അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ബന്ദര്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ചിത്രവും ചിത്രത്തിലെ ബോബി ഡിയോളിന്റെ പ്രകടനവും കയ്യടി നേടുകയാണ്. ബോബിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്നാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. അതേസമയം, ബേബി ഡിയോളിന്റെ കരിയറിലെ മോശം കാലം ഓർമിപ്പിക്കുന്നതാണ് ചിത്രമെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഇതിനിടെ തനിക്ക് സൂപ്പര്‍ ഹിറ്റ് ചിത്രം ജബ് വി മെറ്റ് നഷ്ടമായതിനെക്കുറിച്ച് ബോബി ഡിയോള്‍ പറഞ്ഞ വാക്കുകളും ചര്‍ച്ചയാവുകയാണ്. ബന്ദറിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയൊരു അഭിമുഖത്തിലാണ് ബോബി ഡിയോള്‍ മനസ് തുറന്നത്.
കരീന കപൂറും ഷാഹിദ് കപൂറും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ജബ് വി മെറ്റ്. ഇംത്യാസ് അലി സംവിധാനം ചെയ്ത ചിത്രം കരീനയുടെ കരിയറിലെ വഴിത്തിരിവായിരുന്നു. ഷാഹിദിനും ചിത്രം സമ്മാനിച്ചത് വലിയ നേട്ടങ്ങളാണ്. എന്നാല്‍ ഈ ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത് ബോബി ഡിയോള്‍ ആയിരുന്നു. ചിത്രത്തിലേക്ക് കരീനയെ കൊണ്ടു വന്നതു പോലും ബോബിയായിരുന്നു.
ഇംത്യാസ് അലിയുടെ ആദ്യ ചിത്രം സോച്ഛാ നാ ദായുടെ നിര്‍മാണം ഡിയോള്‍ കുടുംബത്തിന്റെ നിര്‍മാണ കമ്പനിയായ വിജേത ഫിലിംസ് ആയിരുന്നു. ബോബിയുടെ കസിന്‍ അഭയ് ഡിയോള്‍ ആയിരുന്നു നായകന്‍. സോച്ഛാ നാ ദായുടെ ചിത്രീകരണത്തിനിടെ തന്നെ ബോബിയ്ക്ക് ഇംത്യാസിന്റെ ശൈലി ഇഷ്ടമായി. അങ്ങനെയാണ് ഇരുവരും ചേര്‍ന്ന് ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. അന്ന് ചിത്രത്തിന് ഇട്ട പേര് ഗീത് എന്നായിരുന്നു. ജബ് വീ മെറ്റില്‍ കരീനയുടെ കഥാപാത്രത്തിന്റെ പേരാണ് ഗീത്.
കരീനയ്ക്ക് തിരക്കഥ നരേറ്റ് ചെയ്തതും ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിപ്പിച്ചതും ബോബിയായിരുന്നു. പിന്നീട് ചിത്രം നിര്‍മിക്കാന്‍ ശ്രീ അഷ്ടവിനായക് സിനിമ വിഷനെ സമീപിച്ചതും ബോബിയായിരുന്നു. എന്നാല്‍ അവര്‍ ചിത്രം നിര്‍മിക്കാന്‍ തയ്യാറായില്ല. ഇതോടെ സിനിമ വൈകി. പിന്നീട് കരീനയുടെ കാമുകനായ ഷാഹിദ് കപൂറിനെ നായകനാക്കി സിനിമ ചെയ്യുന്നതായി അറിഞ്ഞുവെന്നും അത് തന്നെ തകര്‍ത്തുകളഞ്ഞുവെന്നുമാണ് ബോബി പറയുന്നത്.
''എന്റെ ഹൃദയം തകര്‍ന്നിരുന്നു. ആ സമയത്ത് എനിക്ക് അത്തരമൊരു സിനിമ ആവശ്യമായിരുന്നു. പക്ഷെ ആ വേദനയും ദേഷ്യവും എന്റെ കരുത്താക്കി ഞാന്‍ മാറ്റി'' എന്നാണ് ബോബി പറഞ്ഞത്. അതേസമയം ബോബിയെ വച്ച് ചിത്രം ചെയ്യാനായി താന്‍ രണ്ട് വര്‍ഷം കാത്തിരുന്നുവെന്നാണ് ഇംത്യാസ് പറയുന്നത്. ബോബിയുടെ വലിയ പ്രൊജക്ടുകളും ചിത്രം വൈകാന്‍ കാരണമായി. സാമ്പത്തിക പ്രതിസന്ധികള്‍ കാരണം സിനിമ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇംത്യാസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates