Darshana Rajendran ഫയല്‍
Entertainment

കുട്ടികള്‍ക്ക് കളിപ്പാട്ടം കിട്ടുന്നത് പോലെയാണ് കൃഷാന്ദിന് സിനിമ; മറ്റാരും 'കാണാത്ത' ദര്‍ശനയാണ് 'നാലര സംഘ'ത്തില്‍

നിങ്ങള്‍ക്ക് പറയാനുള്ളത് പറഞ്ഞോളൂ, ഞാന്‍ പറഞ്ഞത് എന്തെന്ന് എനിക്കറിയാം

അബിന്‍ പൊന്നപ്പന്‍

ഒഴുക്കിനെതിരെയാണ് ദര്‍ശന രാജേന്ദ്രന്‍ എന്നും നിന്തിയിട്ടുള്ളത്. പരമ്പരാഗത നായികാസങ്കല്‍പ്പത്തിന് പിന്നാലെ പോകുന്നതല്ല ദര്‍ശനയുടെ കഥാപാത്രങ്ങളൊന്നും. നായികയായി മാത്രം തന്നെ ഒതുക്കി നിര്‍ത്തുകയും ചെയ്യുന്നില്ല ദര്‍ശന. സിനിമയില്‍ മാത്രമായി തന്നെ തളച്ചിടാനും ദര്‍ശന ഒരുക്കമല്ല. ഇന്ന് സിനിമയില്‍ കണ്ടാല്‍ നാളെ നാടക വേദിയിലാകും ദര്‍ശനയെ കാണുക. പിറ്റേദിവസം ഒടിടി സീരീസിലായിരിക്കും. അഭിനയം പുതുവഴികള്‍ തേടാനുള്ള മാര്‍ഗമാണെങ്കില്‍ തന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമാണ് ദര്‍ശനയെ മുന്നോട്ട് നയിക്കുന്ന ഇന്ധനം.

ഈയ്യടുത്തിറങ്ങിയ സോണി ലിവിന്റെ സംഭവവിവരണം നാലരസംഘം എന്ന കൃഷാന്ദ് ഒരുക്കിയ സീരീസിലൂടെ തന്നിലെ നടിയെ ഒന്നുകൂടി പുതുക്കിയെടുക്കുകയാണ് ദര്‍ശന. നാലര സംഘത്തെക്കുറിച്ചും തന്റെ സിനിമാ സങ്കല്‍പ്പങ്ങളെക്കുറിച്ചുമൊക്കെ സമകാലിക മലയാളത്തോട് സംസാരിക്കുകയാണ് ദര്‍ശന.

നാലര സംഘത്തിന് കൈ കൊടുക്കുന്നത് എങ്ങനെയാണ്?

കൃഷാന്ദ് എന്ത് കൊണ്ടുവന്നാലും ഞാന്‍ ഓക്കെ പറയും. കൃഷാന്ദിനെപ്പോലൊരു ശബ്ദം നമ്മുടെ ഇന്‍ഡസ്ട്രിയ്ക്ക് വിലമതിക്കാനാകാത്തതാണെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹം നമ്മളെ മുന്നോട്ട് നയിക്കുന്ന ആളാണെന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ ഭാഗമാകുന്ന ഐഡിയകള്‍ മാത്രമല്ല, നല്ല ആശയങ്ങള്‍ രൂപപ്പെട്ടു വരുമ്പോള്‍ കൃഷാന്ദ് വിളിക്കാറുണ്ട്. കൃഷാന്ദിന്റെ ആശയങ്ങള്‍ എന്നും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ഇത് എവിടെ നിന്നാണ് ഇങ്ങനൊരു സാധനം വന്നത് എന്ന് എപ്പോഴും തോന്നിപ്പിക്കുന്ന ഫിലിംമേക്കര്‍ സുഹൃത്താണ്. കഥാപാത്രം നിങ്ങള്‍ക്ക് എന്താണ് നല്‍കുക, നിങ്ങള്‍ക്ക് എന്താണ് കഥാപാത്രത്തിനായി നല്‍കാനാവുക എന്ന കാര്യത്തില്‍ അദ്ദേഹത്തിന് വളരെയധികം വ്യക്തയുണ്ടാകും. കൃഷാന്ദിന്റെ വേള്‍ഡ് ബില്‍ഡിങ് പൊതുവെ ഇമാജിന്‍ ചെയ്യാന്‍ സാധിക്കാറില്ല. പുരുഷപ്രേതം മുതല്‍ക്കു തന്നെ, നരേഷനില്‍ നമുക്ക് കിട്ടുന്നൊരു ലോകമായിരിക്കില്ല കൃഷാന്ദ് സൃഷ്ടിച്ചെടുക്കുക എന്ന് എനിക്കറിയാം.

4.5 സംഘത്തില്‍ ചെറുതെങ്കിലും ഇംപാക്ടുള്ള കഥാപാത്രമാണെന്ന് മനസിലായിരുന്നു. ഒരു കഥ പറയാനുള്ള, ചെറിയ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നത് അനുഗ്രഹമായിട്ട് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് വേറെ തന്നെയൊരു ചലഞ്ചാണ്. ഈ സീരീസില്‍ ആരാകാന്‍ കൃഷാന്ദ് വിളിച്ചാലും ഞാന്‍ ഓടി വരുമായിരുന്നു.

കൃഷാന്ദ് എന്ന സംവിധായകന്‍ എങ്ങനെയാണ് വ്യത്യസ്തനാകുന്നത്?

കുട്ടികള്‍ക്ക് കളിപ്പാട്ടം കിട്ടുന്നത് പോലെയാണ് കൃഷാന്ദ് സിനിമയെ കാണുന്നത്. ഹീ ഈസ് സോ എക്‌സൈറ്റഡ്. ഞാനത് പലപ്പോഴായി കണ്ടിട്ടുണ്ട്. കാഴ്ചക്കാരി എന്ന നിലയിലും അദ്ദേഹത്തിന്റെ വര്‍ക്കുകളോട് എനിക്ക് അതിയായ താല്‍പര്യമുണ്ട്.

മറ്റാരും കാണാത്ത ദര്‍ശനയെ ആണല്ലോ കൃഷാന്ദ് കാണുന്നത്?

അഭിനേതാക്കള്‍ എന്ന നിലയില്‍ നമ്മള്‍ നമ്മളെത്തന്നെ ഒരു സ്‌പേസിലേക്ക് ലിമിറ്റ് ചെയ്യും. പക്ഷെ കൃഷാന്ദ് അതൊക്കെ ബ്രേക്ക് ചെയ്യും. ഈ സീരീസിന്റെ കഥ പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചത് നിങ്ങളെന്തുകൊണ്ടാണ് ഇതുപോലെയുള്ള 'Baddie' കഥാപാത്രങ്ങളുമായി എന്റെയടുത്ത് വരുന്നത്? ഞാന്‍ അങ്ങനൊരാളേയല്ലല്ലോ എന്നായിരുന്നു. ഒരു അഭിനേതാവില്‍ തനിക്ക് വിശ്വാസമുണ്ടെങ്കില്‍ അവരെ എങ്ങനെയൊക്കെ പുഷ് ചെയ്യാമെന്ന് അദ്ദേഹത്തിന് അറിയാം. എനിക്ക് മാത്രമല്ല മറ്റ് പലരേയും അദ്ദേഹം പ്ലേസ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. അത്തരം സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യുകയെന്നത് അഭിനേതാക്കളെ സംബന്ധിച്ച് സ്വപ്നതുല്യമാണ്. അദ്ദേഹം എന്നെ അങ്ങനെ കാണുന്നുവെന്നതില്‍ സന്തോഷം.

Darshana

ഗ്യാങ്സ്റ്റര്‍ കഥാപാത്രം ചെയ്യുക വെല്ലുവിളിയായിരുന്നുവോ?

കൃഷാന്ദില്‍ എനിക്ക് അതിയായ വിശ്വാസമുണ്ട്. കൃഷാന്ദ് അഭിനേതാക്കളെ ഉപയോഗിക്കുന്നത്, ആരെ കിട്ടിയാലും വര്‍ക്ക് ചെയ്യിപ്പിക്കും എന്ന രീതിയിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. തന്റെ കഥ പറയാനുള്ള ടൂളാണ് അദ്ദേഹത്തിന് അഭിനേതാവ്. നല്ല അഭിനേതാവുമാണെങ്കില്‍ രണ്ടു പേരും കൂടെ വേറെ തലത്തിലേക്ക് കഥാപാത്രത്തെ എത്തിക്കും. കൃഷാന്ദിന്റെ സിനിമകളില്‍ ഞാനൊരു മോശം പ്രകടനവും കണ്ടിട്ടില്ല. അങ്ങനെയുള്ളൊരു മേക്കര്‍ എന്നെക്കൊണ്ട് എന്ത് ചെയ്യിപ്പിച്ചാലും എനിക്ക് ആ വിശ്വാസമുണ്ടാകും. പിന്നെ എനിക്ക് ചെയ്യാനുള്ള പണി ഞാന്‍ ചെയ്യുമെന്ന ആത്മവിശ്വാസവും എനിക്കുണ്ട്.

എനിക്ക് പരിചയമുള്ളൊരു ലോകമല്ലിത്. കഥാപാത്രത്തെ മനസിലാക്കാന്‍ പരമാവധി സത്യസന്ധമായി ശ്രമിക്കുക, പിന്നെ കൃഷാന്ദ് പറയുന്നത് പിന്തുടരുക എന്നതായിരുന്നു ചെയ്തത്. നാടകത്തിലാണെങ്കില്‍ എല്ലാവരും ചേര്‍ന്ന് കഥാപാത്രത്തേയും രംഗങ്ങളേയും പല തലങ്ങളിലേക്കും കൊണ്ടുപോകും. പക്ഷെ സിനിമയാകുമ്പോള്‍ ആ സമയം അവിടെ പ്രസന്റായിരിക്കുക, നമ്മളെ കൊണ്ടു പോകുന്ന വഴികളിലൂടെയൊക്കെ യാത്ര ചെയ്യുക എന്നതാണ് ചെയ്യാറുള്ളത്. ചില സംവിധായകരുമായി നമുക്ക് ക്ലിക്ക് ആകും. അതിലൂടെ പുതിയ തലങ്ങള്‍ കണ്ടുപിടിക്കാനാകും. കൃഷാന്ദുമായി അങ്ങനെ സാധിക്കാറുണ്ടെന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. പിന്നെ ട്രിവാന്‍ഡ്രം സ്ലാങ് പഠിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു.

കഥാപാത്രങ്ങളുടെ ഉള്ളറിയാനുള്ള പ്രോസസ് എങ്ങനെയാണ്?

ഞാന്‍ ടെക്സ്റ്റില്‍ നിന്നുമാണ് ആരംഭിക്കുന്നത്. വെള്ളം കുടിക്കുന്നത് പോലെ ഡയലോഗ്‌സില്‍ കുറേ സമയം ചെലവിടും. അതില്‍ നിന്നും കിട്ടുന്ന ചിന്തകളുമായി ഇരിക്കും. അതേസമയം എല്ലാത്തിലും അങ്ങനെയാകണമെന്നുമില്ല. ചിലപ്പോള്‍ കഥാപാത്രം എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നുവെന്ന് സംവിധായകനൊപ്പമിരുന്ന് ഒരു ബാക്ക്‌സ്റ്റോറിയുണ്ടാക്കും. എല്ലായിപ്പോഴും ഒരേപോലെയല്ല ഞാന്‍ കഥാപാത്രത്തെ സമീപിക്കുക.

പറദ്ദയുടെ റിലീസ് സമയത്ത് ആവേശം സിനിമയെ ഉദാഹരിച്ചു കൊണ്ട് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ആസമയത്തെ ട്രോളുകള്‍ ശ്രദ്ധിച്ചിരുന്നുവോ?

വളരെ റെഗുലേറ്റഡ് ആയ നെര്‍വ് സിസ്റ്റം ആണ് എനിക്കുള്ളതെന്നതില്‍ സന്തോഷം. എല്ലാം ഒരു അകലത്തില്‍ നിന്നുകൊണ്ടാണ് ഞാന്‍ കാണുന്നത്. ഇപ്പോള്‍ ചോദിച്ചാലും അത് തന്നെയാകും ഞാന്‍ പറയുക. അന്ന് പറയാന്‍ ശ്രമിച്ചതില്‍ ഞാന്‍ ഇപ്പോഴും ഉറച്ചു നില്‍കുന്നു.

ദിവ്യപ്രഭയ്ക്കും കനിയ്ക്കുമൊപ്പം ഒരു നാടകത്തിന് വേണ്ടി കുറേക്കാലം വര്‍ക്ക് ചെയ്തിരുന്നു. ആ സമയത്ത് അവര്‍ ചെയ്തിരുന്ന കഥാപാത്രങ്ങളുടെ വൈല്‍ഡ്‌നെസിന്റെ വലിയ ആരാധികയാണ് ഞാന്‍. സിനിമയില്‍ അവരെ അങ്ങനെ എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല. ഇത് അവരുടെ മാത്രം കാര്യമല്ല. നേരത്തെ ഉര്‍വ്വശി ചേച്ചി ചെയ്തതുപോലുള്ള കഥാപാത്രങ്ങളൊന്നും ഇപ്പോള്‍ ലഭ്യമാകുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. ഞങ്ങള്‍ എല്ലാവര്‍ക്കും അത്തരം കഥാപാത്രങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ഇഷ്ടമാണ്. അതാണ് അന്ന് പറയാന്‍ ശ്രമിച്ചത്. എന്റെ അഭിപ്രായം ഒട്ടും മാറിയിട്ടില്ല.

സോഷ്യല്‍ മീഡിയ ഒരു ട്രിക്കി സ്‌പേസ് ആണ്. നമ്മള്‍ പറയുന്നത് എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടും. എല്ലാവരും നമ്പറുകള്‍ക്ക് പിന്നാലെ ഓടുകയാണ്. എന്നാല്‍ എല്ലാത്തിനേയും മാറി നിന്ന് കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഈ ബഹളമൊക്കെ വരും പോകും. എന്റെ ചിന്തകളും നിലപാടുകളും മാറുകയില്ല.

Team 4.5 Gang

സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും അകലം പാലിക്കുന്ന ആളാണോ?

എല്ലാം ഫോളോ ചെയ്യും. പക്ഷെ ഒരു അകലത്തില്‍ വച്ച് മാത്രമേ ഫോളോ ചെയ്യാറുള്ളൂ. എല്ലായിപ്പോഴും ഒരേ മാനസികാവസ്ഥയായിരിക്കില്ല. എല്ലാം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നൊരു സമയമാണെങ്കില്‍ നോക്കും. ഇല്ലെങ്കില്‍ മാറി നില്‍ക്കും. നാടകം ചെയ്യുന്ന സമയത്ത് ഈ ലോകത്ത് നടക്കുന്നതൊന്നും ഞാന്‍ അറിയില്ല. ഞാനിതൊക്കെ അറിയുന്നത് ആളുകള്‍ മെസേജ് അയക്കുമ്പോഴാണ്. അപ്പോള്‍ പോയി നോക്കും.

2011 ലാണ് നടിയാകുന്നത്. 2020 ഓക്കെ ആകുമ്പോഴാണ് ആളുകള്‍ എന്നെ ശ്രദ്ധിച്ചു തുടുങ്ങുന്നത്. പത്ത് കൊല്ലം ഇതൊന്നുമില്ലാതെ ഞാന്‍ ഈ ജോലി ചെയ്തിട്ടുണ്ട്. അഭിനയത്തില്‍ നിന്നും എനിക്ക് കിട്ടുന്ന ബാക്കിയെല്ലാം ബോണസാണ്. പണവും പ്രശസ്തിയും അംഗീകാരവുമെല്ലാം ബോണസാണ്. ഞാനിത് ചെയ്യുന്നത് അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ്. അതിപ്പോഴും അങ്ങനെ തന്നെയുണ്ട്.

നായിക വേഷങ്ങള്‍ മാത്രമേ ചെയ്യുള്ളൂവെന്ന നിര്‍ബന്ധം ദര്‍ശനയില്‍ കാണാറില്ല. എന്തുകൊണ്ടാണത്?

നാടകത്തില്‍ വന്നതു കൊണ്ടുള്ള ഗുണമാണത്. നാടകത്തില്‍ രണ്ട് മിനുറ്റ് മാത്രമുള്ള സീനാണുള്ളതെങ്കില്‍ പോലും അറുപത് ദിവസത്തെ റിഹേഴ്‌സലിനും നമ്മള്‍ ഉണ്ടാകും. അതുപോലൊരു ലോകത്തു നിന്നും വന്നതു കൊണ്ടും, ചെറിയ ചെറിയ സ്‌പേസുകളില്‍ നിന്നും തുടങ്ങിയതുകൊണ്ടുമാണ്. അന്നും എന്നോട് പലരും പറഞ്ഞിരുന്നു ഇങ്ങനെ തുടര്‍ന്നാല്‍ ഇത് മാത്രമേ ചെയ്യാന്‍ പറ്റൂള്ളൂവെന്ന്. അതൊരു അലിഗിത നിയമം പോലെയാണ്. പക്ഷെ എനിക്ക് കിട്ടുന്ന വര്‍ക്കില്‍ ഏറ്റവും എക്‌സൈറ്റിങ് ആയത് ചെയ്യുക എന്നേ ഞാന്‍ ചിന്തിച്ചിട്ടുള്ളൂ.

ഹൃദയവും ജയഹേയും ചെയ്ത ശേഷം നായിക വേഷങ്ങള്‍ ചെയ്യാന്‍ ആണ് ഇന്‍ഡസ്ട്രി നല്‍കുന്ന പാഠങ്ങള്‍. പക്ഷെ ഞാന്‍ അങ്ങനെയല്ല ചെയ്തത്. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഈ യാത്ര കുറേക്കൂടി എളുപ്പമായിരുന്നേനെ പക്ഷെ ഞാന്‍ ഇത്ര സന്തുഷ്ടയായിരിക്കില്ല. എനിക്ക് സന്തോഷം കിട്ടുന്നില്ലെങ്കില്‍ പിന്നെ ഞാനിത് എന്തിന് ചെയ്യണം എന്നൊരു ചോദ്യം എപ്പോഴും മനസിലാകുണ്ടാകും. കാരണം ഞാന്‍ ഇവിടേക്ക് വന്നത് വേറൊരു ലോകത്തു നിന്നുമാണ്. ഫൈന്‍സിലും മൈക്രോ ഫൈനാന്‍സിലും ജോലി ചെയ്ത ശേഷം അഭിനയത്തിലേക്ക് വരുന്ന ഞാന്‍, മറ്റുള്ളവര്‍ സൃഷ്ടിച്ച നിയമങ്ങള്‍ എന്തിന് പാലിക്കണം? എനിക്ക് സന്തോഷം നല്‍കുന്നത് ചെയ്യുകയല്ലേ വേണ്ടത്? ആ കണ്‍വിക്ഷന്‍ കുറച്ചുനാളായി എനിക്കുണ്ട്. മറ്റാര്‍ക്കും അത് മനസിലായില്ലെങ്കിലും കുഴപ്പമില്ല.

ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റിനെച്ചൊല്ലിയുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് എങ്ങനെ പ്രതികരിക്കുന്നു?

ഞാന്‍ പറഞ്ഞതില്‍ എനിക്ക് നല്ല വ്യക്തതയുണ്ട്. എല്ലാം ഞാന്‍ കാണുന്നുണ്ട്. പക്ഷെ നേരത്തെ പറഞ്ഞതു പോലെ അകലം പാലിക്കുകയാണ്. നിങ്ങള്‍ക്ക് പറയാനുള്ളത് നിങ്ങള്‍ പറഞ്ഞോളൂ, ഞാന്‍ പറഞ്ഞത് എന്തെന്ന് എനിക്കറിയാം. ആളുകള്‍ നമ്മളെ തെറ്റിദ്ധരിക്കുകയും അവര്‍ക്ക് ഗുണകരമാകുന്ന നരേറ്റിവുകള്‍ക്കായി നമ്മളെ ഒരു ബ്രാക്കറ്റിലുടകയുമൊക്കെ ചെയ്യും. അതൊന്നും ഞാന്‍ ഗൗനിക്കുന്നേയില്ല.

എഴുത്തിലെ സ്ത്രീകളുടെ സാന്നിധ്യം കൂടേണ്ടത് എത്രത്തോളം പ്രധാനപ്പെട്ടതാണ്?

എപ്പോള്‍ അങ്ങനൊരു സാന്നിധ്യമുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ അത് സഹായകരമായി തോന്നിയിട്ടുണ്ട്. മൂന്ന് പെണ്ണുങ്ങളുടെ കഥ പറയുന്ന പര്‍ദ്ദയുടെ കോ റൈറ്റര്‍ സ്ത്രീയായിരുന്നു. ഒരുപാട് സ്ത്രീകള്‍ എഡിമാരായും പ്രവര്‍ത്തിച്ചിരുന്നു. അതൊക്കെ നമ്മുടെ കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യാന്‍ സഹായിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാത്രം കൊണ്ടുവരാന്‍ സാധിക്കുന്നൊരു കാഴ്ചപ്പാട് പലപ്പോഴും മിസ്സിങ് ആയി തോന്നിയിട്ടുണ്ട്. പക്ഷെ മാറ്റം സംഭവിക്കുന്നുണ്ട്. ലോകയും ശാന്തിയുടെ സാന്നിധ്യവും ചര്‍ച്ചയാകുന്നത് നേട്ടമാണ്. കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ള സാധ്യതയാണിത് നല്‍കുന്നത്. ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നതില്‍ സന്തോഷമുണ്ട്. നല്ല തുടക്കമാണിത്. ശാന്തിയെ കാലങ്ങളായി അറിയാം. ലോകയ്ക്കായി അവള്‍ നടത്തിയ അധ്വാനം അറിയാം. അതിന് അര്‍ഹമായ അംഗീകാരം ലഭിക്കുന്നുവെന്നതില്‍ അതിയായ സന്തോഷമുണ്ട്

Darshana Rajendran Interview: She talks about 4.5 gand, Aavesham trolls and debate over Lokah's success. Shares how she handles social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT