കേക്കിന്റെയും വൈനിന്റെയും ക്രിസ്മസ് കരോളിന്റെയുമൊക്കെ മധുരമൂർന്ന നാളുകളാണ് ഇനി വരാൻ പോകുന്നത്. മനോഹരമായ മറ്റൊരു ക്രിസ്മസ് രാവിനായുള്ള കാത്തിരിപ്പിലായിരിക്കുമല്ലേ എല്ലാവരും. ക്രിസ്മസ് കളറക്കാൻ ഇത്തവണ അടിപൊളി സിനിമകളാണ് ഒടിടിയിലും എത്തിയിരിക്കുന്നത്. ഈ ആഴ്ചയിലെ പുത്തൻ ഒടിടി റിലീസുകൾ നോക്കിയാലോ.
പ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൊറർ ചിത്രമാണ് ഡീയസ് ഈറെ. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയും മനോരമ മാക്സിലൂടെയും ചിത്രം കാണാനാകും. ഡിസംബർ അഞ്ച് മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഡീയസ് ഈറെ. ആഗോളതലത്തില്‍ ചിത്രം 80.75 കോടി രൂപ നേടിയിട്ടുണ്ട്.
ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവ്വഹിച്ച ഫെമിനിച്ചി ഫാത്തിമ ഒടിടിയിലേക്ക്. ഒക്ടോബർ 10-ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്ന് നിർമിച്ച ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. തിയറ്ററുകളിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ഫെമിനിച്ചി ഫാത്തിമ ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ഡിസംബർ 12 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും.
രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ദ് ഗേൾഫ്രണ്ട്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദീക്ഷിത് ഷെട്ടിയാണ് നായകനായെത്തുന്നത്. ഒരു ടോക്സിക് റിലേഷൻഷിപ്പിൽ നിന്ന് പുറത്തു കടക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ദ് ഗേൾഫ്രണ്ട്. ചിത്രമിപ്പോൾ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. ഡിസംബർ 5 മുതൽ നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും.
സംവിധായകൻ ആർ കെ സെൽവമണി ഒരുക്കുന്ന വെബ് സീരിസാണ് കുട്രം പുരിന്ദവൻ. പശുപതിയാണ് സീരിസിൽ പ്രധാന വേഷത്തിലെത്തുന്നത്. ലക്ഷ്മി പ്രിയ ചന്ദ്രമൗലി ആണ് സീരിസിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ത്രില്ലർ ഴോണറിലാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ സീരിസിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ അഞ്ചിന് സോണി ലിവിലൂടെയാണ് സീരിസ് സ്ട്രീമിങ്ങിനെത്തുക. തമിഴ്, മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിൽ പ്രേക്ഷകർക്ക് കാണാനാകും.
ദുൽഖർ സൽമാൻ നായകനായെത്തിയ തമിഴ് ചിത്രമാണ് കാന്ത. വൻ ഹൈപ്പിലാണ് ചിത്രമെത്തിയതെങ്കിലും പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിനായില്ല. സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ചിത്രത്തിന് ദൈർഘ്യം കൂടുതലാണെന്നായിരുന്നു പ്രധാന വിമർശനം. ഭാഗ്യശ്രീ ബോർസെയാണ് ചിത്രത്തിൽ നായികയായെത്തിയത്. സമുദ്രക്കനിയും റാണ ദഗുബാട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. നവംബർ 14 ന് തിയറ്ററുകളിലെത്തിയ കാന്തയുടെ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസംബർ 12 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക എന്നാണ് പുറത്തുവരുന്ന വിവരം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates