർണലിങ് ജീവിതത്തിന്റെ ഭാഗമാക്കിയ ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. ജേർണലിങ്ങിൽ ആത്മസംതൃപ്തി കണ്ടെത്തുന്ന നിരവധിയാളുകളുമുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി സാമന്ത. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി താൻ ജേർണലിങ് ചെയ്യുന്നുണ്ടെന്നും തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ നിമിഷങ്ങളിൽ നിന്ന് പുറത്തു കടക്കാൻ തന്നെ സഹായിച്ചത് ജേർണലിങ് ആണെന്നും സാമന്ത മുൻപ് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ താൻ ആദ്യം ചെയ്യുന്നത് ജേർണലിങ് ആണെന്ന് പറയുകയാണ് സാമന്ത. "ഞാൻ ജേർണലിങ് ചെയ്യാറുണ്ട്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റയുടൻ ഞാനെന്റെ ഡയറി എടുക്കും, എഴുതും.
എനിക്ക് എന്താണ് തോന്നുന്നത്, ഞാനെങ്ങോട്ടാണ് പോകുന്നത്, എങ്ങനെ ഇംപ്രൂവ് ചെയ്യാം അങ്ങനെ എല്ലാം... എനിക്ക് എന്താണോ തോന്നുന്നത് അതെല്ലാം എഴുതും. അത് എന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. ഞാൻ ശരിക്കും എനിക്ക് വേണ്ടി ദിവസം ഒരുക്കുന്നു. ഞാൻ വളരെയധികം ഫോക്കസ് ചെയ്യുന്ന ആളാണ്.
ഒരു ദിവസം എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ട്. ജേർണലിങ് നിങ്ങളെ ഒരുതരത്തിൽ സ്ഥിരപ്പെടുത്തുന്ന കാര്യമാണ്. ചിലപ്പോൾ നിങ്ങൾക്ക് ചില ലക്ഷ്യങ്ങൾ ഉണ്ടാകും, വലിയ ലക്ഷ്യങ്ങൾ. നിങ്ങൾ അവ വീണ്ടും ഉറപ്പിച്ചുകൊണ്ടേയിരിക്കും. അത് ചെയ്യുന്നു. എന്റെ വലിയ ലക്ഷ്യമെന്താണ് എന്ന കാര്യം എനിക്ക് പറയാൻ പറ്റില്ല". - ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സാമന്ത പറഞ്ഞു.
ജേർണലിങ് പരിശീലനം ആദ്യം സൂക്ഷ്മവും ലളിതവുമായി തോന്നിയേക്കാം, പക്ഷേ നിങ്ങൾ എല്ലാത്തിനെയും കാണുന്ന രീതി മാറ്റാൻ ഇതിന് ശക്തിയുണ്ട്. ഒന്ന് ശ്രമിച്ചു നോക്കൂ - ഇത് എനിക്ക് ഒരു ഗെയിം ചേഞ്ചർ ആയിരുന്നുവെന്നാണ് സാമന്ത ജേർണലിങ്ങിനെക്കുറിച്ച് ഒരിക്കൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മാ ഇൻടി ബംഗാരം ആണ് സാമന്തയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ജൂൺ 19 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.
തങ്ങളുടെ ചിന്തകളും വികാരങ്ങളും ദിവസേന ഒരു ഡയറിയിലോ ആപ്പിലോ എഴുതി വയ്ക്കുന്നതിനെയാണ് ജേർണലിങ് എന്ന് പറയുന്നത്. മാനസിക സമ്മർദ്ദം കുറയ്ക്കാനും, ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവരിക്കാനും, സർഗാത്മകത വളർത്താനും, സ്വയം കണ്ടെത്താനും വ്യക്തിപരമായ വളർച്ചയ്ക്കും ഇത് സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates