'വിസില് പറക്കട്ടുമേ...തലൈവർ ഇറങ്കട്ടുമേ... സരിതം എഴുതട്ടുമേ...കൂ..കൂലി പവർ ഹൗസ്...' ഈ ഒരു മൂഡിൽ തന്നെയാണ് കൂലിക്കു ടിക്കറ്റെടുത്തത്. കൂലി പ്രഖ്യാപനം മുതൽ തന്നെ സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞ ഒരു വാക്യത്തിൽ നിന്ന് തന്നെ തുടങ്ങാം, കൂലി ഒരു എൽസിയു ചിത്രമല്ല. അതെ ഇതിലും ഭേദം എൽസിയുവിലെ എന്തെങ്കിലും ഒക്കെ കുത്തികേറ്റി എന്തെങ്കിലും സിനിമാറ്റിക് എക്സ്പീരിയൻസ് തരുന്നതായിരുന്നു നല്ലത്.
കൂലി ഒരു ലോകേഷ് ചിത്രമാണോ എന്ന് ചോദിച്ചാൽ കണ്ണും പൂട്ടി പറയാം അല്ലാ എന്ന്. കാരണം ലോകേഷ് എന്ന ഫിലിംമേക്കറിൽ നിന്ന് ഇതിലും മികച്ച സിനിമകൾ മുൻപ് കിട്ടിയിട്ടുള്ളതു കൊണ്ട് തന്നെയാണ് ഇങ്ങനെ പറയുന്നത്. കൂലിയുടെ ഏറ്റവും വലിയ പോരായ്മയായി തോന്നിയത് യാതൊരു അന്തവും കുന്തവുമില്ലാതെ സഞ്ചരിക്കുന്ന തിരക്കഥ തന്നെയാണ്. അഭിനയിച്ചിരിക്കുന്നവർക്ക് പോലും എന്താണ് നടക്കുന്നതെന്ന് യാതൊരു ബോധവുമില്ലാത്ത പോലെയാണ് കൂലിയുടെ കഥയുടെ പോക്ക്.
സാധാരണ ലോകേഷിന്റെ സിനിമകളിൽ കാരക്ടർ ഇൻട്രോകൾക്കെല്ലാം ഒരു ഫ്രെഷ്നസ് ഉണ്ടാകും. എന്നാൽ കൂലിയിൽ അതെല്ലാം മിസ് ആയതുപോലെ തോന്നി. രജനികാന്തിന്റെ ഇൻട്രോ പോലും തിയറ്ററിൽ ഒരു ഇംപാക്ട് നൽകിയില്ല എന്നതാണ് വാസ്തവം. ആകെ മൊത്തം ഒരു പാസമാണ് കൂലി. നൻപൻ പാസം, അപ്പ പാസം, കൂലി പാസം... അങ്ങനെ ആകെ മൊത്തം ഒരു സീരിയൽ മൂഡാണ്. ഫസ്റ്റ് ഹാഫിനേക്കാൾ സിനിമ എൻഗേജിങ് ആയി തോന്നിയത് സെക്കന്റ് ഹാഫിലാണ്.
പെർഫോമൻസിലേക്ക് വന്നാൽ എല്ലാവരും അവനവന്റെ ഭാഗം മികച്ചതാക്കി എന്നല്ലാതെ എടുത്തുപറയത്തക്കതായി ഒന്നും തന്നെയില്ല. സിനിമ കഴിഞ്ഞാലും മനസിൽ നിന്ന് മായാതെ നിൽക്കുന്ന ഒരേ ഒരു കഥാപാത്രം രചിത റാം അവതരിപ്പിച്ച കല്യാണിയാണ്. സിനിമയുടെ ഒരു പീക്ക് ലെവലിലേക്ക് എത്തുമ്പോഴുള്ള കല്യാണിയുടെ ട്രാൻസ്ഫർമേഷൻ മാത്രമാണ് ആകെ ഫ്രെഷ് ആയി തോന്നിയത്.
കല്യാണി എന്ന ആക്ഷൻ രംഗങ്ങളിലും രചിതയ്ക്ക് കൈയടി നൽകിയേ പറ്റു. മറ്റൊരു കഥാപാത്രം സൗബിന്റേതാണ്. ദയാൽ എന്ന ഒരു മുഴുനീള കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിച്ചിരിക്കുന്നത്. മലയാളവും തമിഴുമൊക്കെ കൂട്ടിക്കലർത്തിയാണ് സൗബിന്റെ ഡയലോഗുകൾ ലോകേഷ് ഒരുക്കിയിരിക്കുന്നത്.
മഞ്ഞുമ്മൽ ബോയ്സ് കണ്ട് സൗബിനോട് ലോകേഷിന് തോന്നിയ ആരാധനയാണ് ദയാൽ എന്ന കഥാപാത്രത്തിന് പിന്നിലെന്ന് തോന്നുന്നു. എന്തായാലും സൗബിൻ തന്നെ കൊണ്ടാകും വിധം നന്നായി ചെയ്തിട്ടുണ്ട്. ഇനിയും നിരവധി അവസരങ്ങൾ മറ്റു ഭാഷകളിൽ നിന്ന് സൗബിനെ തേടിയെത്തട്ടെ.
ഇനി പറയേണ്ടത് രജനികാന്ത്, നാഗാർജുന, ഉപേന്ദ്ര, ആമിർ ഖാൻ, സത്യരാജ്, ശ്രുതി ഹാസൻ എന്നീ വൻ താരങ്ങളെക്കുറിച്ചാണ്. ലോകേഷ് തലൈവരെ കൊണ്ട് എന്താണ് ചെയ്യിപ്പിക്കാൻ പോകുന്നത് എന്ന് കാണാനാണ് കൂലിക്ക് ടിക്കറ്റെടുത്തത് തന്നെ. സത്യം പറയാലോ, അക്കാര്യത്തിൽ ലോകേഷ് നിരാശപ്പെടുത്തി എന്ന് തന്നെ പറയാം. ശരിക്കു പറഞ്ഞാൽ ജയിലറിൽ നെൽസൺ ഇറക്കി ചെയ്തതിന്റെ ചെറിയൊരു ഛായ കാച്ചൽ അല്ലേ ഇതെന്ന് തോന്നിപ്പോകും. ഇമോഷണൽ കണക്ഷൻ പോലും പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യാൻ ലോകേഷിനായിട്ടില്ല എന്നതാണ് വാസ്തവം.
ലോകത്തുള്ള സകലമാന കൂലിത്തൊഴിലാളികളുടെയും രക്ഷകൻ ദേവരാജ് എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തിയിരിക്കുന്നത്. കൂലികൾക്ക് എന്ത് പ്രശ്നമുണ്ടായാലും അത് പരിഹരിക്കാൻ ദേവയുണ്ടാകും. അതിനായിട്ട് കുടുംബം ഉപേക്ഷിക്കണമെങ്കിൽ അങ്ങനെ, അതാണ് ദേവയുടെ ഒരു ലൈൻ. ഇത്രയും വലിയ ഒരു മാസ് ആക്ഷൻ പടം ആയിരുന്നിട്ട്, തലൈവരെ പോലെയൊരു നടനെ കൈയിൽ കിട്ടിയിട്ട് അദ്ദേഹത്തിന് ഒരു പഞ്ച് ഡയലോഗ് പോലും കൊടുക്കാൻ ലോകേഷിനെ കൊണ്ട് ആയില്ലല്ലോ.
മറ്റൊന്ന് നാഗാർജുനയുടെ സൈമൺ എന്ന കഥാപാത്രമാണ്. നാഗാർജുനയുടെ കരിയറിലെ ആദ്യത്തെ വില്ലനാണ് സൈമൺ. ശരിക്കു പറഞ്ഞാൽ സിനിമയിൽ നാഗാർജുന അറിഞ്ഞ് വിളയാടാൻ ഒരുക്കമാണ്, പക്ഷേ ലോകേഷ് എന്തെങ്കിലും തന്നാൽ അല്ലേ ചെയ്യാൻ പറ്റൂ എന്ന ലെവലിലേക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പോക്ക്. സൈമൺ വന്ന് നിൽക്കുമ്പോൾ തന്നെ ഇവൻ ദേവയുടെ കത്തിക്ക് തീരാനുള്ള പുറപ്പാടാണെന്ന് നമുക്ക് തോന്നുകയും ചെയ്യും.
അടുത്ത അതിഥിയാണ് ഉപേന്ദ്ര. ശരിക്കും രജനികാന്ത് എറിയുന്ന കോടാലി വാങ്ങി ഗുണ്ടകളെ വെട്ടാനല്ലാതെ ഉപേന്ദ്രയുടെ കഥാപാത്രത്തിന് പ്രത്യേകിച്ച് ഒരു റോളും, എന്തിന് ഡയലോഗ് പോലും സിനിമയിലില്ല. പിന്നെ ആകെയുള്ള പത്ത് മുപ്പത് വർഷം പുള്ളിയെ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയുമാണ്. അതിന്റെ ലോജിക് എന്താണെന്ന് സിനിമയിലെവിടെയും ലോകേഷ് ഒട്ടു പുറത്തു പറയുന്നുമില്ല. ഇനി ബ്രഹ്മാണ്ഡ കാരക്ടർ ആമിർ ഖാൻ ആണ്.
ദാഹ ഇന്ത്യയിലേക്ക് വരുന്നുണ്ട്, ദാഹ വരുന്നു എന്നൊക്കെ പറഞ്ഞ് വൻ ബിൽഡ്അപ്പിലാണ് ആമിർ ഖാൻ അവതരിപ്പിക്കുന്ന ദാഹ വരുന്നത്. ചുമ്മാ വന്ന് ബീഡിയും കത്തിച്ചിട്ടു പോകുന്നതല്ലാതെ ദാഹയെക്കൊണ്ടും പ്രത്യേകിച്ച് ഒന്നും ചെയ്യിപ്പിച്ചിട്ടില്ല ലോകേഷ്.
കഥ പോലും കേൾക്കാതെ വന്ന് അഭിനയിച്ചാൽ എങ്ങനെയിരിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആമിറിന്റെ ദാഹ. പക്ഷേ ആമിർ ഖാന്റെ മൊത്തത്തിലുള്ള ലുക്കും ഗെറ്റപ്പുമൊക്കെ കൊള്ളാമായിരുന്നു. ശ്രുതി ഹാസൻ, സത്യരാജ് എന്നിവര്‍ക്ക് എടുത്തു പറയത്തക്ക ഹൈ പെർഫോമൻസ് ഒന്നുമില്ലായിരുന്നുവെങ്കിലും വെറുപ്പിച്ചിട്ടില്ല രണ്ട് പേരും.
ഇനി ടെക്നിക്കൽ സൈഡിലേക്ക് വന്നാൽ എല്ലാം മോശമായിരുന്നു. അനിരുദ്ധിന്റെ പാട്ടും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും വിഎഫ്എക്സും ഒന്നും അത്ര മികച്ചതായി തോന്നിയില്ല. തലൈവർ ഇറങ്കട്ടുമേ... വിസില് പറക്കട്ടുമേ എന്നൊക്കെ പറഞ്ഞ് അനിരുദ്ധ് കിടന്ന് അലറുമ്പോൾ നമ്മൾ എന്തൊക്കെയോ പ്രതീക്ഷിക്കും, പക്ഷേ അവസാനം ആ പ്രതീക്ഷ മാത്രമായിരിക്കും മിച്ചം.
ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും വളരെ ശോകമായിരുന്നു. വേണ്ടയിടത്തും വേണ്ടാത്തിടത്തുമെല്ലാം അനിരുദ്ധ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് മാക്സിമം കുത്തികേറ്റിയിട്ടുണ്ട്. എന്നാൽ നിലയില്ലാതെ പോകുന്ന തിരക്കഥയെ നേരെനിർത്താൻ അനിയുടെ ബാക്ക്ഗ്രൗണ്ട് സ്കോറിനും കഴിഞ്ഞിട്ടില്ല. ഇനി വിഎഫ്എക്സിലേക്ക് വന്നാൽ അതും നേരാംവണ്ണം വർക്കായിട്ടില്ല. പ്രത്യേകിച്ച് ആക്ഷൻ സീക്വൻസുകളിലൊക്കെ.
നാഗാർജുനയും രജനികാന്തും കോടാലി വച്ച് വെട്ടുന്ന രംഗവും അതുപോലെ വാച്ച് ചങ്ങല ഉപയോഗിക്കുന്ന സീനൊക്കെ നന്നായതായി തോന്നിയില്ല. എഐ ഉപയോഗിച്ച് ഫ്ലാഷ്ബാക്ക് സീനുകൾ ചെയ്തിരിക്കുന്നത് അത്ര മോശമല്ലാത്ത രീതിയിൽ അവതരിപ്പിച്ചിട്ടുമുണ്ട്.
ഗിരീഷ് ഗംഗാധരനാണ് കൂലിയുടെ ഛായാഗ്രഹണം നിർവഹിച്ചരിക്കുന്നത്. ആക്ഷൻ രംഗങ്ങളിലും വലിയ പുതുമയൊന്നും കൂലിയിൽ അവകാശപ്പെടാനില്ല, എന്ന് മാത്രമല്ല ഒന്നും ഒട്ടും റിയലിസ്റ്റിക്കുമല്ലായിരുന്നു.
എന്തിനാണ് ലോകേഷ് ഇങ്ങനെയൊരു പടം ചെയ്തത് എന്ന് തോന്നിപ്പോകും അവസാനം. രജനികാന്ത് ഉൾപ്പെടെയുള്ള താരങ്ങളെയൊക്കെ കാണാനായി വെറുതെ കണ്ടിരിക്കാം എന്നല്ലാതെ ലോകേഷിന്റെ ഒരു മസ്റ്റ് വാച്ച് പടമോ മികച്ച പടമോ അല്ല കൂലി. വേറെ പണിയൊന്നുമില്ലെങ്കിൽ ചുമ്മാ ഒന്ന് കണ്ട് നോക്കാം അത്ര തന്നെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates