കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നിന്ന് രാജിവച്ച് നടി അൻസിബ ഹസൻ. സംഘടനയുടെ ജോയിൻ സെക്രട്ടറി സ്ഥാനമാണ് അൻസിബ രാജിവച്ചത്. താരത്തിന്റെ രാജി സംഘടന അംഗീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലും ജോലി സംബന്ധമായ തിരക്കുകളാലുമാണ് അൻസിബ രാജി വച്ചതെന്ന് 'അമ്മ' പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കി.
കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ശ്വേത മേനോൻ ഔദ്യോഗിക വിശദീകരണം നൽകിയത്. ഫെബ്രുവരി 21ന് അൻസിബ രാജിക്കത്ത് നൽകിയിരുന്നതായി ശ്വേത പറഞ്ഞു. തൊഴിൽപരമായ തിരക്കുകൾ ഉള്ളതിനാൽ സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതിനാലാണ് ഈ തീരുമാനമെന്ന് അൻസിബ അറിയിച്ചതായി ശ്വേത മേനോൻ പറഞ്ഞു.
‘‘വ്യക്തിപരമായും തൊഴിൽപരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത്. ഫെബ്രുവരി 21-ന് തന്നെ അൻസിബ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതൊരു നിസ്വാർത്ഥ സേവനമാണ്.
സംഘടനയുടെ മീറ്റിങ്ങുകളിൽ കൃത്യമായി പങ്കെടുക്കാനോ സജീവമായി പ്രവർത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ മെമ്പറായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അൻസിബ. ഇന്ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വച്ച് ഞങ്ങൾ അൻസിബയെ വിളിച്ചു സംസാരിച്ചിരുന്നു. രാജി അംഗീകരിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടതോടെ എല്ലാവരും ചേർന്ന് അത് പാസാക്കി". -ശ്വേത മേനോൻ പറഞ്ഞു.
ശ്വേത മേനോൻ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇലക്‌ഷനിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സ്ഥാനാർഥി അൻസിബ ഹസൻ ആയിരുന്നു. 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് അൻസിബ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
നടി കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി. കഴിഞ്ഞ ദിവസം അമ്മയിൽ തൊഴിൽ പീഡനം നേരിടുന്നുവെന്ന് ആരോപണം ഉന്നയിച്ച് യുവതി രംഗത്തെത്തിയിരുന്നു. സംഘടനയുടെ ട്രഷറർ ആയ ഉണ്ണി ശിവപാലിനെതിരെയാണ് ജീവനക്കാരി ആരോപണം ഉന്നയിച്ചത്.
ഇക്കാര്യങ്ങളെല്ലാം ഇന്നലെ നടന്ന ജനറൽ ബോഡിയിൽ ചർച്ച ചെയ്തുവെന്നും ഉണ്ണി ശിവപാലിനെ നിർബന്ധിത ലീവിലേക്ക് വിടുകയും ചെയ്തു എന്ന് ശ്വേത മേനോൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates