പ്രണയത്തകര്‍ച്ചയെക്കുറിച്ചുള്ള നടി അനുപമ പരമേശ്വരന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റേത് ടോക്‌സിക് റിലേഷന്‍ഷിപ്പായിരുന്നുവെന്നാണ് അനുപമയുടെ വെളിപ്പെടുത്തല്‍. രണ്ട് വര്‍ഷക്കാലം താന്‍ നാര്‍സിസിസ്റ്റിക് അബ്യൂസിന് ഇരയായെന്നും അനുപമ പറയുന്നു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുപമയുടെ വെളിപ്പെടുത്തല്‍.
പ്രണയത്തിലെ പ്രശ്‌നങ്ങള്‍ കാരണം സ്വന്തം ജീവിത രീതി തന്നെ മാറിപ്പോയെന്നാണ് അനുപമ പറയുന്നത്. കരിയറിലും വലിയ നഷ്ടങ്ങളുണ്ടായി. താന്‍ അണ്‍പ്രൊഫഷണല്‍ ആയി. തനിക്ക് ചുറ്റുമുള്ളവരോടുള്ള പെരുമാറ്റത്തില്‍ പോലും മാറ്റം സംഭവിച്ചതായാണ് അനുപമ പറയുന്നത്.
''എന്റെ ഏറ്റവും വലിയ അഹങ്കാരമായിരുന്നു, ഒരു നടിയെന്ന നിലയില്‍ എത്രത്തോളം പ്രൊഫഷണല്‍ ആണ് ഞാന്‍ എന്നത്. രണ്ട് വര്‍ഷം ഇത്രയും അണ്‍പ്രൊഫഷണല്‍ ആയിട്ടുള്ള, അണ്‍ എത്തിക്കലായ മറ്റൊരു നടിയെ കാണാനാകില്ല. ഞാന്‍ അങ്ങനെയായി. അവിശ്വസനീയമാണ്. ഞാന്‍ ഭയങ്കര കൃത്യനിഷ്ഠയുള്ള ആളാണ്, പ്രൊഫഷണല്‍ ആണ്. ജോലിയോട് അതിയായ പാഷന്‍ ഉണ്ടായിരുന്നു. പക്ഷെ എന്നിലെ ഒരോ ഭാഗവും ഇല്ലാതായി'' എന്നാണ് അനുപമ പറയുന്നത്.
''ഞാന്‍ ആളുകളെ നോക്കുന്നത് നിര്‍ത്തി. അവരുടെ കണ്ണുകളിലേക്ക് നോക്കുന്നത് നിര്‍ത്തി. ഞാന്‍ ചിരിക്കുന്നത് നിര്‍ത്തി. എന്റെ അനിയനെ തൊടുന്നത് പോലും നിര്‍ത്തി. പേടിച്ചിട്ട്, അനന്തരഫലങ്ങളെ ഭയന്നിട്ട്. എഗ് ഷെല്ലിന് മുകളിലൂടെയായിരുന്നു നടന്നിരുന്നത്. നമ്മള്‍ അങ്ങനാകുമ്പോള്‍ നമുക്ക് ചുറ്റുമുള്ളവര്‍, നിങ്ങളുടെ കുടുംബവും സ്റ്റാഫും എല്ലാവരും അങ്ങനെയാകും. എന്റെ മൂഡ് മറ്റൊരാളെ ആശ്രയിച്ചാണിരിക്കുന്നത്. അയാള്‍ വളരെ സന്തുഷ്ടനാണെങ്കില്‍ ഞാനും അതീവ സന്തുഷ്ടയാകും. അയാള്‍ക്ക് സങ്കടമാണെങ്കില്‍ എനിക്കും സങ്കടമാണ്'' എന്നും അനുപമ പറയുന്നു.
''കുറച്ച് മുഖത്ത് മാറ്റം വന്നാലും ഞാന്‍ സ്‌ട്രെസ്ഡ് ആകും. അത് എന്റെ കുടുംബത്തേയും സ്റ്റാഫിനേയും ലൊക്കേഷനിലുള്ളവരേയും ബാധിക്കും. ഒരുപാട് തവണ അങ്ങനെ റീ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. എനിക്ക് മെന്റല്‍ ബ്രേക്ക് ഡൗണ്‍ ഉണ്ടാകും. ഞാന്‍ വാനിലേക്ക് പോകും. തിരികെ വന്ന് റീ ഷൂട്ട് ചെയ്യേണ്ടി വരും'' എന്നും അനുപമ പരമേശ്വരന്‍ പറയുന്നു.
കഴിഞ്ഞ കുറച്ചുനാളുകളായി അനുപമയുടെ പ്രണയവും പ്രണയ തകര്‍ച്ചയും വാര്‍ത്തകളില്‍ നിറയുകയാണ്. പക്ഷെ ഇതാദ്യമായാണ് അനുപമ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നത്. അനുപമയും യുവ നടന്‍ ധ്രുവ് വിക്രമും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് പിരിഞ്ഞുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്തിരുന്ന അനുപമ തിരിച്ചു വന്നപ്പോള്‍ പങ്കുവച്ച കുറിപ്പാണ് അഭ്യൂഹങ്ങള്‍ക്ക് ഇടവരുത്തിയത്. പിന്നാലെയാണ് താരം മനസ് തുറന്നത്. അതേസമയം അനുപമ ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates