ജെയിംസ് കാമറൂണിന്റെ അവതാർ കണ്ട് അന്തംവിട്ടു പോയവരായിരിക്കുമല്ലേ നമ്മളിലേറെയും. അവതാറിലൂടെ പുതിയൊരു ലോകം തന്നെയായിരുന്നു കാമറൂൺ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. അവതാറിന്റെ മൂന്നാം ഭാഗത്തിന് ‘അവതാർ: ഫയർ ആൻഡ് ആഷ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വില്ലനെ പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. വരാങ് എന്നാണ് പുതിയ വില്ലന്റെ പേര്. ഗെയിം ഓഫ് ത്രോൺസിലൂടെ ശ്രദ്ധേയ ആയ ഊന ചാപ്ലിൻ ആണ് വരാങ്ങിനെ അവതരിപ്പിക്കുന്നത്.
ചുവപ്പ് നിറത്തിലെ കൂർത്ത ശിരോവസ്ത്രം ധരിച്ചാണ് വരാങ്ങിനെ പോസ്റ്ററിൽ കാണാനാവുക. ഒരു അഗ്നി പർവതത്തിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ആഷ് ഗ്രാമത്തിലുള്ള ഗോത്ര വിഭാഗക്കാരെയാണ് ഇത്തവണ കാമറൂൺ പരിചയപ്പെടുത്തുന്നത്.
"അവിശ്വസനീയമായ കഷ്ടപ്പാടുകളിലൂടെ കടന്നുപോയ ഒരു ജനതയുടെ നേതാവാണ് വരാങ്. അവൾ ശക്തയായതും അതിലൂടെയാണ്. അവൾ അവർക്കു വേണ്ടി എന്തും ചെയ്യും, നമ്മൾ തിന്മയായി കരുതുന്ന കാര്യങ്ങൾ പോലും."- എന്നാണ് വരാങ്ങിനെ കുറിച്ച് കാമറൂൺ എംപയറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സ്’ എന്ന ചിത്രത്തിനൊപ്പമാണ് അവതാർ: ഫയർ ആൻഡ് ആഷിന്റെ ട്രെയ്‌ലർ പുറത്തിറങ്ങുന്നത്. ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സിന്റെ പ്രദർശനത്തിനൊപ്പം തിയറ്ററുകളിൽ മാത്രമാണ് അവതാർ 3യുടെ ട്രെയ്‌ലർ എത്തുക. ഈ മാസം 25 നാണ് ഫന്റാസ്റ്റിക് ഫോർ റിലീസിനെത്തുക.
2022ൽ പുറത്തിറങ്ങിയ ‘അവതാർ: ദ് വേ ഓഫ് വാട്ടർ’ എന്ന സിനിമയുടെ തുടർച്ചയാണ് ‘അവതാർ: ഫയർ ആൻഡ് ആഷ്’. സാം വർതിങ്ടൺ, സോയ് സൽദാന, സ്റ്റീഫൻ ലാങ്, ജോയൽ ഡേവിഡ്, ദിലീപ് റാവു, ബ്രിട്ടൻ ഡാൽടൺ, ഫിലിപ് ഗെൽജോ, ജാക്ക് ചാമ്പ്യൻ എന്നിവർ അതേ കഥാപാത്രങ്ങളായി മൂന്നാം ഭാഗത്തിലുമെത്തും. ട്വന്റീത്ത് സെഞ്ചറി സ്റ്റുഡിയോസ് വിതരണം ചെയ്യുന്ന സിനിമ ഈ വർഷം ഡിസംബർ 19ന് തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates