ബോളിവുഡിനെ രണ്ടായി തിരിക്കാം. ഷോലെയ്ക്ക് മുമ്പും ഷോലെയ്ക്ക് ശേഷവും. ഇന്ത്യന്‍ സിനിമയിലെ തന്നെ നാഴികക്കല്ലുകളിലൊന്നാണ് ഷോലെ. അമിതാഭ് ബച്ചനും ധര്‍മ്മേന്ദ്രയും സഞ്ജീവ് കുമാറും ഹേമ മാലിനിയും ജയ ഭാദുരിയുമെല്ലാം പ്രധാന വേഷങ്ങളിലെത്തിയ സിനിമ. എന്നാല്‍ ഇന്നും ഷോലെ എന്ന് കേള്‍ക്കുമ്പോള്‍ ആരാധകരുടെ മനസിലേക്ക് ആദ്യം കടന്നു വരിക ഒരു പതിഞ്ഞ ശബ്ദമായിരിക്കും. 'അരേ ഓ സാമ്പാ, കിത്‌നേ ആദ്മി ദേ?' എന്ന് ചോദിക്കുന്ന ഗബ്ബര്‍ സിങിന്റെ ശബ്ദം.
ഇന്ത്യന്‍ സിനിമയുടെ വില്ലന്‍ സങ്കല്‍പ്പങ്ങളെയെല്ലാം പൊളിച്ചെഴുതിയ, എക്കാലത്തേയും വലിയ വില്ലനാണ് ഗബ്ബര്‍ സിങ്. ഗബ്ബറിനെ അനശ്വരനാക്കിയത് നടന്‍ അംജദ് ഖാന്‍ ആണ്. തലമുറകള്‍ക്കിപ്പുറവും അംജദ് ഖാനും ഗബ്ബര്‍ സിങും തലയുയര്‍ത്തി നില്‍ക്കുകയാണ്.
ഷോലെയ്ക്കുള്ള അംജദിന്റെ യാത്ര നാടകീയമായിരുന്നു. അരങ്ങേറ്റ ചിത്രത്തിന് ശേഷം അവസരങ്ങള്‍ തേടിയെത്താതെ വന്നതോടെ കടുത്ത നിരാശയിലായിരുന്നു അംജദ് ഖാന്‍. ഗര്‍ഭിണിയായ ഭാര്യയുടെ ആശുപത്രി ചെലവിനുള്ള പണം പോലുമുണ്ടായിരുന്നില്ല അംജദിന്റെ പക്കല്‍. ഒരിക്കലൊരു അഭിമുഖത്തില്‍ അംജദിന്റെ അപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മകന്‍ ഷദാബ് ഖാന്‍ സംസാരിച്ചിരുന്നു.
''ഞാന്‍ ജനിച്ചപ്പോള്‍ അമ്മയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആക്കാന്‍ പോലും അദ്ദേഹത്തിന്റെ പക്കല്‍ പണമുണ്ടായിരുന്നില്ല. അമ്മ കരയാന്‍ തുടങ്ങി. നാണക്കേട് കാരണം മുഖം കാണിക്കാന്‍ പറ്റാതെ അദ്ദേഹം ആശുപത്രിയിലേക്ക് വന്നത് പോലുമില്ല'' എന്നാണ് ഷദാബ് പറയുന്നത്. നാനൂറ് രൂപയായിരുന്നു ആശുപത്രിയില്‍ ബില്ല് അടക്കേണ്ടിയിരുന്നത്. അന്ന് അംജദിനെ സഹായിക്കുന്നത് സംവിധായകന്‍ ചേതന്‍ ആനന്ദ് ആണ്.
പക്ഷെ അംജദിന്റെ ജീവിതത്തിലേക്ക് മകനൊപ്പം ഭാഗ്യവും അന്ന് കടന്നു വന്നു. മകന്‍ ജനിച്ച അന്നാണ് അംജദ് ഷോലെയില്‍ അഭിനയിക്കാനുള്ള കരാറില്‍ ഒപ്പിടുന്നത്. സ്ട്രഗ്‌ളിങ് ആക്ടറില്‍ നിന്നും ഇന്ത്യന്‍ സിനിമയിലെ സെന്‍സേഷനായി മാറുകയായിരുന്നു അംജദ്. നേരത്തെ ഷോലെയുടെ സംവിധായകന്‍ രമേശ് സിപ്പിയും എഴുത്തുകാരായ സലീം-ജാവേദും ഗബ്ബറായി തീരുമാനിച്ചിരുന്നത് ഡാന്നി ഡെന്‍സോന്‍ഗ്പയെയായിരുന്നു. എന്നാല്‍ അവസാന നിമിഷം ഡാന്നിയുടെ ഡേറ്റിനെ ചൊല്ലി ചില പ്രതിസന്ധികള്‍ ഉടലെടുക്കുകയായിരുന്നു.
ഷോലെയ്ക്ക് ശേഷം സത്യജിത് റേയുടെ ശത്രംജ് കി കില്ലാഡി, ഹം കിസിസെ കം നഹീന്‍, ഇന്‍കാര്‍, ഗംഗ കി സൗഗന്ധ്, മുക്കന്ദര്‍ കാ സിക്കന്ദര്‍, സട്ടെ പേ സട്ട തുടങ്ങി നിരവധി സിനിമകളില്‍ അംജദ് അഭിനയിച്ചു. 1992 ജൂലൈ 27 നാണ് അംജദ് ഖാന്‍ മരണപ്പെടുന്നത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 51 വയസായിരുന്നു. കെട്ടിയാടാന്‍ ഇനിയും ഒരുപാട് വേഷങ്ങള്‍ ബാക്കി വച്ചാണ് അംജദ് ഖാന്‍ യാത്രയായത്. ഓഗസ്റ്റ് 15ന് ഷോലെ പുറത്തിറങ്ങിയിട്ട് 50 വര്‍ഷം തികയുകയാണ്. സിനിമാ ലോകം ഷോലെയെ ആഘോഷിക്കുമ്പോള്‍, പ്രിയങ്കരനായ അംജദ് ഖാന്റെ അഭാവം നല്‍കുക കനത്ത വേദനയാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates