വർഷങ്ങളായി ടെലിവിഷൻ പരമ്പരകളിൽ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. ചിദംബരം സംവിധാനം ചെയ്ത ബാലൻ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് ഒരു മടങ്ങി വരവ് നടത്തിയിരിക്കുകയാണ് ബീന ഇപ്പോൾ. ഷംനാത്ത എന്ന 'ബാലനി'ലെ ബീനയുടെ കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മിനി സ്ക്രീനിൽ നിന്ന് വരുന്നവർക്ക് ബിഗ് സ്ക്രീനിൽ ആരും ചാൻസ് കൊടുക്കാറില്ലെന്ന് പറയുകയാണ് ബീന.
ബാലൻ അണിയറപ്രവർത്തകർ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടി. "കുറേ വർഷമായി ഞാനിങ്ങനെ സീരിയലിൽ തന്നെ നിൽക്കുകയായിരുന്നു. മഞ്ഞുമ്മൽ ബോയ്സ് ഇറങ്ങിയപ്പോൾ എനിക്ക് ഭയങ്കര സങ്കടമായിരുന്നു. ഒന്നാമത് ഞാൻ മഞ്ഞുമ്മൽകാരിയാണ്. അവിടുത്തെ ഒരു ആക്ടസ് ആണ്.
ചിദംബരവും ഗണപതിയും സീരിയലിൽ എന്റെ മക്കളായിട്ട് അഭിനയിച്ചിട്ടുണ്ട്. ചിദംബരം ആലിപ്പഴത്തിൽ എന്റെ മകനായിരുന്നു. എത്രയോ വർഷം എന്റെ മകനായിരുന്നു. ഗണപതിയാണെങ്കിൽ കുഞ്ഞാലി മരക്കാറിലും. ഉമ്മയും മോനും ആയിട്ടാണ് ഞങ്ങൾ അതിൽ അഭിനയിച്ചത്. ഇവർ രണ്ടു പേരും എന്നെ പരിഗണിച്ചില്ലല്ലോ എന്നൊരു സങ്കടം എനിക്കുണ്ടായിരുന്നു.
എന്നിട്ട് ഞാൻ ചിദംബരത്തിന് ഒരു മെസേജ് ഇൻസ്റ്റഗ്രാമിൽ ഇട്ടു. അമ്മയായ എന്നെ പരിഗണിച്ചില്ലല്ലോ എന്ന് പറഞ്ഞ്. പക്ഷേ അതവൻ മൈൻഡ് ചെയ്തില്ല".- ബീന ആന്റണി പറഞ്ഞു. "മിനി സ്ക്രീനിലുള്ളവർക്ക് പൊതുവേ ബിഗ് സ്ക്രീനിൽ ആരും ചാൻസ് കൊടുക്കാറില്ല. എനിക്ക് ആദ്യമായിട്ടാണ് കിട്ടിയത്. പൊതുവേ പറയുന്നത്, സീരിയലിൽ അഭിനയിച്ച് കഴിഞ്ഞാൽ പിന്നെ അവരെ കൊള്ളില്ല, ഭയങ്കര ഓവർ ആക്ടിങ് ആണ്.
അവർക്ക് അഭിനയിക്കാൻ അറിയില്ല എന്നൊക്കെ പറഞ്ഞ് എപ്പോഴും തഴയപ്പെടുന്നത് ആണ്. ഗണപതി എന്തോ അങ്ങനെയൊരു റിസ്ക് എടുത്തു. ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് 35 വർഷമായി. പണ്ട് ഏകദേശം 30 ഓളം സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. യോദ്ധ പോലെയുള്ള ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാൽ എനിക്ക് അത്ര നല്ല അഭിനയമൊന്നും അറിയില്ല.
അന്ന് പിന്നെ ചെറു പ്രായം കൂടിയായിരുന്നല്ലോ. ഇപ്പോഴൊക്കെ പിന്നെ സീരിയലിൽ ഇത്രയും ചെയ്തതിന്റെ ഒരു അനുഭവത്തിന്റെ പുറത്ത് ഇവർ പറയുന്നതുപോലെ കഥാപാത്രത്തെ ഉൾക്കൊണ്ട് ചെയ്യാനുള്ള ഒരു കോൺഫിഡൻസൊക്കെയുണ്ട്. പണ്ട് അത്രയ്ക്കൊന്നും അറിയില്ലല്ലോ. നമ്മളിങ്ങനെ പേടിച്ചു നിൽക്കുമല്ലോ.
എത്ര സീരിയലിറങ്ങി, എത്ര അവാർഡ് കിട്ടി എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. എനിക്ക് മൂന്ന് സ്റ്റേറ്റ് അവാർഡ് കിട്ടിയിട്ടുണ്ട്. ബീന ആന്റണി എന്ന് പറഞ്ഞ് അവിടെ രേഖപ്പെടുത്താൻ ഒന്നും ഒരു കഥാപാത്രം പോലുമുണ്ടാകില്ല.
അപ്പോൾ എത്ര തലമുറ കഴിഞ്ഞാലും എന്നിലുള്ള അഭിനേത്രിയുടെ എന്തെങ്കിലും കുറച്ച് എവിടെയെങ്കിലും രേഖപ്പെടുത്തണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. അതിന് ദൈവം സഹായിച്ചുവെന്ന് മാത്രമേ ഞാനിപ്പോൾ പറയുന്നുള്ളൂ".- ബീന ആന്റണി പറഞ്ഞു.