AMMA വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ടിനി ടോമിനെ മാറ്റി നിർത്താൻ പോലും ശ്വേത മേനോൻ തയ്യാറായിട്ടില്ല; പ്രിവിലേജ്ഡ് ആയിട്ടുള്ളവർ രക്ഷപ്പെടാൻ വേണ്ടിയല്ല വുമൺ കാർഡ് പറയേണ്ടത്'

കേരളത്തിലുള്ള പൊലീസ് സ്റ്റേഷനുകൾ എല്ലാം ഇങ്ങനെയാണോ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കൊച്ചി: 'അമ്മ' ഭരണസമിതിക്കെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ച് നടി അൻസിബ ഹസൻ. ഒരുപാട് ആഗ്രഹത്തോടെയാണ് താൻ അമ്മയില്‍ വന്നതെന്നും പ്രശ്‍നങ്ങള്‍ ഗുരുതരമായപ്പോഴാണ് അന്ന് മോഹൻലാല്‍ ഉള്‍പ്പെട്ട കമ്മിറ്റി പിരിച്ചു വിട്ടതെന്നും അൻസിബ പറഞ്ഞു. അന്ന് കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നത് വലിയ ചോദ്യ ചിഹ്നം ആയിരുന്നുവെന്നും അങ്ങനെയാണ് അഡ്‍ഹോക്ക് കമ്മിറ്റി രൂപീകരിച്ചതെന്നും അവർ വ്യക്തമാക്കി.

സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ആണ് ശ്വേത ഉൾപ്പെട്ട കമ്മറ്റി താഴെ പോയത്. അങ്ങനെ ഒരു കമ്മറ്റിയെ എങ്ങനെ തുടരാൻ അനുവദിക്കും എന്നും അൻസിബ ചോദിച്ചു.

"ശ്വേത ചേച്ചിയാണ് ഇത് കമ്മിറ്റിയിൽ കൊണ്ടുവരുന്നത്. അന്ന് പറഞ്ഞത് 1 കോടി എന്നായിരുന്നു. അത് എ​ഗ്രിമെന്റ് ആയപ്പോൾ 75 ലക്ഷമായി മാറി. 25 ലക്ഷം എവിടെപ്പോയി എന്ന് എനിക്കറിഞ്ഞു കൂടാ. ഈ ഒരു കാര്യം കൊണ്ടുവന്നപ്പോഴേ ഞാൻ എതിർത്തു. നമ്മുടെ ധാർമികതയ്ക്ക് ചേരുന്നതല്ല ഇക്കാര്യം. 32 വർഷമായിട്ട് അമ്മയിൽ ഒരു മതസ്ഥാപനങ്ങളും കടന്നു കൂടിയിട്ടില്ല. ഒരു മതചിഹ്നങ്ങളും കടന്നു കൂടിയിട്ടില്ല. മതസ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും വരാൻ പാടില്ല.

വളരെ സന്തോഷത്തോടെ കഴിഞ്ഞു പോകുന്ന ഒരു സ്ഥാപനമാണ് അമ്മ. അമ്മയിൽ അങ്ങനെ കൊണ്ടുവരരുത് എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. അത് എന്ന് പറഞ്ഞോ അന്ന് മുതൽ തുടങ്ങി ഏറ്റവും കൂടുതൽ വൈരാ​ഗ്യം കാണിക്കാൻ. എനിക്കെതിരെ ലക്ഷ്മിപ്രിയയെ കൊണ്ട് തൃപ്പൂണിത്തുറ സ്റ്റേഷനിൽ വ്യാജ പരാതി കൊടുപ്പിക്കുന്നു. ഒരു നോട്ടീസ് പോലുമില്ലാതെയാണ് ആ പൊലീസ് സ്റ്റേഷനിൽ എന്നെ മാനസികമായി പീഡിപ്പിച്ചിട്ടുള്ളത്.

അതിന്റെ കേസ് ഞാൻ കൊടുത്തിട്ട് അതിന് എഫ്ഐആർ ഇടാൻ തയ്യാറല്ല. അതിന് ശേഷം ഞാൻ ടിനി ടോമിനെതിരെ പരാതി കൊടുത്തു. എഫ്ഐആർ ഇട്ടില്ല. കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് ഞാൻ പരാതി കൊടുത്തത്. പ്രഥമദൃഷ്ട്യാ കേസെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു. പിന്നീട് കോടതിയിൽ പോയാണ് ഞാൻ എഫ്ഐആർ ഇടീപ്പിച്ചത്.

അതുകഴിഞ്ഞിട്ട് ലക്ഷ്മിപ്രിയ എന്ന് പറയുന്ന വ്യക്തി ട്രെയ്‌ലർ ഇറക്കുന്നു, ടീസർ ഇറക്കുന്നു, പ്രീമിയർ ചെയ്യുന്നു. ഒരു സ്ത്രീയെ വ്യക്തിഹത്യ ചെയ്തു കൊണ്ട്. ഒന്നാലോചിച്ച് നോക്കൂ, കേരളത്തിലാണ് ഇത് നടക്കുന്നത്. ഞാൻ എല്ലാവരെയും വിളിച്ച് സംസാരിച്ചു. ഭീഷണിയുടെ സ്വരത്തിലാണ് ട്രെയ്‌ലർ‌ ഇടുന്നത്. എന്ത് മ്ലേഛകരമായ കാര്യമാണ് കേരളത്തിൽ നടക്കുന്നത്.

അപ്പോൾ ഞാൻ ആലോചിക്കുകയാണ് ഇങ്ങനെ പറയാനുള്ള അവസരം കേരളത്തിൽ ഉണ്ട് എന്നുണ്ടെങ്കിൽ എത്രയോ പേരാണ് ഇവിടെ അനുഭവിക്കാൻ പോകുന്നത്. എത്രയോ ആത്മഹത്യകൾ നമ്മൾ കാണേണ്ടി വരും. ഇത്തരത്തിൽ വ്യക്തിഹത്യ ചെയ്യുന്ന ഒരു സംസ്ഥാനമായി എങ്ങനെയാണ് കേരളം മാറുന്നത് എന്ന് മനസിലാകുന്നില്ല. ഇതിനെതിരെ ലക്ഷ്മിപ്രിയക്കെതിരെ ഞാൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആ പരാതി ഇപ്പോഴും എടുത്തിട്ടില്ല.

ലക്ഷ്മിപ്രിയ എന്ന വ്യക്തിക്ക് ഇത്രത്തോളം സ്വാധീനമുണ്ടോ എന്ന് ഞാൻ ആലോചിച്ചു. പരാതി കൊടുത്തകാര്യം ഞാനെന്റെ കുറച്ച് മാധ്യമ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. അവർ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അന്വേഷിച്ചപ്പോൾ അങ്ങനെയൊരു പരാതി അവർ കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. അതിന് ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഞാൻ വിളിച്ചു.

അദ്ദേഹം എന്നോട് എഫ്ഐആർ ഇട്ടിട്ടില്ലേ എന്ന് ചോദിച്ചു. ഞാൻ ഇല്ല എന്ന് പറഞ്ഞു. അദ്ദേഹം വിളിച്ച് സംസാരിക്കാം എന്ന് എന്നോട് പറഞ്ഞു. ആ കോൾ കട്ട് ചെയ്ത് അ‍ഞ്ച് മിനിറ്റിന് ശേഷം പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് എന്നെ വിളിച്ചു. സിഐ വിളിച്ചിട്ട് പറഞ്ഞും അക്നോളജ്മെന്റ് അയച്ചിട്ടുണ്ടെന്ന്. എഫ്ഐആർ ഇടുന്നില്ലേ സാർ എന്ന് ഞാൻ തിരിച്ചു ചോ​ദിച്ചു. 14 ദിവസം പ്രിലിമിനറി എൻക്വയറി നടത്തണമെന്ന് പറഞ്ഞു.

ഒരു പെൺകുട്ടിക്കെതിരെ വ്യക്തിഹത്യയുടെ മാക്സിമം ആണ് ട്രെയ്‌ലറും ടീസറുമുൾപ്പെടെ ചെയ്ത് വച്ചിരിക്കുന്നത്. എന്നിട്ടാണ് പൊലീസുകാർ പറയുന്നത്. ഇതിൽ പ്രിലിമിനറി എൻക്വയറി നടത്തണമെന്ന്. എഫ്ഐആർ ഇട്ടാൽ എന്താണ് കുഴപ്പം. എഫ്ഐആർ ഇട്ട് കഴമ്പില്ലെങ്കിൽ അത് കളയാല്ലോ. പ്രിലിമിനറി എൻക്വയറി മാത്രമാക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലാകുന്നില്ല.

ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി വിളിച്ച് പറഞ്ഞിട്ട് പോലും എഫ്ഐആർ ഇടാൻ പറ്റാത്ത പൊലീസ് സ്റ്റേഷനാണോ കേരളത്തിലുള്ളത് ?. നമ്മൾ ആലോചിക്കേണ്ടിയിരിക്കുന്നു. കേരളത്തിലുള്ള പൊലീസ് സ്റ്റേഷനുകൾ എല്ലാം ഇങ്ങനെയാണോ, ഇങ്ങനെയല്ലേ എന്നുള്ളത്. ഓപ്പറേഷൻ തൂഫാനോടൊപ്പം ചെയ്യേണ്ട ഒരു കാര്യമാണ് സാധാരണക്കാർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ വരുന്ന സമയത്ത് ആ പരാതി എടുക്കുന്നുണ്ടോ, പരാതിക്കാർക്ക് പണവും സ്വാധീനവുമൊന്നും ഇല്ല എന്നുണ്ടെങ്കിൽ അവരുടെ പരാതി എടുക്കില്ലേ.

ആരോപണവിധേയരായിട്ടുള്ളവരെ സഹായിക്കാനാണോ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഓപ്പറേഷൻ തൂഫാനോടൊപ്പം തന്നെ അല്ലെങ്കിൽ അതിന് മുകളിൽ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. അത് ആഭ്യന്തരമന്ത്രി തീർച്ചയായിട്ടും ശ്രദ്ധിക്കേണ്ട കാര്യമാണ്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും കേസെടുക്കുന്നുണ്ടോ, കേസ് രജിസ്റ്റർ ചെയ്യുന്നുണ്ടോ, പരാതിയുമായി വരുന്ന സ്ത്രീകളെ അപമാനിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ടതാണ്.

ആഭ്യന്തരമന്ത്രി വിളിച്ച് പറഞ്ഞാൽ പോലും എഫ്ഐആർ ഇടാത്തത് അത്ഭുതപ്പെടുത്തകയും ഭയപ്പെടുത്തുകയും ചെയ്യുന്ന കാര്യമാണ്. എനിക്കിതുവരെ ഒരു നീതിയും കിട്ടിയിട്ടില്ല. എനിക്ക് നീതി കിട്ടുന്നത് കോടതിയിൽ പോകുമ്പോൾ മാത്രമാണ്. കോടതിയിൽ മാത്രം വിശ്വസിക്കേണ്ടി വരുന്ന ഒരു പൗരന്റെ അവസ്ഥയൊന്ന് ആലോചിച്ച് നോക്കൂ.

പൊലീസ് സ്റ്റേഷൻ പിന്നെ എന്തിനാണ്. നേരെ കോടതിയിൽ പോയി പരാതി കൊടുത്താൽ പോരെ. പിന്നെ എന്തിനാണ് പൊലീസ് സ്റ്റേഷൻ. എന്നെ ജിഹാദിയെന്നും മതം മാറ്റാൻ ശ്രമിച്ചു എന്നൊക്കെ പറഞ്ഞ് 17 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്സാപ്പ് ​ഗ്രൂപ്പിലാണ് ടിനി ടോം മെസേജ് അയച്ചത്. അത് സ്ത്രീവിരുദ്ധതയാണെന്ന് പറയാൻ അന്നവിടെ പ്രസിഡന്റും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗങ്ങളുമുണ്ടായിരുന്നില്ല.

വുമൺ കാർഡ് എപ്പോഴും പറയുന്ന ആളുകൾ ശ്രദ്ധിക്കണം. വുമൺ കാർഡ് പറയേണ്ടത് പ്രിവിലേജ്ഡ് ആയിട്ടുള്ള ആളുകളല്ല പറയേണ്ടത്. പരി​ഗണന കിട്ടാതെ ഇരിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയാണ് ഇത് പറയേണ്ടത്. പ്രിവിലേജ്ഡ് ആയിട്ടുള്ള ആളുകൾ രക്ഷപ്പെടാൻ വേണ്ടിയല്ല അത് പറയേണ്ടത്. ടിനി ടോം പറഞ്ഞത് മോശമാണെന്ന് ഒരാളും പറഞ്ഞില്ല.

ആരോപണവിധേയനായിട്ടുള്ള ആളെ ഒന്ന് മാറ്റി നിർത്താൻ പോലും പ്രസിഡന്റ് തയ്യാറായിട്ടില്ല. എവിടെയാണ് സ്ത്രീ സമത്വം, എവിടെയാണ് സ്ത്രീകൾക്ക് വേണ്ടി എന്നൊക്കെ പറയുന്ന ആളുകൾ. അത് പറയുന്നവർ അത് ചെയ്യണം. പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് മറ്റൊന്നും ആകരുത്. കേസുമായി മുന്നോട്ട് പോകാനാണ് എന്റെ തീരുമാനം. അദ്ദേഹം എന്റെ സുഹൃത്താണ്.

അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെ പുറത്താണ് അദ്ദേഹവുമായി ഞാൻ സംസാരിച്ചത്. അദ്ദേഹം ഒരുപാട് തവണ എന്നെ വിളിച്ച് സംസാരിച്ചു. അവസാനം ഞാൻ വിചാരിച്ചു അദ്ദേഹം എന്നെ ഇത്രയും തവണ വിളിച്ച് സംസാരിച്ചതല്ലേ, അദ്ദേഹത്തിന് ഞാൻ കൊടുക്കുന്ന ബഹുമാനത്തിന്റെ പുറത്താണ് ശരി ചേട്ടാ സംസാരിക്കാം എന്ന് ഞാൻ പറഞ്ഞത്. അങ്ങനെയാണ് രമേഷേട്ടൻ എന്റെയടുത്ത് സംസാരിച്ചത്.

സംസാരിച്ചിട്ട് എന്റെയടുത്ത് പറഞ്ഞു, അൻസിബ മാപ്പ് എഴുതി കൊടുക്കണമെന്ന്. ഇത് എവിടുത്തെ ന്യായമാണ്. അപ്പോൾ ഞാൻ പറഞ്ഞു, ശരി ചേട്ടാ ഇനി ഇതിനെപ്പറ്റി സംസാരിക്കണ്ട എന്ന്. ഒന്ന് ആലോചിച്ചു നോക്കൂ. പരാതിക്കാരി മാപ്പ് എഴുതി കൊടുക്കണമത്രേ, ഇനി പരാതി പറയില്ല എന്ന്. ഇതെന്താ വെള്ളരിക്കാ പട്ടണമോ ?".- അൻസിബ ഹസൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Ansiba Hassan allegations against AMMA president.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രി വിഡി സതീശൻറെ നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി

കാര്‍ ലോണ്‍ എടുത്ത് വാങ്ങുന്നതാണോ റെഡി ക്യാഷിന് വാങ്ങുന്നതാണോ നല്ലത്?; ഇതാ ഒരു ടിപ്പ്

ഗൾഫിലേക്ക് കടക്കാൻ രണ്ടുദിവസം മാത്രം; പോക്സോ കേസിൽ ഓട്ടോ ഡ്രൈവർ പിടിയിൽ

സൂറത്കൽ സ്വർണം പൊട്ടിക്കൽ കേസ്: കണ്ണൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു

'പൊതുപദ്ധതികള്‍ക്കായി ആരാധനാലയങ്ങളുടെ ഭൂമി ഏറ്റെടുക്കാം'; നിയമതടസ്സമില്ലെന്ന് അലഹബാദ് ഹൈക്കോടതി