എആര്‍ റഹ്മാനെതിരായ സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് മക്കള്‍. തനിക്ക് ബോളിവുഡില്‍ അവസരങ്ങള്‍ കുറഞ്ഞതിന് പിന്നില്‍ വര്‍ഗീയ കാരണങ്ങളുണ്ടാകാം എന്ന് പറഞ്ഞതാണ് റഹ്മാന് വിനയായത്. സൂപ്പര്‍ ഹിറ്റ് ചിത്രം ഛാവ ആളുകളില്‍ ഭിന്നിപ്പിണ്ടാക്കുന്നതാണെന്ന് പറഞ്ഞതും റഹ്മാനെതിരായ സൈബര്‍ ആക്രമണത്തിന് കാരണമായി മാറിയിരുന്നു. റഹ്മാനോട് ഘര്‍ വാപസി നടത്താന്‍ ആവശ്യപ്പെടുകയാണ് സംഘപരിവാര്‍ അനുകൂലികള്‍.
ഇതിനിടെ റഹ്മാന് പിന്തുണയുമായി എത്തുകയാണ് മക്കള്‍. റഹ്മാന്റെ മക്കളായ അമീനും ഖദീജയും റഹീമയും പ്രതിരോധവുമായി എത്തിയിട്ടുണ്ട്. ലോകത്തിന് മുന്നില്‍ റഹ്മാന്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ നിമിഷങ്ങളടക്കം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് മക്കള്‍ പ്രതിരോധം തീര്‍ക്കുന്നത്.
റഹ്മാന്റെ ചിത്രങ്ങളും വിഡിയോകളും പങ്കുവെക്കുകയാണ് മകന്‍ അമീന്‍. ജയ് ഹോ പാട്ടിന്റെ പശ്ചാത്തലത്തില്‍ സ്‌റ്റേഡിയത്തെ അഭിവാദ്യം ചെയ്യുന്ന റഹ്മാനാണ് ഒരു വിഡിയോയിലുള്ളത്. പ്രസിഡന്റ് ദ്രൗപതി മുര്‍മുറുവിനൊപ്പമുള്ള റഹ്മാന്റെ ചിത്രങ്ങളും മകന്‍ പങ്കുവച്ചിട്ടുണ്ട്. കോള്‍ഡ്‌പ്ലെയുടെ ക്രിസ് മാര്‍ട്ടിനൊപ്പം വന്ദേ മാതരം പാടുന്ന റഹ്മാന്റെ വിഡിയോയും അമീന്‍ പങ്കുവച്ചിട്ടുണ്ട്. റഹ്മാനെ പുകഴ്ത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഡിയോയും അമീന്‍ പങ്കുവെക്കുന്നുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ശബ്ദമാണ് റഹ്മാന്‍ എന്നാണ് വിഡിയോയില്‍ മോദി പറയുന്നത്.
നാഷണല്‍ അവാര്‍ഡും ഓസ്‌കാറും ഏറ്റുവാങ്ങുന്ന റഹ്മാന്റെ വിഡിയോകളും അമീന്‍ പങ്കുവച്ചിട്ടുണ്ട്. റഹ്മാന്റെ നേട്ടങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും ഖദീജയും പങ്കുവച്ചിട്ടുണ്ട്. അതേസമയം ട്രോളുകള്‍ക്കെതിരെ രൂക്ഷമായ രീതിയിലാണ് റഹീമയുടെ പ്രതികരണം. കുറിപ്പ് പങ്കുവച്ചു കൊണ്ടായിരുന്നു താരപുത്രിയുടെ പ്രതികരണം.
''സ്‌നേഹം, സമാധാനം, അച്ചടക്കം, സത്യം ഒക്കെ പഠിപ്പിക്കുന്ന ഭഗവത്ഗീതയും ഖുറാനും ബൈബിളും വായിക്കാനുള്ള സമയമില്ല അവര്‍ക്ക്. പക്ഷെ വാഗ്വാദത്തിനും പരിഹസിക്കാനും പ്രകോപിപ്പിക്കാനും അസഭ്യം പറയാനും, പരസ്പരം അപമാനിക്കാനും അവര്‍ക്ക് സമയമുണ്ട്. ഇത് മതമല്ല. അത് അന്ധത ബാധിച്ച സമൂഹവും പകുതിവെന്ത വിദ്യാഭ്യാസവും ടോക്‌സിക് രാഷ്ട്രീയവും തകര്‍ന്ന പാരന്റിങും ചേര്‍ന്ന് സൃഷ്ടിച്ച, മനുഷ്യത്വത്തേക്കാള്‍ വെറുപ്പിനോട് കൂറുള്ള തലമുറയാണ്'' എന്ന വാക്കുകളാണ് റഹീമ പങ്കുവച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates