ബോളിവുഡിലെ മുതിര്‍ന്ന നടന്മാരില്‍ ഒരാളാണ് അനുപം ഖേര്‍. മലയാളത്തിലടക്കം അഭിനയിച്ചിട്ടുള്ള അനുപമിന്റെ ക്രെഡിറ്റില്‍ 500 ലധികം സിനിമകളുണ്ട്. പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള അദ്ദേഹത്തെ തേടി നിരവധി പുരസ്‌കാരങ്ങളുമെത്തിയിട്ടുണ്ട്. ഓഫ് സ്‌ക്രീനില്‍, പലപ്പോഴും വിവാദങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മാനസികാരോഗ്യത്തെക്കുറിച്ചുള്ള അനുപം ഖേറിന്റെ തുറന്നു പറച്ചില്‍ ചര്‍ച്ചയാവുകയാണ്. തനിക്ക് മാനിക് ഡിപ്രഷന്‍ ഉണ്ടായിരുന്നുവെന്നാണ് അനുപം വെളിപ്പെടുത്തിയത്. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു താരം. തന്റെ പുസ്തകമായ ദ ബെസ്റ്റ് ദിങ് എബൗട്ട് യു ഈസ് പുറത്തിറങ്ങിയ കാലത്താണ് രോഗാവസ്ഥ കണ്ടെത്തുന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
2011 ലാണ് പുസ്തകം പുറത്തിറങ്ങുന്നത്. ആ സമയത്ത് തനിക്ക് ഉറങ്ങാന്‍ സാധിച്ചിരുന്നില്ലെന്നാണ് അനുപം പറയുന്നത്. ''എനിക്ക് രാത്രിയും പകലുമൊന്നും ഉറക്കം വരുന്നില്ലായിരുന്നു. ഞാന്‍ ഡോക്ടറെ പോയി കണ്ടു. രാത്രി ഉറങ്ങാനുകില്ല. പിറ്റേന്ന് വെളിച്ചം കണ്ണിലടിയ്ക്കുമ്പോള്‍ കണ്ണ് പൊള്ളുന്നത് പോലെ തോന്നുന്നു. എന്തെങ്കിലും ഐ ഡ്രോപ് തരുമോ എന്ന് ഡോക്ടറോട് പറഞ്ഞു'' അനുപം പറയുന്നു.
അതേസമയം ഡോക്ടര്‍ ഉടനെ ഏതെങ്കിലും മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് അത് കേട്ടപ്പോള്‍ ചിരിയാണ് വന്നതെന്നും അദ്ദേഹം പറയുന്നു. തന്നെപ്പോലെ പോസിറ്റീവായൊരു വ്യക്തി എന്തിനാണ് മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ പോകുന്നതെന്നായിരുന്നു അനുപം ചിന്തിച്ചത്. എന്നാല്‍ പിന്നീട് സൈക്ക്യാട്രിസ്റ്റിനെ കാണാന്‍ തീരുമാനിച്ചു.
''ഞാന്‍ സൈക്ക്യാട്രിസ്റ്റിനെ കണ്ടു. എന്റെ പുസ്തകവും കൊണ്ടു പോയിരുന്നു. അദ്ദേഹം ഇങ്ങോട്ട് ചോദ്യങ്ങള്‍ ചോദിക്കും മുമ്പ് നിങ്ങളുടെ ഒരു പ്രശ്‌നം പറയാന്‍ ഞാന്‍ അങ്ങോട്ട് പറഞ്ഞു. അദ്ദേഹം തന്റെ ഒരു പ്രശ്‌നം പറഞ്ഞു. ഞാന്‍ അതിന് പരിഹാരം നിര്‍ദ്ദേശിച്ചു. ഒരു മണിക്കൂര്‍ ഞാന്‍ അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ചു കൊണ്ടിരുന്നു. പിന്നീട് എന്റെ പുസ്തകം കൈമാറി. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണമെന്നും പറഞ്ഞു'' താരം പറയുന്നു.
''ഞാന്‍ പോകാന്‍ നേരം ഡോക്ടര്‍ തന്റെ പാഡില്‍ എന്തോ എഴുതുന്നത് കണ്ടു. എന്താണ് എഴുതുന്നതെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്കുള്ള മരുന്നാണെന്നായിരുന്നു മറുപടി. നിങ്ങള്‍ക്ക് മാനിക് ഡിപ്രഷന്‍ ആണെന്നും ശുഭാപ്തി വിശ്വാസം നിങ്ങളുടെ പ്രശ്‌നമാണെന്നും പറഞ്ഞു'' താരം പറയുന്നു. ആ സംഭവത്തിന് ശേഷമാണ് താന്‍ മാനസികാരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്‍ ആയതെന്നും മാനസികാരോഗ്യത്തിന്റെ അംബാസിഡര്‍ ആകാന്‍ തീരുമാനിച്ചുവെന്നും ഖേര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates