Asha Bhosle 
Entertainment

പാചക മത്സരത്തിലൂടെ പ്രണയിച്ച ആശയും ബര്‍മനും; മകളുടെ വേര്‍പാടിന്റെ വേദന മറക്കാനും പാചകം കൂട്ടായി!

ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനുമുണ്ടായിരുന്ന താല്‍പര്യമാണ് സ്വന്തമായൊരു റസ്റ്റോററന്റ് ആരംഭിക്കാന്‍ പ്രേരിപ്പിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ആശ ഭോസ്‌ലെയ്ക്ക് വിട ചൊല്ലി രാജ്യം. ഏഴ് പതിറ്റാണ്ടായി ഇന്ത്യന്‍ ജനതയുടെ മോഹങ്ങള്‍ക്കും മോഹഭംഗങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും കൂട്ടായിരുന്ന ആ ശബ്ദത്തിന്റെ ഉടമ ഇനിയില്ല. എങ്കിലും അവര്‍ ബാക്കിവച്ചു പോയ ഗാനങ്ങള്‍ എന്നെന്നും നിലനില്‍ക്കും.

അതേസമയം, ഗായിക ആയില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ചിന്തിക്കാതെ ആശ ഭോസ്‌ലെ മറുപടി നല്‍കിയിരുന്നു, ഞാനൊരു കുക്ക് ആയിരുന്നേനെ.

സംഗീതത്തെ സ്‌നേഹിച്ചത് പോലെ തന്നെ ആശ പാചകത്തേയും സ്‌നേഹിച്ചിരുന്നു. ആശയുടെ ജീവിതകഥ പറയുന്ന ആശ ഭോസ്‌ലെ: എ ലൈഫ് ഇന്‍ മ്യൂസികില്‍ പാചകകലയില്‍ അവര്‍ക്കുണ്ടായിരുന്ന മികവിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഹെര്‍ കള്‍നറി സ്‌കില്‍സ് എന്നൊരു ചാപ്റ്റര്‍ തന്നെ അതിനായി രചയിതാവായ രമ്യ ശര്‍മ മാറ്റി വച്ചിട്ടുണ്ട്.

പാട്ടുകാരി ആയിരുന്നില്ലെങ്കില്‍ താനൊരു പാചകക്കാരിയായേനെ, ഒരേ സമയം നാല് വീടുകളില്‍ വരെ പാചകം ചെയ്ത് കാശുണ്ടാക്കിയിരുന്നേനെ എന്ന് ആശ തന്നെ തമാശയായി പറയുമായിരുന്നു. ആശയുടെ കൈപ്പുണ്യത്തെക്കുറിച്ച് സിനിമാക്കാര്‍ക്കിടയിലും നല്ല മതിപ്പായിരുന്നു. ആശയുണ്ടാക്കുന്ന പായ കറിയും ഗോവന്‍ മീന്‍കറിയും ദാലും കപൂര്‍ കുടുംബത്തെ വരെ ആരാധകരാക്കിയിരുന്നു.

''പാചകം എന്റെ സ്‌ട്രെസ് കുറയ്ക്കും. സംഗീതം പോലെ തന്നെ. ഫ്‌ളേവറുകളിലും ചേരുവകളിലും പരീക്ഷണം നടത്താന്‍ എനിക്കിഷ്ടമാണ്. എല്ലാ തരം പാട്ടുകളും പാടുന്നത് പോലെ തന്നെ എല്ലാ തരത്തിലുള്ള ഭക്ഷണവും ഞാനുണ്ടാക്കും'' എന്നാണ് പാചകത്തെക്കുറിച്ച് ആശ പറഞ്ഞിട്ടുള്ളത്. പ്രായം 90 ലേക്ക് അടുത്തപ്പോഴും പാചകത്തിലുള്ള താല്‍പര്യയും ശ്രദ്ധയും കുറഞ്ഞിരുന്നില്ല. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഭക്ഷണമുണ്ടാക്കുന്നത് അവര്‍ ഏറെ ആസ്വദിച്ചായിരുന്നു ചെയ്തിരുന്നത്.

ആശയുടെ പാചകത്തിന്റെ ആരാധകരുടെ ലിസ്റ്റില്‍ രാജേഷ് ഖന്നയും പൂനം ഡില്ലോണുമെല്ലാം ഉണ്ടായിരുന്നു. ആര്‍ ഡി ബര്‍മനും ആശയും തമ്മിലുള്ള ആത്മബന്ധം വളരുന്നതിലും ഭക്ഷണത്തിന് സ്ഥാനമുണ്ടായിരുന്നു. ഇരുവരും പാചകപ്രിയരായിരുന്നു. തങ്ങളുടേതായ നേരങ്ങളില്‍ പാചക മത്സരങ്ങളും അവര്‍ നടത്തിയിരുന്നു. ബര്‍മന്റെ മുത്തശ്ശിയില്‍ നിന്നാണ് ആശ ബംഗാള്‍ പാചകരീതി പഠിക്കുന്നത്. ഗാനരചയിതാവ് മജ്രൂഹ് സുല്‍ത്താന്‍പൂരിയുടെ ഭാര്യയില്‍ നിന്നും ലക്‌നൗ ശൈലി പഠിച്ച ആശയെ പേഷാവരി ബിരിയാണിയുണ്ടാക്കാന്‍ പഠിപ്പിക്കുന്നത് സാക്ഷാല്‍ രാജ് കപൂറാണ്.

ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനുമുണ്ടായിരുന്ന താല്‍പര്യമാണ് ആശയെ സ്വന്തമായൊരു റസ്റ്റോററന്റ് ആരംഭിക്കാന്‍ പ്രേരിപ്പിക്കുന്നത്. ലണ്ടനിലും മിഡില്‍ ഈസ്റ്റിലും ആശാസ് എന്ന പേരില്‍ റസ്റ്റോറന്റ് ആരംഭിച്ചിരുന്നു ആശ ഭോസ്‌ലെ. അതീവശ്രദ്ധയോടെയായിരുന്നു ആശ റസ്‌റ്റോറന്റുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും ചെയ്തത്. മൂന്ന് മാസം കൊണ്ടാണ് റസ്‌റ്റോറന്റിലെ മെനു തയ്യാറാക്കിയത്. പാചകക്കാര്‍ക്ക് ആറ് മാസം നേരിട്ട് പരിശീലനം നല്‍കുകയും ചെയ്തു. ജീവിതകാലം താന്‍ പഠിച്ചതെല്ലാം പകര്‍ന്നു നല്‍കുകയായിരുന്നു ആശ.

അതേസമയം പാചകം ആശ ഭോസ്‌ലെയ്ക്ക് തന്റെ വേദനകള്‍ മറക്കാനുള്ള ഇടം കൂടിയായിരുന്നുവെന്നാണ് അവരെ അടുത്തറിയുന്നവര്‍ പറയുന്നത്. 2012 ല്‍ മകള്‍ വര്‍ഷ മരിച്ചതോടെ തന്റെ വേദനകള്‍ മറക്കാന്‍ ആശയെ സഹായിച്ചത് സംഗീതവും പാചകവുമായിരുന്നു.''ഭക്ഷണമുണ്ടാക്കാനും തന്റെ സുഹൃത്തുകള്‍ക്കും കുടുംബത്തിനും നല്‍കാനും ആശ തായ് ഏറെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ ഇപ്പോള്‍ പാചകം തന്റെ വേദനകള്‍ മറക്കാന്‍ കൂടിയാണ് അവര്‍ ചെയ്യുന്നത്'' എന്ന് ഒരു ബന്ധു പുസ്തകത്തില്‍ സാക്ഷ്യം പറയുന്നുണ്ട്.

Asha Bhosle loved cooking as much as she liked music.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വനിതാ സംവരണമല്ല, മണ്ഡലപുനര്‍നിര്‍ണയമാണ് പ്രശ്‌നം': കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി

വേനലവധിക്കാലം ദുഃഖപൂരിതമാകാതെ നോക്കാം; സുരക്ഷിതമായി ആഘോഷിക്കാന്‍ ഇതാ 11 നിര്‍ദേശങ്ങള്‍

'21ാം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനം; രാജ്യത്തെ കോടിക്കണക്കിന് അമ്മ പെങ്ങന്മാരുടെ ആശീര്‍വാദമുണ്ട്'; വനിതാ ബില്ലില്‍ പ്രധാനമന്ത്രി

'ശരാശരി നിലവാരം പോലുമില്ലാത്ത ക്യാപ്റ്റൻ'; ഹര്‍ദിക്കിനെതിരെ അശ്വിൻ

പാന്‍ കാര്‍ഡ് ഇനി വേഗത്തില്‍, രണ്ടിന് പകരം നാല് പുതിയ ഫോമുകള്‍; അറിയേണ്ടതെല്ലാം

SCROLL FOR NEXT