മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കോമ്പോയില്‍ പുറത്തിറങ്ങി വലിയ വിജയം നേടിയ ഹൃദയപൂര്‍വ്വത്തിനെതിരെ ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍. അലക്ഷ്യമായിട്ടാണ് സത്യന്‍ അന്തിക്കാടിനെപ്പോലെ വളരെ സീനിയറായ സംവിധായകന്‍ അവയവ ദാനത്തെ അവതരിപ്പിച്ചതെന്നാണ് ഹാരിസ് പറയുന്നത്.
അവയവം മാറ്റിവെച്ച വ്യക്തി എടുക്കേണ്ട കരുതലുകള്‍ ഒന്നും ചിത്രം കാണിക്കുന്നില്ല. ഒക്കെ വെറും തമാശ ആയിട്ടാണ് കാണിച്ചിരിക്കുന്നതെന്നും ഡോക്ടര്‍ ഹാരിസ് പറയുന്നു. മെഡിക്കല്‍ കോളജിലെ ഉപകരണ ക്ഷാമത്തെക്കുറിച്ചുള്ള ഡോക്ടര്‍ ഹാരിസിന്റെ ആരോപണങ്ങള്‍ നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ഡോക്ടർ ഹാരിസിന്റെ വാക്കുകളിലേക്ക്:
ഹൃദയപൂര്‍വം എന്ന സിനിമ കണ്ടു. ഒരു കാര്യവും നന്നായി പഠിക്കുകയോ മനസിലാക്കുകയോ ചെയ്യാതെയാണ് മിക്ക മലയാളം സിനിമകളും ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ജോസഫ് എന്ന സിനിമ മസ്തിഷ്‌ക്ക മരണ അവയവ ദാനത്തിന് ഏല്‍പ്പിച്ച പ്രഹരം മാരകമായിരുന്നു. തലയില്‍ ചുറ്റിക കൊണ്ട് അടിച്ച്, ബ്രെയിന്‍ ഡെത്ത് അവസ്ഥയില്‍ എത്തിക്കുമത്രെ. വിദൂര സാധ്യതപോലും ഇല്ലാത്ത ആരോപണം.
ഹൃദയപൂര്‍വത്തില്‍ ഇത്ര സീനിയറായ ഒരു സംവിധായകന്‍ എത്ര അലക്ഷ്യമായിട്ടാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. അവയവം മാറ്റിവെച്ച വ്യക്തി എടുക്കേണ്ട കരുതലുകള്‍ ഒന്നും ചിത്രം കാണിക്കുന്നില്ല. ഒക്കെ വെറും തമാശ. അവയവം ദാനം ചെയ്ത വ്യക്തിയോടും കുടുംബത്തോടും ഒരൊറ്റ വികാരമാണ് ദാനം സ്വീകരിച്ചവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും പൊതുസമൂഹത്തിനും ഉണ്ടാകാന്‍ പാടുള്ളു. ബഹുമാനം. RESPECT.
ആകസ്മികമായി ഒരു വ്യക്തി അപകടത്തിലോ മറ്റ് കാരണങ്ങള്‍ കൊണ്ടോ, ബ്രെയിന്‍ ഡെത്ത് സ്റ്റേജില്‍ പോകുന്നതും ആ വ്യക്തിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഉറ്റ ബന്ധുക്കള്‍ തീരുമാനിക്കുന്നതും തുടര്‍ന്ന് നടക്കുന്ന ബൃഹത്തായ ടീം വര്‍ക്കും. ഇവിടെ കോമഡിക്ക് സ്ഥാനമില്ല. ഇനി, അവയവം സ്വീകരിച്ച വ്യക്തി. ഒരുപാട് നിയന്ത്രണങ്ങള്‍ അവര്‍ക്ക് ആവശ്യമുണ്ട്. അവയവത്തെ തിരസ്‌കരിക്കാന്‍ ശരീരം നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. എത്ര കാലം കഴിഞ്ഞാലും. ആ പ്രതിരോധത്തെ പ്രതിരോധിച്ച് തോല്‍പ്പിക്കാനാണ് മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കേണ്ടിവരുന്നത്. ശരീരത്തിന്റെ മൊത്തം പ്രതിരോധ ശക്തി( immunity) കുറയ്ക്കുന്ന അവസ്ഥയില്‍ രോഗികള്‍ കുറേ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഇന്‍ഫെക്ഷനുകളാണ് പ്രധാന വില്ലന്‍. പല തരത്തിലുള്ള രോഗാണുബാധകള്‍ ഉണ്ടാകാം. സീരിയസ് ആകാം. അവയവം തിരസ്‌കരിക്കപ്പെടാം. മരണം പോലും സംഭവിക്കാം. ഒരു കോംപ്ലിക്കേഷന്‍ വന്നു കഴിഞ്ഞാല്‍ ഉണ്ടാകുന്ന സാമ്പത്തിക ചിലവ് വളരെ ഉയര്‍ന്നതാകാം. മാസ്‌ക് ഉപയോഗിക്കുക, ധാരാളം ജനക്കൂട്ടം ഉള്ള സ്ഥലങ്ങള്‍ ഒഴിവാക്കുക, മൃഗങ്ങളുമായി( pet animals ) അടുത്ത് ഇടപഴകാതിരിക്കുക. മൃഗങ്ങളില്‍ നിന്ന് ടോക്‌സോപ്ലാസ്മ, പലതരം ഫങ്കസുകള്‍, പരാദജീവികള്‍ ഇത്തരം അസുഖങ്ങള്‍ വളരെ മാരകമാകാം. സ്റ്റിറോയ്ഡ് ഉള്‍പ്പെടെ മരുന്നുകള്‍ കഴിക്കുന്നത് കൊണ്ട് എല്ലുകളുടെ ബലം കുറയാം. അതിനാല്‍ അപകടങ്ങള്‍, അടിപിടി... ഇതൊക്കെ കഴിയുന്നതും ഒഴിവാക്കുക.
ദാതാവും സ്വീകര്‍ത്താവും പൊതുവെ തമ്മില്‍ അറിയരുത് എന്നൊരു ചിന്ത ഉണ്ടായിരുന്നു. പിന്നീടുണ്ടാകാവുന്ന കുറേ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ഒരു സമ്പ്രദായം ആയിരുന്നു. ഇപ്പോള്‍ മീഡിയയുടെ ശക്തമായ ഇടപെടല്‍ മൂലം ആ രഹസ്യ സ്വഭാവം പാലിക്കപ്പെടുന്നില്ല. ഹൃദയത്തില്‍ കൂടി സ്വഭാവങ്ങള്‍, ശീലങ്ങള്‍, വികാരങ്ങള്‍ ഇതൊക്കെ കൈമാറ്റം ചെയ്യുന്നു എന്നതൊക്കെ വെറും ബാലഭൂമി കഥകള്‍ മാത്രം. വെറും പേശികളും അതിനെ നിയന്ത്രിക്കുന്ന നാഡികളും മാത്രമുള്ള ഒരു പമ്പ് മാത്രമാണ് ഹൃദയം. അല്ലാതെ അതില്‍ കൂടി 'വികാരം ' ഒന്നും മാറ്റിവെയ്ക്കപ്പെടുന്നില്ല. സയന്‍സിനെ പോലും വളച്ചും ഒടിച്ചും വക്രീകരിച്ചും കാണിക്കുന്നതിലൂടെ നഷ്ടപ്പെടുന്നത് ജനങ്ങളുടെ ശാസ്ത്രാവബോധവും സിനിമയുടെ ക്രെഡിബിലിറ്റിയുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates