

രജനികാന്ത് ചിത്രം 'ജയിലർ 2' റിലീസിന് പിന്നാലെ മലയാളികളുടെ പ്രിയതാരം മോഹൻലാലിന് സ്ക്രീൻ സ്പെയ്സ് കുറഞ്ഞുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ തുടങ്ങിയിരുന്നു. ഇതിനിടെ കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദീൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു.
മോഹൻലാലിന്റെ മൂന്നോളം ലുക്കുകൾ വെട്ടി മാറ്റി എന്നാണ് ജിഷാദ് പറഞ്ഞത്. ഇത്തരം ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയവെ മിമിക്രി കലാകാരനും നടനുമായ ജോബി കൊടകര ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങളും ശ്രദ്ധേയമാകുകയാണ്. മോഹന്ലാലിന്റെ കഥാപാത്രത്തിന്റെ ലുക്കിൽ ‘ജയിലർ 2’വിൽ നിന്നുള്ള ലൊക്കേഷൻ ചിത്രങ്ങളാണ് ജോബി പങ്കുവച്ചത്.
ഇതോടെ ചിത്രത്തിന്റെ ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയമാണ് ആരാധകർക്കിടയിൽ ഉയരുന്നത്. ക്ലൈമാക്സ് രംഗങ്ങളിലെ മോഹൻലാലിന്റെ രൂപത്തിലും ചലനങ്ങളിലും വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചിലർ സംശയം പ്രകടിപ്പിക്കുന്നത്. ചിത്രത്തിൽ വളരെ ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജോബി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
'ജയിലർ 2 എന്ന ബ്രഹ്മാണ്ഡ സിനിമ ഇന്ന് ലോകം മുഴുവൻ റിലീസ് ആകുമ്പോൾ അതിന്റെ വളരെ ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. രജനികാന്ത് സാർ എന്ന ലോക മെഗാസ്റ്റാറിനെ നേരിൽ അടുത്ത് കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു'.- ജോബി കുറിച്ചു. സംഭവം വിവാദമായതോടെ ജോബി, തന്റെ പോസ്റ്റ് നീക്കം ചെയ്തു.
ചിത്രത്തിൽ മോഹൻലാലിന്റേതിനോട് സാമ്യമുള്ള വേഷം ധരിച്ച് നിൽക്കുന്ന ചിത്രങ്ങളും ജോബി പങ്കുവെച്ചിട്ടുണ്ട്. സെറ്റിൽനിന്നുള്ള ചിത്രങ്ങളും ജോബിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കാണാം. എസ് ജെ സൂര്യ, ജാക്കി ഷ്റോഫ് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും ജോബി പങ്കുവെച്ചിട്ടുണ്ട്. 'ജയിലർ 2' മാത്യു ഒരു ശ്രമം എന്ന ക്യാപ്ഷനോടെ മറ്റൊരു ചിത്രവും ജോബി ഷെയർ ചെയ്തിട്ടുണ്ട്.
ചിത്രത്തിൽ മോഹൻലാലിന്റെ ഡ്യൂപ്പ് ചെയ്തത് താനാണെന്ന് ജോബി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. 20 വർഷത്തോളമായി താൻ ഫിഗർ- ഡ്യൂപ്പ് ഷോകൾ ചെയ്യാൻ തുടങ്ങിയിട്ട്. 'ജയിലർ 2' എന്ന സിനിമയ്ക്ക് വേണ്ടി ലാലേട്ടന്റെ ഡ്യൂപ്പ് ചെയ്യാൻ വിളിച്ചപ്പോൾ ഒരുപാട് സന്തോഷമായെന്നും ജോബി പറഞ്ഞു. "നമ്മുടെ മുഖം കാണിക്കില്ല. ലാലേട്ടന്റെ ഡ്യൂപ് ആയിട്ട് നിൽക്കുകയാണ്.
ഫസ്റ്റ് ഷെഡ്യൂളിൽ ആയിരുന്നു ലാലേട്ടന്റെ ഡ്യൂപ് ആയി അഭിനയിക്കാൻ പോയത്. എനിക്ക് മൂന്ന് ദിവസത്തെ ഷൂട്ട് ആയിരുന്നു. ഗോവയിലായിരുന്നു. ഗോവയിൽ വച്ച് എനിക്ക് ലാലേട്ടനെ കാണാൻ പറ്റിയില്ല. അന്ന് ലാലേട്ടൻ ഉള്ള ദിവസം അല്ലായിരുന്നു. ചെറിയ ചെറിയ കട്ടുകളൊക്കെയാണ് നമ്മളെ വച്ച് എടുക്കുക. അന്ന് ലാലേട്ടനെ കാണാൻ പറ്റിയില്ല. രണ്ടാമത്തെ ഷെഡ്യൂൾ എനിക്ക് ഹൈദരാബാദിലായിരുന്നു.
ഒരു എയർപോർട്ടിലായിരുന്നു അതിന്റെ ഷൂട്ട്. എത്ര കണ്ടാലും കൊതി തീരാത്ത ഗുരുവായൂർ കേശവനെ കാണുന്നത് പോലെയാണല്ലോ, ലാലേട്ടനെ കാണുന്നത് അറിയാലോ. ഡ്യൂപ്പുകൾക്കും കാരവൻ സൗകര്യമൊക്കെ അവർ ഒരുക്കിയിരുന്നു. രജനികാന്ത് സാറിന്റെ ഡ്യൂപ് ഉണ്ടായിരുന്നു.
എസ് ജെ സൂര്യ സാറിന്റെ ഡ്യൂപ് ഉണ്ടായിരുന്നു. ജാക്കി ഷ്റോഫ് സാറിന്റെ ഡ്യൂപ് ഉണ്ടായിരുന്നു. പിന്നെ ഞാൻ മോഹൻലാലിന്റെ ഡ്യൂപ്. അങ്ങനെ എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു. എന്റെ തൊട്ടുമുൻപിലായിരുന്നു ലാലേട്ടൻ ചെക്കിങ്ങിന് നിന്നത്. ബെൽറ്റ്, വള, വാച്ച് ഇതൊക്കെ ഊരിക്കൊടുക്കണം.
അത് ആരാണെങ്കിലും. അങ്ങനെ ചെക്ക്-ഇൻ ചെയ്തിട്ടേ ലൊക്കേഷനിലേക്ക് കയറ്റുമായിരുന്നുള്ളൂ". - ജോബി കൊടകര പറഞ്ഞു. മോഹൻലാലിനു മാത്രമല്ല ആദ്യ ഭാഗത്തിൽ അതിഥികളായെത്തിയ ശിവരാജ് കുമാറിനും ജാക്കി ഷ്റോഫിനും ‘ജയിലർ 2’വിൽ സ്ക്രീൻ സ്പെയ്സ് കുറവാണ്. എന്നാൽ മോഹൻലാലിന് ഡ്യൂപ്പ് ചെയ്തത് കുറച്ച് കടുത്തുപോയെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്.
കൂടുതല് സിനിമ വാര്ത്തകള്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates