"ഷാരൂഖ് ഖാൻ വരെ വിമിർശിക്കപ്പെടുന്നു ; പിന്നെയാണോ ഇബ്രാഹിം"; ഇബ്രാഹിം അലി ഖാൻ നേരിട്ട വിമർശനത്തെക്കുറിച്ച് പൃഥ്വിരാജ്
സർസമീൻ സിനിമയിലെ സഹനടനായ ഇബ്രാഹിം അലി ഖാൻ നേരിട്ട വിമർശനങ്ങളെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ . 'സർസമീൻ എന്ന തന്റെ പുതിയ ബോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷൻ സമയത്ത് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രഥ്വിരാജ് അഭിപ്രായം വ്യക്തമാക്കിയത്.
"സർസമീനിൽ ഇബ്രാഹിം അതിശയകരമായ രീതിയിൽ അഭിനയിച്ചിട്ടുണ്ട് ,പക്ഷേ അത് ഒന്നിനും അറുതി വരുത്താൻ പോകുന്നില്ല. ഷാരൂഖ് ഖാൻ സാറിനെ ഇപ്പോഴും വിമർശിക്കാൻ വരാറുണ്ട്, എന്തുകൊണ്ട് ഇബ്രാഹിം അലി ഖാനെയും വിമർശിച്ചുകൂടാ? നോക്കൂ ഞാൻ എവിടെ നിന്നാണ് വരുന്നത്, മോഹൻലാൽ സാറിനെയും മമ്മൂട്ടി സാറിനെയും ഇപ്പോഴും ആളുകൾ വിമർശിക്കുന്നു. അത് ഒരിക്കലും അവസാനിക്കില്ലെന്ന് നമുക്ക് മനസ്സിലാക്കാൻ അതിലും വലുതായി ഒന്നുമില്ല. ഇതൊന്നും ആരുടേയും ഒന്നിന്റേയും അവസാനവുമല്ല" പൃഥ്വിരാജ് വ്യക്തമാക്കി.
സിനിമയ്ക്ക് വേണ്ടി വളരെയധികം പരിശ്രമിച്ചിട്ടുള്ള വ്യക്തിയാണ് ഇബ്രാഹിം എന്നാണ് അഭിമുഖത്തിൽ താരം പറയുന്നത്. 'ആ കുട്ടി'ക്ക് തന്റെ കഥാപാത്രത്തിന്റെ വലുപ്പം സംബന്ധിച്ച് ആദ്യ ദിവസം തന്നെ അറിവുണ്ടായിരുന്നു. സംവിധായകൻ കയോസ് ഇറാനിയുമായി ഒരു വർഷത്തിലേറെയായി ഇബ്രാഹിം പ്രവർത്തിച്ചിട്ടുണ്ട് .കഥാപാത്രത്തെ മനസ്സിലാക്കാൻ ഇബ്രാഹിം 'നല്ല പരിശീലനം നേടിയിരുന്നു' അദ്ദേഹം പറഞ്ഞു.
ടെക്നിക്കലി സർസമീനാണ് ഇബ്രാഹിമിന്റെ ആദ്യ സിനിമയെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരു യുവനടന് കിട്ടാവുന്നതിൽ തന്നെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയുമാണ് ഇബ്രാഹിമിന് ഈ സിനിമയിലൂടെ കിട്ടിയതെന്നും താരം വ്യക്തമാക്കി.
നദാനിയൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ഇബ്രാഹിം അലി ഖാൻ. ചിത്രം പുറത്തിറങ്ങിയതിന് ശേഷം കടുത്ത വിമർശനങ്ങളാണ് ഇബ്രാഹിമിനും സിനിമയിൽ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടി ഖുഷി കപൂറിനും നേരിടേണ്ടി വന്നത്.
കയോസ് ഇറാനി സംവിധാനം ചെയ്യുന്ന സർസമീൻ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, ഇബ്രാഹിം അലി ഖാൻ, കജോൾ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ജൂലൈ 25 ന് ഒടിടിയിലാണ് ചിത്രം പ്രദർശിപ്പിക്കുക, ഇബ്രാഹിമിന്റെ രണ്ടാമത്തെ ചിത്രമാണിത്. തീവ്രവാദത്തിനെതിരെ പോരാടുന്ന ഒരു സൈനികനായാണ് പൃഥ്വിരാജ് സിനിമയിൽ അഭിനയിക്കുന്നത്, പൃഥ്വിരാജിന്റെ മകനായാണ് ഇബ്രാഹിം സിനിമയിലെത്തുന്നത്. പൃഥ്വിരാജിന്റെ ഭാര്യയായി കജോൾ അഭിനയിക്കുന്നു.
Prithviraj Sukumaran opened up about the criticism Ibrahim Ali Khan faced after debuting with Nadaaniyan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

