"നടിപ്പ് ചക്രവർത്തി" - കാന്ത സിനിമ കണ്ട് കഴിയുമ്പോൾ നടൻ ദുൽഖർ സൽമാനെക്കുറിച്ച് ആരാധകർ ഇനി പറയാൻ പോകുന്നത് ഇങ്ങനെയായിരിക്കും. റെട്രോ വൈബിൽ ദുൽഖർ കാന്തയിൽ അക്ഷരാർഥത്തിൽ ഞെട്ടിച്ചു എന്ന് തന്നെ പറയാം.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്ത സംവിധായകൻ സെൽവമണി സെൽവരാജ് ഒരുക്കിയിരിക്കുന്നത്. ശരിക്കു പറഞ്ഞാൽ ഒരു ഷേക്സ്പിയർ നാടകം കണ്ട ഫീൽ ആണ് കാന്ത കണ്ടിറങ്ങുമ്പോൾ നമുക്ക് തോന്നുക. കാരണം ഒരു മനുഷ്യന്റെ സകല വികാരങ്ങളും കാന്തയിൽ നമുക്ക് കാണാം. അഹങ്കാരം, ആഗ്രഹം, ഈഗോ, പ്രണയം, വിശ്വാസവഞ്ചന, നിരാശ, തിരിച്ചറിവ് അങ്ങനെ എല്ലാം കാന്തയിലുണ്ട്.
ഒന്നുമില്ലായ്മയിൽ നിന്ന് വന്ന് ലോകം തന്നെ കയ്യടിക്കുന്ന ഒരു സൂപ്പർ സ്റ്റാറായി മാറിയ ടി കെ മഹാദേവന്റെ ജീവിതത്തിലൂടെയാണ് കാന്ത കടന്നു പോകുന്നത്. ദുൽഖർ സൽമാനാണ് ടികെ മഹാദേവനായെത്തുന്നത്. സിനിമാ മോഹവുമായി നടക്കുന്ന മഹാദേവനെ സംവിധായകൻ അയ്യ (സമുദ്രക്കനി) ശാന്ത എന്ന സിനിമയിലൂടെ നായകനാക്കുന്നതും ആ സിനിമയിൽ അഭിനയിക്കുന്ന നായിക കുമാരി (ഭാഗ്യശ്രീ ബോർസെ) യോട് മഹാദേവന് തോന്നുന്ന പ്രണയവും പിന്നീട് ഈ മൂന്ന് പേർക്കിടയിൽ നടക്കുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തമിഴ് സിനിമയിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന എം കെ ത്യാഗരാജ ഭാഗവതരുടെ കഥയാണ് കാന്ത എന്ന തരത്തിൽ റിപ്പോർട്ടുകൾ ആദ്യം വന്നിരുന്നു. എന്നാൽ ത്യാഗരാജ ഭാഗവതരുടെ കഥയിൽ നിന്ന് ഒരുപാട് മാറ്റമുണ്ട് കാന്തയ്ക്ക്. സിനിമ എന്ന കലയുടെ സ്വാതന്ത്ര്യം നമുക്ക് കാന്തയുടെ കഥയിലുടനീളം അനുഭവപ്പെടും.
കാന്ത പ്രൊമോഷനിടെ ദുൽഖർ പറഞ്ഞ ഒരു കാര്യമുണ്ട്, ഈ സിനിമയുടെ ഫസ്റ്റ് ഹാഫ് കഥ സംവിധായകൻ സെൽവമണി സെൽവരാജ് എന്നോട് പറഞ്ഞത് അഞ്ച് മണിക്കൂർ എടുത്താണെന്ന്. ശരിക്കും സിനിമയുടെ ഏറ്റവും വലിയ നെഗറ്റീവും ഒതുക്കമില്ലാത്ത വലിച്ചു നീട്ടിയുള്ള തിരക്കഥ തന്നെയാണ്. വളരെ പതിഞ്ഞ താളത്തിൽ തന്നെയാണ് ആദ്യ ഭാഗത്തെ സിനിമയുടെ പോക്ക്.
ഒരു പീരിയഡ് ഡ്രാമയോട് നൂറ് ശതമാനവും സംവിധായകൻ നീതി പുലർത്തിയിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. ബ്ലാക്ക് ആൻഡ് വൈറ്റ് ഷോട്ടിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. കാലഘട്ടം ചിത്രീകരിച്ചിരിക്കുന്നതിലും സംവിധായകൻ അതീവശ്രദ്ധ പുലർത്തിയിട്ടുണ്ട്, അതിൽ വിജയച്ചിട്ടുമുണ്ട്. തിരക്കഥ കുറച്ചു കൂടി ചുരുക്കി ഒരുക്കിയിരുന്നെങ്കിൽ ഒരുപക്ഷേ കുറച്ചു കൂടി സിനിമ ആസ്വാദ്യകരമായേനെ. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറയുമ്പോൾ എവിടെ വേണമെങ്കിലും പാളിപ്പോകാം.
പക്ഷേ അതിനെ കയ്യടക്കത്തോടെ സംവിധായകൻ സെൽവമണി സെൽവരാജ് കൈകാര്യം ചെയ്തിട്ടുണ്ട്. വളരെപ്പെട്ടെന്നാണ് ഒരു പീരിയഡ് ഡ്രാമയിൽ നിന്ന് ത്രില്ലർ മൂഡിലേക്ക് സിനിമ മാറുന്നത്. ആ ഒരു മാറ്റം ശരിക്കും ഒരു പുതുമ പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. രണ്ടാം പകുതിയിൽ റാണ ദഗുബാട്ടിയുടെ കഥാപാത്രത്തിന്റെ വരവോടെയാണ് സിനിമയുടെ റേഞ്ച് തന്നെ മാറി മറിയുന്നത്.
ആളുകളുടെ ആരാധനയും സ്നേഹവും ബഹുമാനവും കയ്യടിയുമൊക്കെ നിരന്തരം ആഗ്രഹിക്കുന്ന ഒരു പുരുഷന് പെട്ടെന്ന് ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഇതൊക്കെ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥ അതിമനോഹരമായാണ് ദുൽഖർ സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. തീർച്ചയായും ദുൽഖറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയായിരിക്കും ടി കെ മഹാദേവൻ.
ലുക്ക് കൊണ്ടും അഭിനയം കൊണ്ടുമൊക്കെ ഒരു പഴയകാല സിനിമാ നടിയെ ഓർമിപ്പിക്കുംവിധമായിരുന്നു നായിക ഭാഗ്യശ്രീ ബോർസെയുടെയും പ്രകടനം. ആദ്യ സിനിമയിൽ തന്നെ കുമാരി എന്ന കഥാപാത്ര ഇത്രയും മികച്ചതാക്കിയ ഭാഗ്യശ്രീ തീർച്ചയായും കയ്യടിക്ക് അർഹയാണ്. മാത്രവുമല്ല, വെറുതേ വന്ന് കുറച്ച് റൊമാൻസ് കാണിച്ചിട്ടു പോകുന്ന ഒരു നായികാ കഥാപാത്രമല്ല ഭാഗ്യശ്രീയുടേത്.
ഒരു നോട്ടത്തിൽ പോലും ഭാഗ്യശ്രീ ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയിട്ടുണ്ട്. അയ്യാ ആയെത്തിയ സമുദ്രക്കനിയും അക്ഷരാർഥത്തിൽ നമ്മളെ ഞെട്ടിച്ചിട്ടുണ്ട്. ചിലയിടങ്ങളിലൊക്കെ അഭിനയത്തിലുപരി അദ്ദേഹം ജീവിക്കുകയായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. പൊലീസ് കഥാപാത്രമായെത്തിയ റാണ ദഗുബാട്ടിയും അതിഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സാങ്കേതികപരമായും ഏറെ മുന്നിൽ തന്നെയാണ് ചിത്രം.
ഡാനി സാഞ്ചസ് ലോപ്പസിന്റെ ഛായാഗ്രഹണം നമ്മളെ 1950 കാലങ്ങളിലെ മദ്രാസും അവിടുത്തെ സിനിമാ സംസാകാരത്തിലേക്കുമൊക്കെ കൊണ്ടുപോകും. ജേക്സ് ബിജോയ്‌യുടെ പശ്ചാത്തല സംഗീതവും മറ്റൊരു ഹൈലൈറ്റാണ്. കഥാപാത്രങ്ങളുടെ വൈകാരികതലങ്ങൾ മാറി മറിയുന്നതിനനുസരിച്ച് പശ്ചാത്തല സംഗീതമൊരുക്കാൺ ജേക്സിന് ആയി.
ഒരു ഡോക്യുമെന്ററി സ്റ്റൈലിലാണ് സിനിമ തുടങ്ങുന്നതും സഞ്ചരിക്കുന്നതുമൊക്കെ. അതുകൊണ്ട് തന്നെ എല്ലാവർക്കും ഈ സിനിമ ഇഷ്ടപ്പെട്ടു എന്ന് വരില്ല. സിനിമയുടെ ദൈർഘ്യ കൂടുതൽ തന്നെയാണ് ഏറ്റവും വലിയ പോരായ്മ ആയി തോന്നിയത്. പിന്നെ ആദ്യം മുതൽ കഥാപാത്രങ്ങൾ ബിൽഡ് ചെയ്യുന്ന ഒരു ഇമോഷണൽ കണക്ഷൻ സിനിമ അവസാനിക്കുമ്പോൾ എവിടെയൊക്കെയോ നമുക്ക് നഷ്‌ടപ്പെടുന്നുണ്ട്.
അതിനാൽ അതിവൈകാരിക രംഗങ്ങളിൽ പോലും ആ ഇമോഷൻ പ്രേക്ഷകനിലേക്കും കൃത്യമായി എത്തുന്നില്ല. ഇത്തരം ചില പോരായ്മകളൊക്കെ മാറ്റി നിർത്തിയാൽ കണ്ടിരിക്കാനാകുന്ന ഒരു ചിത്രം തന്നെയാണ് കാന്ത. നേരത്തെ പറഞ്ഞതു പോലെ, ഈ സിനിമ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. നല്ല ക്ഷമയോടെ ഇരുന്ന് സിനിമ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഉറപ്പായും കാന്ത കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates