പാ രഞ്ജിത് ചിത്രം വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റർ എസ് മോഹൻരാജ് മരിച്ച സംഭവം സിനിമാ ലോകത്ത് വലിയ ചർച്ചയായി മാറിയിരുന്നു. സംഘട്ടന കലാകാരൻമാരുടെ സുരക്ഷയെ സംബന്ധിച്ചായിരുന്നു ചർച്ചകളേറെയും. ഇപ്പോഴിതാ സംവിധായകൻ വിക്രം സിങ് ദഹിയ നടത്തിയ ഒരു തുറന്നുപറച്ചിലാണ് സിനിമാ ലോകത്ത് ചർച്ചയായി മാറുന്നത്.
ബോളിവുഡില്‍ 700 ഓളം സംഘട്ടന കലാകാരന്മാര്‍ക്കായി അക്ഷയ് കുമാര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ദഹിയ പറയുന്നത്. "ബോളിവുഡിലെ 650 മുതല്‍ 700-ഓളം വരുന്ന സ്റ്റണ്ട് മാന്‍മാര്‍ക്കായി ഇപ്പോള്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്ഷയ് സാറാണ് ഇതിന് പിന്നില്‍. ആരോഗ്യ- അപകട പരിരക്ഷയാണ് ഉറപ്പുവരുത്തിയിരിക്കുന്നത്.
സെറ്റിലോ പുറത്തോ വെച്ച് സ്റ്റണ്ട്മാന് പരിക്കേറ്റാല്‍ അഞ്ചര ലക്ഷം രൂപവരെ സൗജന്യ ചികിത്സ ലഭിക്കും", എന്നാണ് ദഹിയ പറഞ്ഞത്. അപകടമരണത്തിന് 25 ലക്ഷം രൂപ കുടുംബത്തിന് ഇന്‍ഷുറന്‍സില്‍ നിന്ന് നല്‍കും. നേരത്തെ ഇങ്ങനെയൊരു ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല.
അക്ഷയ് കുമാര്‍ അതിന് വേണ്ടി നിലപാടെടുത്തു എന്നുമാത്രമല്ല, പണം കണ്ടെത്താനും സഹായിച്ചു. സ്റ്റണ്ട്മാന്‍മാര്‍ അനുഭവിക്കുന്നത് എന്താണെന്ന് നേരിട്ട് അറിയാവുന്ന ആളാണ് അദ്ദേഹമെന്നും സംവിധായകന്‍ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ സഹായിച്ച അക്ഷയ് കുമാറിനെ മൂവി സ്റ്റണ്ട് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അജാസ് ഖാന്‍ പ്രശംസിച്ചു.
'നിരവധി അംഗങ്ങളെ സഹായിച്ചിട്ടുള്ള പോളിസിക്ക് കഴിഞ്ഞ എട്ട് വര്‍ഷമായി അക്ഷയ് കുമാറിന്റെ സ്വന്തം പോക്കറ്റില്‍ നിന്നാണ് ഫണ്ട് ചെയ്യുന്നത്. ഇത് സംഘട്ടന കലാകാരന്മാര്‍ക്ക് ശരിക്കും ഗുണം ചെയ്തു', അജാസ് ഖാന്‍ പറഞ്ഞു. 2017 മുതലാണ് ഈ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates