ബോളിവുഡിലെ യുവതാരമാണ് അര്‍ജുന്‍ കപൂര്‍. അച്ഛന്‍ ബോണി കപൂറിന്റെ പാതയിലൂടെയാണ് അര്‍ജുന്‍ കപൂര്‍ സിനിമയിലെത്തുന്നത്. ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മകനാണ് അര്‍ജുന്‍. രണ്ട് ദിവസം മുമ്പായിരുന്നു അര്‍ജുന്റെ അമ്മ മോണ ഷൗരിയുടെ ജന്മദിനം. ഇന്ന് തനിക്കൊപ്പമില്ലാത്ത അമ്മയുടെ ജന്മദിനത്തില്‍ അര്‍ജുന്‍ കപൂര്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ഉള്ള് തൊടുന്നതായിരുന്നു.
2012 ലാണ് അര്‍ജുന്റെ അമ്മ മരിച്ചത്. കാന്‍സര്‍ ബാധിതയായിരുന്നു മോണ ഷൗരി. 1983 ലാണ് ബോണിയും മോണയും വിവാഹിതരാകുന്നത്. രണ്ട് മക്കളാണ് ഇരുവര്‍ക്കും. അര്‍ജുനും സഹോദരി അന്‍ഷുലയും. 1996 ല്‍ ബോണിയും മോണയും പിരിഞ്ഞതോടെ മക്കളെ അവര്‍ ഒറ്റയ്ക്കാണ് വളര്‍ത്തിയത്. തന്റേയും സഹോദരിയുടേയും ജീവിതത്തിലെ കരുത്തായിരുന്നു അമ്മയെന്ന് പലപ്പോഴായി അര്‍ജുന്‍ പറഞ്ഞിട്ടുണ്ട്. അമ്മയോടൊപ്പമുള്ള പഴയൊരു ചിത്രം പങ്കിട്ടു കൊണ്ടാണ് അര്‍ജുന്‍ അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്.
''ജന്മദിനാശംസകള്‍ അമ്മേ. നിങ്ങളെ ഞാനിന്ന് ഒരുപാട് മിസ് ചെയ്യുന്നുണ്ട്. കുറച്ചുനാളായി ജീവിതം എന്നോട് ക്രൂരമായാണ് പെരുമാറുന്നത്. പക്ഷെ അത് സാരമില്ല. മുമ്പും ഞാന്‍ അടിയേറ്റ് വാങ്ങിയിട്ടുണ്ട്. ഇനിയും ഏല്‍ക്കാം, ഉയിര്‍ത്തെഴുന്നേല്‍ക്കാം. ജീവിതത്തെ മുഖാമുഖം നിന്ന് മര്യാദയും അഭിമാനവും വിടാതെ പോരാടാന്‍ നിങ്ങള്‍ എന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ. നമ്മള്‍ ഒരുമിച്ച് ഇതും മറികടക്കും. ഒരു നാള്‍ ഞാന്‍ നിങ്ങളെ വീണ്ടും കാണും. അന്ന് നമുക്ക് ഒരുമിച്ച് നിങ്ങളുടെ ജന്മദിനം ആഘോഷിക്കാം. നിങ്ങളുടെ മകന്‍, അര്‍ജുന്‍'' എന്നായിരുന്നു അര്‍ജുന്റെ കുറിപ്പ്.
അര്‍ജുന് 11 വയസ് മാത്രമുള്ളപ്പോഴാണ് അമ്മയും അച്ഛനും പിരിയുന്നത്. പിന്നാലെ അച്ഛന്‍ ശ്രീദേവിയെ വിവാഹം കഴിച്ചു. എന്നാല്‍ ശ്രീദേവിയുമായും അവരുടെ മക്കളായ ജാന്‍വി കപൂറും ഖുഷി കപൂറുമായും അടുക്കാന്‍ അര്‍ജുന്‍ തയ്യാറായിരുന്നില്ല. അച്ഛനെ ആശ്രയിക്കാനും അര്‍ജുന്‍ തയ്യാറായിരുന്നില്ല. പിന്നീട് ശ്രീദേവിയുടെ മരണ ശേഷമാണ് അര്‍ജുനും അന്‍ഷുലയും ജാന്‍വിയും ഖുഷിയുമായി അടുക്കുന്നത്. അമ്മയുടെ മരണ ശേഷം തങ്ങള്‍ക്ക് ഏറ്റവും വലിയ താങ്ങായത് അര്‍ജുനാണെന്ന് ജാന്‍വിയും ഖുഷിയും പലപ്പോഴും പറഞ്ഞിട്ടുണ്ട്.
2012 ല്‍ ഇഷഖ്‌സാദെ എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ അരങ്ങേറുന്നത്. എന്നാല്‍ മകന്റെ അരങ്ങേറ്റം കാണാന്‍ അമ്മയുണ്ടായിരുന്നില്ല. അര്‍ജുന്റെ സിനിമയുടെ റിലീസിന് ആഴ്ചകള്‍ മാത്രം മുമ്പാണ് അമ്മ മരണപ്പെടുന്നത്. അതേക്കുറിച്ച് മുമ്പൊരു അഭിമുഖത്തില്‍ അര്‍ജുന്‍ സംസാരിച്ചിരുന്നു.
''ഞാന്‍ സ്വതന്ത്ര്യനാണ്. എന്റെ അച്ഛനും അമ്മയും ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്. പക്ഷെ ജോലി ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ ഞാന്‍ തന്നെയാണ് എല്ലാം ചെയ്തത്. ഇഷഖ്‌സാദയ്ക്കാണ് ആദ്യമായി ചെക്ക് കിട്ടുന്നത്. പക്ഷെ എന്റെ ഭാവി ഇതാണെന്ന് അറിയാതെ അമ്മ പോയി. അന്ന് മുതല്‍ ഇന്നു വരെ അച്ഛനോട് ഞാന്‍ ഒന്നും ചോദിച്ചിട്ടില്ല. അതില്‍ അദ്ദേഹം അഭിമാനിക്കുന്നുമുണ്ട്. എന്റെ അമ്മയും എന്നയോര്‍ത്ത് അഭിമാനിക്കുന്നുണ്ടാകും'' എന്നാണ് അര്‍ജുന്‍ പറഞ്ഞത്. അമ്മ കൂടെ ഇല്ലെന്നതിന്റെ വേദന ഇന്നും അര്‍ജുനെ വിട്ടുപോയിട്ടില്ല.
''എന്റെ ജീവിതത്തെക്കുറിച്ചൊന്ന് ചിന്തിക്കൂ. നിങ്ങളുടെ അച്ഛനും അമ്മയും ഇപ്പോഴുമുണ്ട്. വീട്ടില്‍ ചെന്നാല്‍ അമ്മയുടെ മടിയില്‍ തലവെച്ച് കിടക്കാം. പക്ഷെ എനിക്ക് ഒരിക്കലും അത് സാധിക്കില്ല. അമ്മയുടെ മടിയില്‍ തലവച്ച് കിടക്കാന്‍ എനിക്കാകില്ല. ദൈവം എനിക്ക് പലതും തന്നു. പക്ഷെ നിങ്ങള്‍ക്കുള്ളത് എനിക്ക് തന്നില്ല. പക്ഷെ അമ്മയുള്ളതിനാല്‍ നിങ്ങളോട് എനിക്ക് അസൂയ തോന്നാന്‍ പാടുണ്ടോ? എനിക്ക് ഇനിയൊരിക്കലും, ഞാനെത്ര പ്രാര്‍ത്ഥിച്ചാലും, ആ ജീവിതം തിരികെ കിട്ടില്ല. അമ്മ ഒരിക്കലും തിരിച്ചുവരില്ല'' എന്നും അന്ന് അര്‍ജുന്‍ പറഞ്ഞിരുന്നു.
അമ്മയെക്കുറിച്ചുള്ള അര്‍ജുന്റെ പോസ്റ്റ് വൈറലായി മാറിയതോടെ താരത്തോട് മാപ്പ് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ. ഏറെകാലമായി അഭിനയത്തിന്റെ പേരിലും മറ്റും സോഷ്യല്‍ മീഡിയ നിരന്തരം ട്രോളുന്ന താരമാണ് അര്‍ജുന്‍. എന്നാല്‍ അമ്മയെക്കുറിച്ചുള്ള അര്‍ജുന്‍ വാക്കുകള്‍ കണ്ടതോടെ, ഇനിയൊരിക്കലും അര്‍ജുനെ കളിയാക്കില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇനിയും അര്‍ജുനെ ട്രോളിയാല്‍ മനുഷ്യനല്ലെന്നാണ് അര്‍ത്ഥമെന്നും ആരാധകര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates