അനശ്വര രാജൻ ഫെയ്സ്ബുക്ക്
Entertainment

'ഈ സിനിമയുടെ ഒരേയൊരു പ്രൊമോഷന്‍ ഇന്‍റര്‍വ്യൂ എന്‍റേതാണ്; പ്രതികരിക്കില്ലെന്നാണോ വിചാരം?' നിയമപരമായി നീങ്ങുമെന്ന് അനശ്വര

അങ്ങനെയിരിക്കെ എന്‍റെ പേര് മാത്രം വലിച്ചിഴയ്ക്കുന്നത് വഴി വ്യക്തിപരമായും സിനിമയ്ക്കും ഗുണം ചെയ്യും എന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്?

സമകാലിക മലയാളം ഡെസ്ക്

നടി അനശ്വര രാജനെതിരെ കഴിഞ്ഞ ദിവസം സംവിധായകൻ ദീപു കരുണാകരന്‍ ആരോപണവുമായി രം​ഗത്തെത്തിയിരുന്നു. തന്റെ പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‍ലര്‍ എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി അനശ്വര സഹകരിക്കുന്നില്ലെന്നായിരുന്നു സംവിധായകന്റെ ആരോപണം. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അനശ്വര രാജന്‍. ഇന്‍സ്റ്റ​ഗ്രാമിലൂടെയാണ് അനശ്വരയുടെ പ്രതികരണം.

"തികച്ചും വേദനാജനകമായ ചില സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നതിനാലാണ് ഈ കുറിപ്പ് എഴുതേണ്ടിവരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംവിധായകന്‍ ശ്രീ ദീപു കരുണാകരന്‍ പല മാധ്യമങ്ങളിലും ഞാന്‍ പ്രൊമോഷന് സഹകരിക്കില്ല എന്ന് ഇന്‍റര്‍വ്യൂകള്‍ നല്‍കി എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി വരുന്നുണ്ട്. അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ച മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‍ലര്‍ എന്ന ചിത്രം 2024 ഓഗസ്റ്റില്‍ റിലീസ് പ്ലാന്‍ ചെയ്തതാണ്.

ആദ്യം തന്നെ, കൃത്യമായി കാശെണ്ണി പറഞ്ഞ്, ചോദിച്ച് വാങ്ങിയിട്ടാണ് പലപ്പോഴും ഞാന്‍ ഷൂട്ടിനുപോലും വന്നിട്ടുള്ളത് എന്ന അദ്ദേഹത്തിന്‍റെ പരാമര്‍ശത്തെക്കുറിച്ച്- സിനിമയുടെ ഷൂട്ട് സമയത്ത് പേയ്മെന്‍റ് ഇഷ്യൂ വന്നപ്പോള്‍ പ്രൊഡ്യൂസര്‍ പണം അക്കൗണ്ടിലേക്ക് ഇടാതെ റൂമില്‍ നിന്നും ഇറങ്ങേണ്ട എന്ന് ദീപു പറഞ്ഞപ്പോഴും ഷൂട്ട് നിര്‍ത്തിവെക്കേണ്ട ഒരു അവസ്ഥയിലും ഷൂട്ട് തീരട്ടെ എന്ന് പറഞ്ഞ് മുന്‍കൈ എടുത്ത് ഇറങ്ങിയ എന്‍റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യും വിധം ശ്രീ ദീപുവിന്‍റെ കാശെണ്ണിക്കൊടുത്തിട്ടാണ് എന്ന അത്രയും മോശം പരാമര്‍ശം അദ്ദേഹത്തെപ്പോലെ സിനിമ തൊഴിലാക്കിയ എന്നെ പ്രൊഫഷണലി എന്നതിനപ്പുറം വൈകാരികമായി ഏറെ വിഷമിപ്പിച്ചു.

കാരക്റ്റര്‍ പോസ്റ്റര്‍, ട്രെയ്‌ലർ എന്നിവ ഞാന്‍ എന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലും എല്ലാ പോസ്റ്റുകളും ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ എന്‍റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിനെ ഫാന്‍സ് കൈകാര്യം ചെയ്യുന്ന ഏതോ ഒരു പേജ് എന്ന തെറ്റായ ധാരണ പടര്‍ത്തുകയും, പടത്തിലെ പ്രധാന അഭിനേതാവും സംവിധായകനും കാല് പിടിച്ചു പറഞ്ഞിട്ട് പോലും ഞാന്‍ പ്രൊമോഷന് വരാന്‍ തയ്യാറായില്ല എന്ന് അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി.

എന്നാല്‍ റിലീസ് തീയതിക്ക് തൊട്ട് മുന്‍പേ സിനിമയുടെ ഭാഗമായി ഞാന്‍ ഇന്‍റര്‍വ്യൂ കൊടുത്തിട്ടുണ്ട്. ഓണ്‍ലൈനില്‍ ഈ സിനിമയുടേതായ ഒരേയൊരു പ്രൊമോഷന്‍ ഇന്‍റര്‍വ്യൂ എന്‍റേത് മാത്രമാണ്. ശേഷം ടീമിന്‍റെ ഭാഗത്തുനിന്ന് ഒരു തരത്തിലും അപ്ഡേറ്റ്സ് ഞങ്ങള്‍ക്ക് വന്നിട്ടില്ല. റിലീസിന് 2 ദിവസം മുന്‍പ് ഞങ്ങള്‍ അവരെ കോണ്ടാക്റ്റ് ചെയ്തപ്പോള്‍ റിലീസ് മാറ്റിവച്ചു എന്നും ചില പ്രശ്നങ്ങള്‍ പരിഹരിക്കാതെ റിലീസ് ഉണ്ടാവില്ല എന്നും അറിയിച്ചു. അതും അങ്ങോട്ട് വിളിച്ചപ്പോള്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ നമുക്ക് അറിയാന്‍ കഴിഞ്ഞത്.

അതിനുശേഷം ഒരിക്കല്‍പ്പോലും ഈ ചിത്രം റിലീസ് ആകാന്‍ പോകുന്നുവെന്ന് ഔദ്യോഗികമായ സ്ഥിരീകരണം എന്നെ അറിയിച്ചിട്ടില്ല. എന്നാല്‍ പൊടുന്നനെ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് എന്നെയും എന്‍റെ അമ്മ, മാനേജര്‍ തുടങ്ങിയവരെ ആക്ഷേപിക്കുന്ന സ്റ്റേറ്റ്മെന്‍റ്സ് ആണ് ശ്രീ ദീപു പറയുന്നത്. എന്ന് റിലീസ് ആണെന്ന്, ഇന്ന് പോലും എനിക്ക് അറിവില്ലാത്ത ഒരു ചിത്രത്തിന്‍റെ പ്രൊമോഷനെ ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങള്‍ ഉന്നയിക്കുന്ന സംവിധായകന്‍, ഇതേ സിനിമയ്ക്ക് വേണ്ടി യാതൊരുവിധ പ്രൊമോഷന്‍, ഇന്‍റര്‍വ്യൂ കൊടുക്കാതെ ഈ അവസരത്തില്‍ എന്‍റെ കരിയറിനെ മോശമായി ബാധിക്കണമെന്ന ദുരുദ്ദേശത്തോടെ തന്നെ കൊടുത്തതാണ് ഈ നെഗറ്റീവ് അഭിപ്രായങ്ങളെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ശ്രീ ദീപു കൊടുത്ത ഒരു അഭിമുഖത്തില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയ ചില അഭിനേതാക്കള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ആ സംഭവങ്ങളും പേരുകളും ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ലെന്നും അത് സിനിമയ്ക്കും വ്യക്തിപരമായും ഗുണം ചെയ്യില്ലെന്നും പറഞ്ഞിരുന്നു. അങ്ങനെയിരിക്കെ എന്‍റെ പേര് മാത്രം വലിച്ചിഴയ്ക്കുന്നത് വഴി വ്യക്തിപരമായും സിനിമയ്ക്കും ഗുണം ചെയ്യും എന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്?

അതൊടൊപ്പം അദ്ദേഹത്തിന്‍റെ ഷൂട്ട് സമയത്ത് പേയ്മെന്‍റ് കിട്ടാതെ, കാരവാനില്‍ നിന്നും പുറത്തിറങ്ങാതെ, കൃത്യസമയത്ത് ഷൂട്ടിന് എത്തി സഹകരിക്കാത്ത ദുരനുഭവങ്ങള്‍ മറ്റ് അഭിനേതാക്കളില്‍ നിന്നും, നടന്മാരില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്നും പരാമര്‍ശിച്ചിട്ടുണ്ട്.

എന്നാല്‍ അവരുടെ പേരുകള്‍ ഒഴിവാക്കി കേവലം ഇന്‍സ്റ്റഗ്രാമില്‍ മ്യൂസിക് പോസ്റ്റര്‍ ഷെയര്‍ ചെയ്തില്ല എന്ന് വിമര്‍ശിച്ച് എന്‍റെ പേര് മാത്രം പരസ്യമായി പറയുകയും മേല്‍പ്പറഞ്ഞ അഭിനേതാക്കളുടെ പേരുകള്‍ പറയാതെ താരതമ്യേന പുതുമുഖവും പെണ്‍കുട്ടിയുമായ എന്‍റെ പേര് പറഞ്ഞതിലൂടെ ഞാന്‍ പ്രതികരിക്കില്ല എന്ന മനോഭാവമാവാം. ഒരു സ്ത്രീ എന്ന വിക്റ്റിം കാര്‍ഡ് ഉപയോഗിക്കാന്‍ ഞാന്‍ ഇവിടെ താല്‍പര്യപ്പെടുന്നില്ല.

ഞാന്‍ അംഗമായ അമ്മ അസോസിയേഷനില്‍ പരാതിക്കത്ത് ഇതിനകം നല്‍കിയിട്ടുണ്ട്. ഇനിയും ഈ വിഷയം മുന്നോട്ട് കൊണ്ടുപോയി, എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ശ്രീ ദീപു ഉന്നയിച്ചാല്‍ ഔദ്യോഗികമായിത്തന്നെ ഈ വിഷയത്തെ നേരിടാനാണ് എന്‍റെ തീരുമാനം. ഒപ്പം ഈ വിഷയത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാര്യങ്ങളുടെ സത്യാവസ്ഥ അറിയാതെ അടിസ്ഥാനരഹിതമായ അഭിപ്രായങ്ങള്‍ ഉന്നയിച്ച് എന്നെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്തകള്‍ പുറത്തുവിടുന്ന യുട്യൂബ് ചാനല്‍, വ്ലോഗേഴ്സ് എന്നിവര്‍ക്കെതിരെ നിയമപരമായി നീങ്ങുകയാണ്.

എനിക്ക് ചെയ്തുതീര്‍ക്കേണ്ടതായ മറ്റുള്ള കമ്മിറ്റ്മെന്‍റ്സ് ഇരിക്കെ, മുന്‍കൂട്ടി അറിയിച്ചാല്‍ ഇപ്പോഴും ഈ സിനിമയുടെ പ്രൊമോഷന് എത്താന്‍ ഞാന്‍ തയ്യാറാണ്. ഈ വര്‍ഷം ഇറങ്ങിയ എന്‍റെ മൂന്ന് സിനിമകളുടെ പ്രൊമോഷനുകളുടെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസങ്ങളായി മറ്റ് കമ്മിറ്റ്മെന്‍റുകള്‍ മാറ്റിവച്ച് പ്രൊമോഷന് പങ്കെടുത്തിരുന്ന വ്യക്തി എന്ന നിലയില്‍ ഞാന്‍ ഭാഗമാവുന്ന സിനിമയ്ക്ക് ആവശ്യമായ പ്രൊമോഷന് പങ്കെടുക്കുന്നത് ആ സിനിമയുമായുള്ള എന്‍റെ കരാറില്‍ ഉപരി എന്‍റെ ഉത്തരവാദിത്തമാണെന്ന തികഞ്ഞ ബോധ്യമുള്ള വ്യക്തിയാണ് ഞാന്‍. നന്ദി", അനശ്വര രാജന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

കോഴിക്കോട് ഭൂചലനം: അസാധാരണമായ ശബ്ദം ഉണ്ടായതായി പ്രദേശവാസികള്‍

SCROLL FOR NEXT