സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതിന് പിന്നാലെ ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നടി ശൈലജ പി അമ്പു. അതിക്രമങ്ങളോട് പ്രതികരിച്ചു കൊണ്ടിരുന്ന കുറഞ്ഞ ശതമാനം സ്ത്രീകളുടെ എങ്കിലും ധൈര്യത്തെ ഇല്ലാതാക്കാന്‍ ഇപ്പോള്‍ സംഘടിതമായി രംഗത്തിറങ്ങിയിട്ടുള്ള നല്ലവരായ ചേട്ടന്മാര്‍ ശ്രമിക്കുന്നുണ്ടെന്നാണ് ശൈലജ പറയുന്നത്.
ത്‌ന്റെ 45 വയസിനിടെ താന്‍ നേരിട്ടിട്ടുള്ള അതിക്രമങ്ങളെക്കുറിച്ച് കുറിപ്പില്‍ ശൈലജ പറയുന്നുണ്ട്. 18 കാരിയായ തന്റെ മകള്‍ ഇന്നും അനുഭവിക്കേണ്ടി വരുന്ന അതിക്രമങ്ങളെക്കുറിച്ചും ശൈലജ തുറന്നെഴുതുന്നുണ്ട്. ശൈലജയുടെ വാക്കുകളിലേക്ക്:
ബഹിരാകാശത്തേക്ക് ചെലവില്ലാതെ പോകാം എന്ന് നല്ല ധാരണയോടെയാണ് ഇത് എഴുതുന്നത്. ദീപക്കിന് ആദരാഞ്ജലികള്‍. ഷിംജിത മുസ്തഫയെ റിമാന്‍ഡ് ചെയ്തു. രണ്ടു വ്യക്തികളെയും എനിക്ക് വ്യക്തിപരമായി അറിയില്ല. ദീപക്കിന്റെ അച്ഛന്റെയും അമ്മയുടെയും ഉള്ളു പൊട്ടുന്ന വേദനയുടെ ഭാരം നമ്മുടേയും ഉറക്കം കെടുത്തി. 45 വയസ്സുവരെയുള്ള ജീവിതത്തിനിടയില്‍ സ്ത്രീയായ ഞാന്‍ അനുഭവിച്ച ചില കാര്യങ്ങള്‍ ഇവിടെ പറയാം.
ഏഴ് വയസ്സുള്ളപ്പോള്‍ എന്നെ എടുത്തുയര്‍ത്തി ഫ്രോക്കിനും ജട്ടിക്കും ഇടയിലൂടെ കൈ കടത്തിയ ഒരു ചേട്ടന്‍. മോഡല്‍ എല്‍പി സ്‌കൂളിലെ കഥാപ്രസംഗം പഠിപ്പിക്കാന്‍ വന്ന ഒരു കിളവന്‍ സാറ്. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിന്നിറങ്ങി ടാഗോര്‍ നഗര്‍ വഴി നടക്കുമ്പോള്‍ ഉദ്ധരിച്ച ലിംഗം പാന്‍സിന്റെ സിബ് തുറന്ന് വെളിയിലേക്ക് ഇട്ട് കടന്നുപോകുന്ന യുവാവ് . പിന്നെ ബസ്, ബസ്റ്റാന്‍ഡ് ,റെയില്‍വേ സ്റ്റേഷന്‍, തീവണ്ടി, ഉല്‍സവപ്പറമ്പ്, കല്ല്യാണ വീട്....ഏറ്റവും അവസാനത്തേത് കഴിഞ്ഞാഴ്ച എന്റെ ടൂവീലറില്‍ നിന്നിറങ്ങി ബസ്സിലേക്ക് കയറുന്ന എന്റെ മകളുടെ നെഞ്ചത്തേക്ക് തുറിച്ചു നോക്കുന്ന യുവാവ്. ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത അനുഭവങ്ങളിലൂടെയാണ് ഞാന്‍ ഉള്‍പ്പെടുന്ന ഓരോ സ്ത്രീയും കടന്നുപോകുന്നത്.
ആദ്യമൊക്കെ പകച്ചു പോയിട്ടുണ്ട്, ഒരു പ്രായത്തില്‍ പ്രതികരിച്ചു തുടങ്ങി. ഉറക്കെ അലറുകയും ,കരണത്തടിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷിതമല്ലാത്ത പൊതു ഇടങ്ങളില്‍ ഒറ്റയ്ക്ക് നടക്കാനുള്ള ധൈര്യം ഉണ്ടായതങ്ങനെയാണ് . വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യാന്‍ തോന്നാത്തത് എന്തെന്നാല്‍, സ്ത്രീയെ അധിക്ഷേപിക്കുന്നവന്റെ വീട്ടിലുള്ള അമ്മയെയും ,അച്ഛനെയും, ഭാര്യയേയും, മക്കളേയും ,സഹോദരങ്ങളെയും ഓര്‍ത്താണ്. ഇവനെ ഓര്‍ത്ത് തലവഴി മുണ്ടിട്ട് നടക്കാനുള്ള ഗതികേട് അവര്‍ക്ക് ഉണ്ടാകരുത് എന്ന് കരുതി മാത്രം.
മാറുമറയ്ക്കാനും, സ്‌കൂളില്‍ പോകാനും, ജോലിക്ക് പോകാനും, വണ്ടിയോടിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യം സ്ത്രീ ഉണ്ടാക്കിയെടുത്തത് പോരാട്ടങ്ങളിലൂടെ തന്നെയാണ്. അത് ഔദാര്യമല്ല. എന്റെ വ്യക്തിപരമായ, തികച്ചും വ്യക്തിപരമായ അഭിപ്രായത്തില്‍ ആ യുവതി ചെയ്യേണ്ടിയിരുന്നത് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇടുകയല്ല. അപ്പോള്‍ തന്നെ പ്രതികരിക്കുക എന്നുള്ളതാണ്. ഒരു പുരുഷന്റെ കൈ സ്വന്തം ശരീരത്തിലേക്ക് വരുന്നത് വരെ നോക്കി നില്‍ക്കേണ്ടതില്ല. മറ്റൊരു പെണ്ണിനോട് അപമര്യാദയായി പെരുമാറുമ്പോഴും പ്രതികരിക്കാം.
സമൂഹത്തില്‍ നടക്കുന്ന ഏത് നീതി കേടിനോടും നമുക്ക് പ്രതികരിക്കാം. പ്രതികരിക്കുന്ന സ്ത്രീകളെ സൊസൈറ്റി എങ്ങനെ കാണുന്നു എന്നുള്ളത് പ്രധാനമാണ്. ബഹുഭൂരിപക്ഷത്തെയും ഒറ്റപ്പെടുത്തും. സോഷ്യല്‍ മീഡിയയില്‍ ആണെങ്കില്‍ യാതൊരു മര്യാദയും ഇല്ലാതെ വ്യക്തിഹത്യ നടത്തും. പെണ്ണിന്റെ വസ്ത്രധാരണത്തെയും, സംസാരത്തെയും , നടത്തത്തെയും, സൗഹൃദങ്ങളെയും വെച്ചുവരെ അവള്‍ക്ക് മാര്‍ക്കിടും. സമൂഹം സ്ത്രീ സൗഹൃദപരം ഒന്നുമല്ല. തുല്യതയുമില്ല.
18 വയസ്സുള്ള എന്റെ മകള്‍ യാത്ര ചെയ്യുമ്പോള്‍ ഒരു കൈകൊണ്ട് ബസ്സില്‍ പിടിച്ച് നിന്നിട്ട് മറ്റൊരു കൈ കൊണ്ട് നെഞ്ച് സ്വയം മറച്ചുപിടിക്കും . അപ്പോളും പിന്നില്‍ നിന്ന് ആരെങ്കിലും വന്ന് ചേര്‍ന്ന് നില്‍ക്കുമോ എന്ന് ആലോചിക്കും. പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകളും ഇങ്ങനെയാണ്. ആക്രമിക്കപ്പെടുമോ എന്ന് പേടിയില്ലാതെ നടക്കാനും, ചിന്തിക്കാനും, സംസാരിക്കാനും ധൈര്യമുള്ള എത്ര സ്ത്രീകള്‍ ഉണ്ട് നമുക്ക് ചുറ്റും? സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ ധൈര്യമുള്ള എത്ര സ്ത്രീകളുണ്ട് നമ്മളുടെ ഇടയില്‍ ?
ദീപക്കിന്റെ മരണത്തിനുശേഷം ഒരു ട്രെന്‍ഡ് വന്നു . നല്ലവരായ പുരുഷന്മാരെ മുഴുവന്‍ നശിപ്പിക്കുന്നവരാണ് സ്ത്രീകള്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു ട്രെന്‍ഡ്. കമ്പി വേലിധരിച്ചും ,കാര്‍ബോര്‍ഡ് പെട്ടിക്കകത്ത് ഇറങ്ങിയും ബസ്സില്‍ യാത്ര പോകുന്ന മാന്യന്മാരായ ചേട്ടന്മാരുടെ വീഡിയോകള്‍. പുരുഷ മേധാവിത്വത്തിന് കുടപിടിച്ചു കൊടുക്കുന്ന കുറേ ചേച്ചിമാര്‍. (ഈ ചേച്ചിമാരും ഞാന്‍ പറഞ്ഞ പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് എന്നുള്ളത് ഉറപ്പു തന്നെയാണ്). 'ബസ്സില്‍ സ്ത്രീകളുണ്ട് പുരുഷന്മാര്‍ സൂക്ഷിക്കുക എന്നുള്ള പോസ്റ്ററുകള്‍'. ഇതൊക്കെ കണ്ടാല്‍ തോന്നും സമത്വ സുന്ദര സുരഭിലമായിരുന്ന ഈ ഭൂമി കുറേ ഒരുമ്പെട്ട സ്ത്രീകള്‍ ചേര്‍ന്ന് നശിപ്പിച്ചുവെന്ന്.
ഷിംജിത പോസ്റ്റ് ചെയ്ത ഒരു വീഡിയോ കൊണ്ട് ഒരു യുവാവ് ആത്മഹത്യ ചെയ്തു. സോഷ്യല്‍ മീഡിയ നീതിപീഠമല്ല. ഒരു കാര്യത്തിനും പരിഹാരം കാണാന്‍ സോഷ്യല്‍ മീഡിയയ്ക്ക് കഴിയുകയുമില്ല. ഇടപെടലുകള്‍ നടത്താന്‍ സോഷ്യല്‍ മീഡിയയ്ക്ക് കഴിയും.അവരെ അറസ്റ്റ് ചെയ്തു അന്വേഷണം നടക്കുന്നു. അത് സ്വാഗതാര്‍ഹമാണ്. പക്ഷേ അതിക്രമങ്ങളോട് പ്രതികരിച്ചു കൊണ്ടിരുന്ന ഒരു കുറഞ്ഞ ശതമാനം സ്ത്രീകളുടെ എങ്കിലും ധൈര്യത്തെ ഇല്ലാതാക്കാന്‍ ഇപ്പോള്‍ സംഘടിതമായി രംഗത്തിറങ്ങിയിട്ടുള്ള നല്ലവരായ ചേട്ടന്മാര്‍ ശ്രമിക്കുന്നുണ്ട്. 'ഭൂലോക അംഗവാലന്‍ കോഴികള്‍ ' വരെ ഷിംജിതയ്ക്ക് എതിരെ വാചാലരാവുകയാണ്. ഇതിനേക്കാള്‍ നല്ലൊരു അവസരം ആ ചേട്ടന്‍ മാര്‍ക്ക് വീണു കിട്ടാനില്ലല്ലോ. ആ കലാപരിപാടി തുടര്‍ന്നുകൊണ്ടിരിക്കും.
സ്ത്രീയുടെ മുഖത്തുനോക്കി സംസാരിക്കാന്‍ തൊട്ട്, മാന്യമായി അവരോട് പെരുമാറാന്‍ വരെ നമ്മള്‍ നമ്മുടെ ആണ്‍കുട്ടികളെ മനസ്സിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രതികരിക്കുക തന്നെ വേണം. സ്ത്രീകള്‍ പ്രതികരിക്കും എന്നുള്ള ഒരു ജാഗ്രത പുരുഷനുണ്ടാകുന്നതും വളരെ നല്ലതാണ്. ജീവിതം എല്ലാവര്‍ക്കും ഒരുപോലെ വിലപ്പെട്ടതാണ്. സമത്വത്തോടെയും, സൗഹാര്‍ദ്ദത്തോടെയും ജീവിക്കാനുള്ള ഇടം നമുക്കുണ്ടാവണം. അത് നമ്മള്‍ ഒരുമിച്ച് വിചാരിച്ചാലേ ഉണ്ടാവൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates