ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു തനുശ്രീ ദത്ത. ആഷിഖ് ബനായ എന്ന ഒറ്റ ചിത്രത്തിലൂടെ വൻ തരംഗമാണ് തനുശ്രീ സൃഷ്ടിച്ചത്. പിന്നാലെ വന്ന ഡോല്‍, ഭാഗം ഭാഗ്, ഗുഡ് ബോയ് ബാഡ് ബോയ് തുടങ്ങിയ സിനിമകളൊക്കെ തനുശ്രീയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റി. കുറച്ചു വർഷങ്ങൾക്ക് മുൻപ് നടൻ നാന പട്നേക്കറിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയതോടെ തനുശ്രീ വീണ്ടും വർത്തകളിൽ നിറഞ്ഞു.
സ്വന്തം വീട്ടില്‍നിന്ന് കടുത്ത ഉപദ്രവം നേരിടുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് തനുശ്രീ ഇപ്പോൾ. വിഡിയോ സന്ദേശത്തിലൂടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2018 മുതല്‍ താന്‍ ഉപദ്രവിക്കപ്പെടുന്നുണ്ടെന്നും. പൊലീസിന്റെ സഹായം തേടിയതായും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ദുരിതം വിവരിക്കുന്ന വിഡിയോ ചൊവ്വാഴ്ച രാത്രിയാണ് അവര്‍ പങ്കുവെച്ചത്. മീ ടൂ വിവാദത്തില്‍ ശക്തമായ നിലപാടെടുത്തത് മുതല്‍ തനിക്കെതിരായ ഉപദ്രവം തുടരുകയാണെന്ന് അവര്‍ പറഞ്ഞു. തന്റെ വീട്ടിലെ അനാവശ്യമായ കടന്നുകയറ്റങ്ങളെക്കുറിച്ച് ഔദ്യോഗികമായി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുമെന്നും കണ്ണീരോടെ അവര്‍ പറഞ്ഞു.
"സുഹൃത്തുക്കളെ, ഞാന്‍ എന്റെ സ്വന്തം വീട്ടില്‍ ഉപദ്രവിക്കപ്പെടുകയാണ്. പീഡിപ്പിക്കപ്പെടുന്നു. ഞാന്‍ പൊലീസിനെ വിളിച്ചു. സ്റ്റേഷനിലെത്തി കൃത്യമായ പരാതി നല്‍കാന്‍ അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എനിക്ക് ഇന്ന് സുഖമില്ല. നാളെ പോയി പരാതി നല്‍കും. കഴിഞ്ഞ 4-5 വര്‍ഷമായി എന്നെ വളരെയധികം ഉപദ്രവിച്ചു. എന്റെ ആരോഗ്യം മോശമായി. എനിക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല.
എന്റെ വീട് ആകെ അലങ്കോലമായി കിടക്കുകയാണ്. എനിക്ക് വീട്ടുജോലിക്കാരെ നിയമിക്കാന്‍ പോലും കഴിയില്ല. കാരണം അവര്‍ എന്റെ വീട്ടില്‍ ജോലിക്കാരെ നിയോഗിച്ചു... ജോലിക്കാര്‍ വന്ന് മോഷ്ടിക്കുന്നു. തോന്നുന്നതു പോലെ പ്രവര്‍ത്തിക്കുന്നു. വളരെ മോശം അനുഭവങ്ങള്‍ എനിക്കുണ്ടായി. എന്റെ എല്ലാ ജോലികളും ഞാന്‍ തന്നെ ചെയ്യണം. എന്റെ സ്വന്തം വീട്ടില്‍ ഞാന്‍ ബുദ്ധിമുട്ടുകയാണ്. ദയവായി ആരെങ്കിലും എന്നെ സഹായിക്കൂ." - നടി പറയുന്നു.
പശ്ചാത്തലത്തില്‍ ചില ശബ്ദങ്ങള്‍ കേള്‍ക്കുന്ന മറ്റൊരു വിഡിയോയും തനുശ്രീ പങ്കുവച്ചിട്ടുണ്ട്. '2020 മുതല്‍ മിക്കവാറും എല്ലാ ദിവസവും അസമയത്ത് ഇതുപോലുള്ള ഉച്ചത്തിലുള്ള ശബ്ദങ്ങളും എന്റെ മേല്‍ക്കൂരയ്ക്ക് മുകളിലും വാതിലിന് പുറത്തും വളരെ ഉച്ചത്തിലുള്ള മുട്ടലുകളും ഞാന്‍ നേരിട്ടിട്ടുണ്ട്! ബില്‍ഡിംഗ് മാനേജ്മെന്റിനോട് പരാതിപ്പെട്ട് ഞാന്‍ മടുത്തു, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത് ഉപേക്ഷിച്ചു'.- തനുശ്രീ വിഡിയോയ്ക്കൊപ്പം കുറിച്ചു.
താന്‍ ക്രോണിക് ഫെറ്റീഗ് സിന്‍ഡ്രോം എന്ന രോഗാവസ്ഥയിലാണെന്നും മാനസികാരോഗ്യം നിലനിര്‍ത്താന്‍ മന്ത്രങ്ങള്‍ ജപിക്കാറുണ്ടെന്നും ദത്ത അവകാശപ്പെട്ടു. 'ഇന്ന് എനിക്ക് ഒട്ടും സുഖമില്ലായിരുന്നു, നിങ്ങള്‍ക്കറിയാവുന്നതുപോലെ കഴിഞ്ഞ 5 വര്‍ഷമായി നിരന്തരമായ സമ്മര്‍ദ്ദവും ഉത്കണ്ഠയും നേരിട്ടതിന്റെ ഫലമായി എനിക്ക് ക്രോണിക് ഫെറ്റീഗ് സിന്‍ഡ്രോം ഉണ്ടായി.
ഞാന്‍ എന്താണ് നേരിടുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. എഫ്ഐആറില്‍ ഞാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും തനുശ്രീ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates