Girish Kasaravalli  Toutube
Entertainment

'ഓരോ സിനിമയ്ക്കും പ്രത്യയശാസ്ത്ര നിലപാടുണ്ട്, വിനോദം പോലും രാഷ്ട്രീയ രൂപമാണ്'; സിനിമാജീവിതം പങ്കുവെച്ച് ഗിരീഷ് കാസറവള്ളി

പാശ്ചാത്യ സൗന്ദര്യസങ്കൽപ്പങ്ങളെ അനുകരിക്കുന്നതിനുപകരം സ്വന്തം സാമൂഹിക- സാംസ്കാരിക പശ്ചാത്തലത്തിൽ സിനിമകൾ സൃഷ്ടിക്കണമെന്ന് ഗിരീഷ് കാസറവള്ളി.

Author : സമകാലിക മലയാളം ഡെസ്ക്

സമൂഹത്തിലെ അധികാരശ്രേണികളെയും പാർശ്വവൽക്കരിക്കപ്പെടുന്ന മനുഷ്യരെയും സിനിമകളിലൂടെ അടയാളപ്പെടുത്തിയ കന്നഡ സിനിമാ സംവിധായകനാണ് ഗിരീഷ് കാസറവള്ളി. സിനിമയിലെ അഞ്ച് പതിറ്റാണ്ട് നീണ്ട യാത്രയും തന്റെ ചലച്ചിത്ര കാഴ്ചപ്പാടുകളും പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഗോവയിൽ നടക്കുന്ന 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയായ ഐഎഫ്എഫ്ഐയിൽ സംഘടിപ്പിച്ച പ്രത്യേക സംവാദത്തിലാണ് ഗിരീഷ് കാസറവള്ളിയുടെ പ്രതികരണം.

'ദി മോറൽ യൂണിവേഴ്സ് ഓഫ് പാരലൽ സിനിമ: 50 ഇയേഴ്സ് ഓഫ് ഗിരീഷ് കാസറവള്ളി' എന്ന പേരിൽ സംഘടിപ്പിച്ച സംവാദത്തിൽ സിനിമയും സാമൂഹിക യാഥാർഥ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സിനിമയിലൂടെ ശരിയും തെറ്റും വിധിക്കുന്നതിനേക്കാൾ പ്രേക്ഷകരെ ചിന്തിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തിൽ ചില വിഭാഗങ്ങളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരായി കാണുകയും മാറ്റിനിർത്തുകയും ചെയ്യുന്ന 'അദറിങ്' എന്ന പ്രക്രിയയാണ് തന്റെ സിനിമകളിൽ ആവർത്തിക്കുന്ന പ്രധാന വിഷയമെന്ന് കാസറവള്ളി പറഞ്ഞു. ജാതി, സാമൂഹിക അധികാരശ്രേണികൾ, മതപരമായ ആധിപത്യം, പാർശ്വവൽക്കരിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതം തുടങ്ങിയ വിഷയങ്ങൾ തന്റെ സിനിമകളിൽ കടന്നുവരുന്നതും ഇതിന്റെ ഭാഗമായാണ്.

കച്ചവട സിനിമയും സമാന്തര സിനിമയും തമ്മിലുള്ള വേർതിരിവിനെയും ഗിരീഷ് കാസറവള്ളി ചോദ്യം ചെയ്തു. ഓരോ സിനിമാ ആവിഷ്കാരത്തിനും ഒരു പ്രത്യയശാസ്ത്ര നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'വെറും വിനോദം എന്നൊന്നില്ല. വിനോദം പോലും ഒരു രാഷ്ട്രീയ രൂപമാണ്. സിനിമാപ്രവർത്തകർ നിലവിലുള്ള സാമൂഹിക ആശയങ്ങളെ ഒന്നുകിൽ പിന്തുണയ്ക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'വിധി കൽപ്പിക്കുന്നതിന് പകരം ചിന്തയ്ക്ക് പ്രേരണ നൽകുന്നതാകണം സിനിമ. ഒരു സിനിമയിലൂടെ 'ഇത് ശരിയാണ്, ഇത് തെറ്റാണ്' എന്ന് പറയുന്നത് തന്നെ തെറ്റാണ്. ഞാൻ സിനിമയിലൂടെ വിധി പറയാറില്ല. കാരണം അത് പ്രേക്ഷകരെ ചിന്തിക്കാൻ നിർബന്ധിതരാക്കുകയാണ് വേണ്ടത്' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗിരീഷ് കാസറവള്ളിയുടെ 1977ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ 'ഘടശ്രാദ്ധ' മുതൽ 'തബരണ കത്തെ', 'തായ് സാഹേബ', 'ദ്വീപ' തുടങ്ങിയ സിനിമകളിൽ വരെ ഈ സാമൂഹിക കാഴ്ചപ്പാട് പ്രകടമാണ്. സമൂഹം ചില വ്യക്തികളെയും വിഭാഗങ്ങളെയും എങ്ങനെ മാറ്റിനിർത്തുന്നു എന്നതാണ് തന്റെ സിനിമകളുടെ പ്രധാന പ്രമേയമെന്നും അദ്ദേഹം വിശദീകരിച്ചു.

പാശ്ചാത്യ സൗന്ദര്യസങ്കൽപ്പങ്ങളെ അനുകരിക്കുന്നതിനുപകരം സ്വന്തം സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലത്തിൽനിന്ന് സിനിമകൾ സൃഷ്ടിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് താൻ എന്തിന് പൂർണത കൈവരിക്കണമെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. കന്നഡയിലെ സമാന്തര സിനിമയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച സംവിധായകനാണ് ഗിരീഷ് കാസറവള്ളി. 1977ൽ പുറത്തിറങ്ങിയ 'ഘടശ്രാദ്ധ'യിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം 14 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

'Every film has an ideological stance; even entertainment is a form of politics'; Girish Kasaravalli reflects on his cinematic life

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെസി വേണുഗോപാലിനെതിരെ പോരിനുറച്ച് മുസ്ലീം ലീഗ്; രാഹുൽ ഗാന്ധിക്ക് പരാതി നൽകി, കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധം രൂക്ഷം

ഫോം തുടർന്ന് രോഹനും നിധീഷും; പോണ്ടിച്ചേരിയെ തകർത്ത് കേരളം

പുണ്യാളന്‍ അഗര്‍ബത്തീസ് 2ന്റെ തിരക്കഥ ഇഷ്ടമായില്ലെന്ന് പറഞ്ഞു, അതുകൊണ്ട് അവര്‍ എന്നെ പടമാക്കി: നൈല ഉഷ

മുടി കറുക്കാൻ, വീട്ടിൽ തന്നെ ഉണ്ടാക്കാം പ്രകൃതിദത്ത ഹെയർ ഡൈ

ബി.കോം കഴിഞ്ഞോ? സി-ഡിറ്റിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് ആകാം, ശമ്പളം 31,020 രൂപ വരെ