മോഹൻലാൽ സിനിമകൾ ആരാധകർ ആഘോഷമാക്കുന്നതുപോലെ മമ്മൂട്ടി സിനിമകൾ പലപ്പോഴും ആഘോഷിക്കപ്പെടാറില്ല. ഇതിന് പിന്നിലെ കാരണം പറയുകയാണ് സംവിധായകൻ കമലിപ്പോൾ. മോഹൻലാലിന്റെ കഥാപാത്രങ്ങളിൽ എവിടെയെക്കെയോ നമുക്ക് മോഹൻലാലിനെ കാണാൻ കഴിയുമെന്നും എന്നാൽ മമ്മൂട്ടിയുടെ കഥാപാത്രങ്ങളിൽ അദ്ദേഹത്തെ ഒരിക്കലും നമുക്ക് കാണാൻ കഴിയില്ലെന്നും കമൽ പറയുന്നു. ദ് ഷോസ്കേപ് ജേർണൽ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"മമ്മൂട്ടി അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലൂടെ കഥാപാത്രങ്ങളെ സ്വയം നിരീക്ഷിച്ച് ചെയ്യുന്നയാളാണ്. ആദ്യ കാലത്ത് അഭിനയിച്ചിട്ടുള്ളതു പോലെ അല്ലല്ലോ അദ്ദേഹം പിന്നീട് അഭിനയിച്ചിട്ടുള്ളത്. സ്വഭാവികമായി അഭിനയിക്കുന്നു എന്നതിലുപരിയായി, കഥാപാത്രത്തിന്റെ മനസും ശരീരവുമായി മാറുക എന്ന് പറയുന്ന ഒരു പരകായ പ്രവേശം പലപ്പോഴും മമ്മൂട്ടിയിൽ കൂടുതൽ കാണാറുണ്ട്.
മോഹൻലാൽ അഭിനയിക്കുമ്പോൾ എവിടെയങ്കിലുമൊക്കെ നമുക്ക് മോഹൻലാലിനെ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഒരംശം കാണാൻ പറ്റും. അതായിരിക്കാം അദ്ദേഹത്തിന്റെ ഇത്രയും വലിയ സ്റ്റാർഡത്തിന്റെ കാരണമായതെന്ന് എനിക്ക് തോന്നുന്നു. സ്ഥിരമായി ഒരു ആരാധകനിര ഉണ്ടാകുന്നതിന്റെ കാരണം, മോഹൻലാൽ അവിടെയുണ്ട്. എവിടെയോ മോഹൻലാലുണ്ട്.
'വാനപ്രസ്ഥം' കാണുമ്പോൾ പോലും എവിടെയൊക്കെയോ മോഹൻലാലിനെ നമുക്ക് കുറച്ചു കാണാം. 'കിരീട'ത്തിലെ സേതുവിലുമൊക്കെ കാണാം. പക്ഷേ പലപ്പോഴും മമ്മൂട്ടിയെ അങ്ങനെ കാണാൻ പറ്റില്ല. മമ്മൂട്ടിയില്ല അതിനകത്ത്, ആ കഥാപാത്രം മാത്രമേ ഉള്ളൂ. മമ്മൂട്ടിയെ നമ്മൾ മറന്നു പോകും. 'വിധേയൻ', 'പൊന്തൻമാട' തുടങ്ങി എത്രയോ സിനിമകൾ കാണുമ്പോൾ അങ്ങനെയല്ലേ.
'കറുത്തപക്ഷികളി'ലെ തേപ്പുകാരന്റെ ഇംപ്രവൈസേഷൻ ചെയ്യുന്നത് മമ്മൂക്ക തന്നെയാണ്. അപ്പിയറൻസുമൊക്കെ മമ്മൂക്കയുടെയും കൂടി ചോയ്സ് ആയിരുന്നു. ആ സിനിമയിൽ എവിടെയും എനിക്ക് മമ്മൂട്ടിയെ കാണാൻ പറ്റിയിട്ടില്ല. അതുകൊണ്ടായിരിക്കാം ഫാൻസുകാർ 'കറുത്തപക്ഷികളെ' കുറിച്ച് അങ്ങനെ ഒന്നും പറയാറില്ല.
ഇപ്പോൾ ഈ പറഞ്ഞ മമ്മൂട്ടിയുടെ സിനിമകളൊന്നും ഫാൻസുകാർ ആഘോഷിച്ച സിനിമകളല്ല. മമ്മൂട്ടി നല്ല പെർഫോമൻസാണ്. നാഷണൽ അവാർഡ് കിട്ടിയിട്ടുണ്ടെന്ന് പറയുമ്പോൾ, ഈ സിനിമകളേതെങ്കിലും ഫാൻസുകാർ ആഘോഷിച്ചിട്ടുണ്ടോ ?. ഇല്ലല്ലോ. 'പൊന്തൻമാട'യില്ല, 'വിധേയനി'ല്ല.
ഞാൻ വിശ്വസിക്കുന്നത് മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രമാണ് 'അംബേദ്കറി'ലേത്. മമ്മൂട്ടിയിലെ ഇരുത്തം വന്ന ഒരു നടനെ കണ്ട സിനിമയാണത്. ഫാൻസുകാർ മമ്മൂട്ടിയെ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയുഗ'ത്തിൽ മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് ഒരുപരിധി വരെ കൊമേർഷ്യൽ സിനിമയാണെന്ന് ഞാൻ പറയും.
അതേസമയം 'അംബ്ദേക്കറി'നെ കുറിച്ച് ഇപ്പോഴത്തെ ഫാൻസുകാർ ആരെങ്കിലും പറയുന്നുണ്ടോ ?. എന്തുകൊണ്ട് പറയുന്നില്ല. അതിൽ മമ്മൂട്ടിയില്ല, അംബേദ്ക്കറെ ഉള്ളൂ. അതേസമയം മോഹൻലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി 'കിരീടം' പറയുന്നുണ്ടെങ്കിൽ അതിലെവിടെയോ മോഹൻലാൽ ഉണ്ടെന്നുള്ളതുകൊണ്ടാണ്. ആ ഒരു വ്യത്യാസം ഇവർ തമ്മിലുണ്ട്. എന്ന് വച്ച് ഒരു ത്രാസിൽ നമ്മൾ രണ്ടു പേരെയും വച്ചു കഴിഞ്ഞാൽ രണ്ട് അളവും തുല്യമായിട്ട് ആയിരിക്കും വരുക".- കമൽ പറഞ്ഞു.
കൂടുതല് സിനിമ വാര്ത്തകള്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates