2025 അവസാനിക്കുകയാണ്. മലയാള സിനിമയ്ക്ക് ഏറെ നിര്‍ണായകമായൊരു വര്‍ഷമാണ് കടന്നു പോവുന്നത്. മലയാളത്തിന്റെ മണ്ണില്‍ കാലുറപ്പിച്ചു നിന്നു കൊണ്ട് തന്നെ പാന്‍ ഇന്ത്യന്‍ വിജയം നേടിയ സിനിമകളും പരീക്ഷണ ചിത്രങ്ങളുടെ വിജയങ്ങളും 2025 ല്‍ കണ്ടു. പുതിയ താരങ്ങളുടെ ഉദയത്തിനും പഴയവരുടെ തിരിച്ചുവരവിനും 2025 കളമൊരുക്കി. താരമൂല്യത്തേക്കാള്‍ മൂല്യമുണ്ട് കണ്ടന്റിന് എന്ന് മലയാള സിനിമ ഒരിക്കല്‍ കൂടി ഇന്ത്യന്‍ സിനിമാ ലോകത്തിന് കാണിച്ചു കൊടുത്ത വര്‍ഷം കൂടിയാണ് കടന്നു പോകുന്നത്.
മുന്‍ വിജയങ്ങളുടെ ഫോര്‍മുല പിന്തുടരാതെ, പുതിയ പാതകള്‍ വെട്ടിത്തുറക്കുന്ന സിനിമകളായിരുന്നു 2025 ല്‍ ബോക്‌സ് ഓഫീസില്‍ വിജയം കണ്ടവയെല്ലാം. ഹൊറര്‍, സൂപ്പര്‍ ഹീറോ, ഫാമിലി ഡ്രാമ, കോമഡി, ഹൊറര്‍ കോമഡി, ത്രില്ലര്‍ അങ്ങനെ വിവിധി ജോണറുകളിലൂടെ മലയാള സിനിമയുടെ റേഞ്ചിന്റെ ഷോക്കേസിങ് ആയിരുന്നു പോയ വര്‍ഷം കണ്ടത്. ഒരേ പോലെയുള്ള സിനിമകള്‍ സൃഷ്ടിച്ച് സേഫ് ഗെയിം കളിക്കാന്‍ തയ്യാറാകാത്ത ഫിലിംമേക്കേഴ്‌സിന്റെ ധീരതയ്ക്കും ക്രിയേറ്റിവിറ്റിയ്ക്കും മലയാളി ബോക്‌സ് ഓഫീസ് നിറച്ചു കൊണ്ട് തന്നെയാണ് നന്ദി പറഞ്ഞത്. നല്ല സിനിമകളുടെ ഒരു വര്‍ഷം കടന്നുപോകുമ്പോള്‍ 2025 നെ ഡിഫൈന്‍ ചെയ്ത മലയാള സിനിമകള്‍.
മലയാള സിനിമയുടെ 2025 ന്റെ വിജയയാത്ര ആരംഭിക്കുന്നത് ആസിഫ് അലി ചിത്രം രേഖാചിത്രത്തിലൂടെയാണ്. സിനിമയ്ക്കുള്ള സിനിമയെക്കുറിച്ച് സംസാരിക്കുന്ന സിനിമയൊരുക്കിയത് ജോഫിന്‍ ടി ചാക്കോയായിരുന്നു. സിനിമയുടെ മാജിക് അനുഭവഭേദ്യമാക്കിയ സിനിമയില്‍ അനശ്വര രാജന്‍ ടൈറ്റില്‍ കഥാപാത്രമായപ്പോള്‍ മനോജ് കെ ജയന്‍, സിദ്ധീഖ്, സായ്കുമാര്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, നിശാന്ത് സാഗര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. തിരക്കഥ തന്നെയാണ് താരമെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ട സിനിമ. ചെറിയ ബജറ്റിലും മികച്ച സാങ്കേതിക മികവ് പുലര്‍ത്തിയ ചിത്രം കൂടിയായിരുന്നു രേഖാചിത്രം. ആസിഫ് അലിയുടെ പൊലീസ് കഥാപാത്രവും അനശ്വരയുടെ രേഖയും പോയ വര്‍ഷത്തെ മറക്കാനാകാത്ത പ്രകടനങ്ങളില്‍ ഉള്‍പ്പെടുത്താം.
സമീപകാലത്തെ ഏറ്റവും മികച്ച നായകനാണ് പെന്‍മാലിനെ പിപി അജേഷ്. മധ്യവര്‍ഗ മലയാളിയുടെ ജീവിതത്തിലെ ആകുലതകളിലേക്കും അവസാനിക്കാത്ത ഓട്ടപ്പാച്ചിലിലേക്കും നിസ്സഹായതയിലേക്കും തുറന്നു പിടിച്ച കണ്ണാടിയായിരുന്നു പെന്‍മാന്‍. ജിആര്‍ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവിന്റെ ചലച്ചിത്രാവിഷ്‌കാരം. ടോക്‌സിക് മസ്‌കുലാനിറ്റി ആഘോഷിക്കപ്പെടുന്ന കാലത്ത് മസ്‌കുലാനിറ്റിയുടെ വേറിട്ടൊരു അവതരണമായിരുന്നു അജേഷിലൂടെ സംവിധായകന്‍ ജോതിഷ് ശങ്കര്‍. ബേസിലിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കണ്ട സിനിമയില്‍ സജിന്‍ ഗോപു, ലിജോ മോള്‍ ജോസ്, ആനന്ദ് മന്മഥന്‍ തുടങ്ങിയവരും തങ്ങളുടെ പ്രകടനം കൊണ്ട് സ്വയം അടയാളപ്പെടുത്തി. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സീനുകളിലൊന്നാണ് പൊന്‍മാനിലെ ബേസിലിന്റെ മോണോലോഗ്. 2025ലെ ഒരു നായകനടന്റെ ഏറ്റവും മികച്ച പ്രകടനവും പൊന്‍മാന് സധൈര്യം അവകാശപ്പെടാം.
മോഹന്‍ലാല്‍ ബോക്‌സ് ഓഫീസ് തിരിച്ചുപിടിച്ച വര്‍ഷമായിരുന്നു 2025. ആദ്യം വന്ന എമ്പുരാന്‍ വലിയ കളക്ഷന്‍ നേടിയെങ്കിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും, മലയാളി ഇഷ്ടപ്പെടുന്ന, മലയാളത്തിന്റെ മോഹന്‍ലാലിന്റെ തിരിച്ചുവരവായി. മോഹന്‍ലാല്‍-ശോഭന കോമ്പോ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച സിനിമ പ്രകാശ് വര്‍മയുടെ ഐക്കോണിക് വില്ലന്‍ കഥാപാത്രം കൊണ്ടും ബോക്‌സ് ഓഫീസില്‍ തരംഗമായി. ജേക്‌സ് ബിജോയിയുടെ സംഗീതവും സിനിമയെ മികച്ച രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്നതായിരുന്നു. താരങ്ങളുടെ പ്രകടനവും തരുണിന്റെ മേക്കിങുമെല്ലാം തുടരുമിനെ പോയ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നാക്കി മാറ്റുന്നതായിരുന്നു.
2025 ന്റെ സിനിമയാണ് ലോക. പോയ വര്‍ഷം ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മാറിയ സിനിമ. സൂപ്പര്‍ ഹീറോ സിനിമകളൊരുക്കാന്‍ വലിയ ബജറ്റല്ല, വിശാലമായ ചിന്തയാണ് വേണ്ടതെന്ന് മലയാള സിനിമ കാണിച്ചു കൊടുക്കുകയായിരുന്നു ലോകയിലൂടെ. ഡൊമിനിക് അരുണ്‍ ഒരുക്കിയ സിനിമ സ്ത്രീപക്ഷ സിനിമകളുടെ ഓണ്‍സ്‌ക്രീന്‍ നരേറ്റീവിലും ഓഫ് സ്‌ക്രീന്‍ നരേറ്റീവിലും പുതിയൊരു ബദലായി മാറി. മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ഹിറ്റായി മാറുകയും ചെയ്തു ലോക. വരാനിരിക്കുന്ന നാല് സിനിമകള്‍ അടങ്ങിയ ലോക യൂണിവേഴ്‌സിന് കരുത്തുറ്റ അടിത്തറ പാകാനും കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രത്തിന് സാധിച്ചു. കല്യാണിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കണ്ട സിനിമയില്‍ നസ്ലെന്‍, ചന്തു സലീം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ അതിഥി വേഷങ്ങളിലുമെത്തി. ലോകയുടെ വരും ഭാഗങ്ങള്‍ കാണാന്‍ ഇന്ത്യന്‍ സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്.
Malayalam Cinema2024 കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ തിളങ്ങിയ ഫെമിനിച്ചി ഫാത്തിമ ഈ വര്‍ഷമാണ് തിയേറ്ററിലെത്തിയത്. ചിരിയിലൂടെ ചിന്തിപ്പിക്കുന്ന ഫെമിനിച്ചി ഫാത്തിമ സ്ത്രീപക്ഷ രാഷ്ട്രീയം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ സിനിമയാണ്. സട്ടിലായ കഥപറച്ചിലും, പരിഹസിച്ച് പരിഹരിക്കുന്ന തമാശയുമായി പോയ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ഫെമിനിച്ചി ഫാത്തിമ മാറി. ചിത്രത്തിലെ പ്രകടനത്തിന് ഷംല ഹംസയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമെത്തി. യുവ സംവിധായകന്‍ ഫാസില്‍ മുഹമ്മദ് ആയിരുന്നു ചിത്രമൊരുക്കിയത്.
നടന്‍ എന്ന നിലയില്‍ പ്രണവ് മോഹന്‍ലാല്‍ തന്നെ അടയാളപ്പെടുത്തിയ ചിത്രമാണ് ഡീയസ് ഈറെ. ഹൊറര്‍ സിനിമയൊരുക്കുന്നതില്‍ രാഹുല്‍ സദാശിവന്‍ പുതിയൊരു ബെഞ്ച് മാര്‍ക്ക് തന്നെ ഡീയസ് ഈറെയിലൂടെ സൃഷ്ടിച്ചു. ഈ ജോണറില്‍ തനിക്കുള്ള മികവ് അദ്ദേഹം ഒരിക്കല്‍ കൂടി തെളിയിച്ചപ്പോള്‍, നടന്‍ എന്ന നിലയില്‍ തന്റെ അച്ഛന്റെ നിഴലില്‍ നിന്നും പുറത്ത് കടക്കുന്ന പ്രണവിനെയാണ് ഡീയസ് ഈറെയില്‍ കണ്ടത്. ശബ്ദത്തിനും ശബ്ദമില്ലായ്മയ്ക്കും ഏത്രത്തോളം ഭയപ്പെടുത്താനാകുമെന്ന് ഡീയസ് ഈറെ കാണിച്ചു തന്നു. പ്രിന്‍സ് ഫ്രാന്‍സിസിന്റെ ഛായാഗ്രഹവും ചിത്രത്തിന്റെ മൂഡിനെ എലിവേറ്റ് ചെയ്യുന്നതായിരുന്നു. സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നാണ് ഡീയസ് ഈറെ.
കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രത്തിലൂടെ പോയ വര്‍ഷം മലയാള സിനിമയുടെ സീന്‍ മാറ്റിയവരാണ് ദില്‍ജീത്ത് അയ്യത്താന്‍-ബാഹുല്‍ രമേശ് കൂട്ടുകെട്ട്. ഇക്കൊല്ലം ഇരുവരുമെത്തിയത് സന്ദീപ് പ്രദീപിനെ നായകനാക്കിയൊരുക്കിയ എക്കോയുമായാണ്. താരമൂല്യത്തേക്കാള്‍, എഴുത്തിന്റെ മാജിക്കില്‍ ഡിപ്പന്റ് ചെയ്ത സിനിമ പ്രേക്ഷകര്‍ക്കൊരു പുതിയ അനുഭവമായി മാറുകയായിരുന്നു. സന്ദീപ് പ്രദീപ് എന്ന യുവനടനില്‍ മലയാള സിനിമയുടെ ഭാവി പ്രതീക്ഷകള്‍ ധൈര്യമായി ഏല്‍പ്പിക്കാമെന്ന് ഉറപ്പിച്ചു പറഞ്ഞ ചിത്രത്തിലെ വിനീത്, നരെയ്ന്‍, സൗരഭ് സച്ച്‌ദേവ, ബിനു പപ്പു തുടങ്ങിയവരുടെ പ്രകടനങ്ങളും ശ്രദ്ധേയമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates