രജനികാന്തിന്റേതായി തെന്നിന്ത്യ ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് 'ജയിലർ 2'. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സിംഗിൾ പ്രൊമോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാൽ പാട്ടിന് വലിയ തോതിലുള്ള വിമർശനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളമെന്ന പേരില്‍ വേറെ ഏതോ ഒരു ഭാഷയിലാണ് അനിരുദ്ധ് പാടുന്നത് എന്നാണ് പലരും കുറിക്കുന്നത്.
ഷംന കാസിമും (പൂർണ) സംഘവും അവതരിപ്പിക്കുന്ന പാട്ടിലെ ഹുക്ക് ലൈന്‍ അനിരുദ്ധാണ് പാടിയിരിക്കുന്നത്. മലയാളം ടച്ചുള്ള ലൊക്കേഷനാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പ്രൊമോയില്‍ നിന്ന് വ്യക്തമാണ്. അനിരുദ്ധ് പാടുന്ന പോര്‍ഷനാണ് വിമര്‍ശനം ലഭിക്കുന്നത്. മലയാളം അറിയില്ലെങ്കില്‍ ഇങ്ങനെ മലയാളത്തില്‍ പാടാന്‍ ശ്രമിക്കണോ എന്നാണ് പ്രൊമോയ്ക്ക് നേരെയുള്ള പ്രധാന വിമര്‍ശനം.
'മലയാളം പാടാനറിയാവുന്ന ആരെയെങ്കിലും വെച്ച് പാടിച്ചാല്‍ പോരെ' എന്നും ചിലര്‍ ചോദിക്കുന്നു. മുൻപ് വേട്ടയ്യനില്‍ മനസിലായോ... എന്ന പാട്ടില്‍ ഉപയോഗിച്ച തമിഴാളവും ഒരുപാട് വിമര്‍ശനം നേരിട്ടിരുന്നു. 'മലയാളം പാട്ട് പാട സൊന്നാ മലയാളത്തെ കൊന്നു, 2024ല്‍ മനസിലായോ, 2026ല്‍ മനസിലായില്ല',' ഇത് തമിഴും മലയാളവുമൊന്നുമല്ല വേറെ ഏതോ ഒരു ഭാഷയാണ്'- എന്നിങ്ങനെയാണ് എക്‌സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍.
ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനി വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി, ഹൃത്വിക് റോഷൻ, വിനായകൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപ്പണിങ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രൊജക്റ്റുമാണ് ജയിലര്‍ 2. അശ്വിൻ മാരിമുത്തു സംവിധാനം ചെയ്യുന്ന 'ധർമൻ' ആണ് രജനികാന്ത് നായകനാവുന്ന മറ്റൊരു ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates