Guinnes Pakru ഫെയ്സ്ബുക്ക്
Entertainment

കുട്ടികള്‍ തട്ടി താഴെയിട്ടാല്‍ ഉത്തരവാദിത്തം പറയാനാകില്ല; അഡ്മിഷന്‍ നല്‍കാനാകില്ലെന്ന് അധ്യാപകന്‍; അമ്മയുടെ കണ്ണ് നിറഞ്ഞു!

അമ്മയുടെ കണ്ണ് നിറഞ്ഞു. ആ കണ്ണുനീര്‍ എന്റെ കൈകളില്‍ വീണു

സമകാലിക മലയാളം ഡെസ്ക്

സ്‌കൂള്‍ കാലത്തെ ഓര്‍മകള്‍ പങ്കിട്ട് നടന്‍ അജയ് കുമാര്‍ എന്ന ഗിന്നസ് പക്രു. തന്നെ സ്‌കൂളില്‍ ചേര്‍ക്കാന്‍ അമ്മയ്ക്ക് പേടിയായിരുന്നുവെന്നാണ് താരം പറയുന്നത്. സഹപാഠികള്‍ തട്ടി താഴെ ഇടുമോ എന്നായിരുന്നു അമ്മയുടെ ഭയം. എന്നാല്‍ തന്റെ അധ്യാപകര്‍ ചേര്‍ത്തുപിടിച്ചു. അവര്‍ സ്വന്തം മകനെപ്പോലെ തന്നെ നോക്കിയെന്നും താരം പറയുന്നു. പിന്നീട് ഹൈസ്‌കൂളിലെത്തിയപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ഗിന്നസ് പക്രു മനസ് തുറക്കുന്നത്. ആദ്യമായി സ്റ്റേജില്‍ കയറിയതിനെക്കുറിച്ചും അന്ന് കിട്ടിയ കയ്യടികളെക്കുറിച്ചുമൊക്കെ താരം സംസാരിക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:

അച്ഛന്‍ ഓട്ടോ റിക്ഷ ഓടിക്കുകയായിരുന്നു. അമ്മയും കോട്ടയത്തായിരുന്നു ജോലി ചെയ്തിരുന്നത്. അങ്ങനെ കോട്ടയത്തു വച്ചാണ് അച്ഛനും അമ്മയും കണ്ടുമുട്ടുന്നത്. കുണ്ടറയിലാണ് ഞാന്‍ ജനിക്കുന്നത്. മൂന്ന് വയസു വരെ കൊല്ലത്തുണ്ടായിരുന്നു. എനിക്ക് രണ്ട് സഹോദരിമാരാണ്. അമ്മ ടെലിഫോണ്‍ സര്‍വീസിന്റെ ജോലിയൊക്കെ ചെയ്യുമായിരുന്നു. വാടക വീടുകളിലായിരുന്നു എന്റെ കുട്ടിക്കാലം. 17 വാടക വീടുകളെങ്കിലും പത്താം ക്ലാസ് വരെയുള്ള സമയത്ത് മാറിമാറി താമസിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സ്വന്തമായൊരു വീട്.

വഴിയില്‍ കളിച്ചു നില്‍ക്കുമ്പോള്‍ കണ്ട അധ്യാപകരാണ് എന്നെ സ്‌കൂളില്‍ ചേര്‍ക്കുന്നത്. വഴിയില്‍ നിന്നും പിടിച്ചു കൊണ്ടു വന്നതിനാല്‍ എന്നോട് പ്രത്യേക പരിഗണന കാണിച്ചിരുന്നു. സ്‌കൂളില്‍ കുട്ടികള്‍ കുറവായതിനാലാണ് എന്നെ ചേര്‍ത്തത് എന്ന് പിന്നീടാണ് തിരിച്ചറിയുന്നത്. സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അമ്മയ്ക്ക് പേടിയായിരുന്നു. മുതിര്‍ന്ന കുട്ടികള്‍ എന്നെ തട്ടി താഴെ ഇടുമോ എന്നായിരുന്നു അമ്മയുടെ പേടി. ഞങ്ങളുടെ മകനെപ്പോലെ നോക്കിക്കാളാം എന്നാണ് ടീച്ചേഴ്‌സ് പറഞ്ഞത്. അവര്‍ ആ വാക്കു പാലിച്ചു. അജിക്കുട്ടാ എന്നാണ് എന്നെ അവര്‍ വിളിച്ചിരുന്നത്.

സ്‌കൂളില്‍ കിട്ടിയിരുന്ന പ്രത്യേക പരിഗണന ഞാന്‍ മുതലെടുക്കുകയും ചെയ്തിരുന്നു. അത്യാവശ്യം നല്ല ഉഴപ്പായിരുന്നു. പടിപ്പിച്ചു കൊണ്ടിരിക്കെ ബെഞ്ചിനടിയിലൂടെ നടക്കുക. ടീച്ചറുടെ മേശയുടെ താഴെപ്പോയിരിക്കുക. നാലാം ക്ലാസിലെത്തിയപ്പോഴാണ് ആദ്യമായി ഒരു വേദി കിട്ടുന്നത്. ജീവിതത്തിലെ ആദ്യത്തെ ടേണിങ് പോയന്റ്. സ്‌കൂള്‍ ആനിവേഴ്‌സറിയ്ക്ക് എല്ലാ കുട്ടികളും എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞു. എനിക്ക് ടെന്‍ഷനായി. ഞാനെന്ത് ചെയ്യാനാണ്? സന്തോഷവും ടെന്‍ഷനും തോന്നി. എന്നെ അവര്‍ മാറ്റി നിര്‍ത്തിയില്ലല്ലോ. അതില്‍ സന്തോഷം തോന്നി.

ആ സമയത്തെ ജനകീയ കലയാണ് കഥാപ്രസംഗം. അച്ഛന്‍ അമേച്വര്‍ കാഥികനുമായിരുന്നു. അച്ഛനും സുഹൃത്തും ചേര്‍ന്ന് എനിക്ക് വേണ്ടിയൊരു കഥാപ്രസംഗം തയ്യാറാക്കി. ആദികാവ്യം എന്നായിരുന്നു അതിന്റെ പേര്. റോസ് കളര്‍ ജുബ്ബയിട്ട് സ്‌റ്റേജില്‍ കയറി. കാഥികനെ കാണുന്നില്ലെന്ന് കുട്ടികള്‍ പറഞ്ഞു. എന്നെ കാണാനായി അവര്‍ ഡസ്‌കില്‍ കയറി നിന്നു. ആ ഡെസ്‌ക് ഒടിഞ്ഞു വീണു. ടീച്ചേഴ്‌സ് എന്നെ വലിയ ടേബിളിന് മുകളില്‍ കയറ്റി നിര്‍ത്തി. കഥാപ്രസംഗം കഴിഞ്ഞപ്പോള്‍ നിര്‍ത്താതെ കയ്യടി. എന്റെ കണ്ണുനിറഞ്ഞുപോയി. അങ്ങനെയാണ് സ്‌റ്റേജില്‍ കയറി പ്രകടനം കാഴ്ചവെക്കാനുള്ള കഴിവ് എനിക്കുണ്ടെന്ന് തിരിച്ചറിയുന്നത്.

അഞ്ചാം ക്ലാസില്‍ അഡ്മിഷനായി ഹൈസ്‌കൂളില്‍ ചെന്നപ്പോള്‍ അഡ്മിഷന്‍ തരില്ലെന്ന് പ്രഥമാധ്യാപകന്‍ പറഞ്ഞു. ഈ കുട്ടിയ്ക്ക് അഡ്മിഷന്‍ നല്‍കാനാകില്ല. മുതിര്‍ന്ന കുട്ടികള്‍ തട്ടി താഴെയിട്ടാല്‍ ഉത്തരവാദിത്തം പറയാനാകില്ല. ഒരുപാട് പടിക്കെട്ടുകളുള്ള സ്‌കൂളാണ്. മുഖത്ത് പോലും നോക്കാതെയാണ് ആ അധ്യാപകന്‍ അത് പറഞ്ഞത്. എനിക്കൊന്നും തോന്നിയില്ല. പക്ഷെ അമ്മയുടെ കണ്ണ് നിറഞ്ഞു. ആ കണ്ണുനീര്‍ എന്റെ കൈകളില്‍ വീണു.

Guinnes Pakru recalls his school days. His first school and teachers were very supportive. But in high school he faced humiliation from head master.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിച്ചേനേ'; കുടുംബത്തിന് തീരുമാനിക്കാമെന്ന് എം എ ബേബി

'സ്ത്രീകൾ സ്ട്രിക്റ്റ് ആയാൽ ആരും മോശമായി പെരുമാറില്ല'; ചിരഞ്ജീവിയുടെ പഴയ വിഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

പലിശ റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ 'സൂപ്പര്‍', മാസംതോറും 9000 രൂപയിലധികം പെന്‍ഷന്‍; ഇതാ ഒരു സ്‌കീം

എബിസി ജ്യൂസ് കുടിക്കുന്നതിന് മുൻപ് ഈ ഗുണങ്ങൾ അറിയൂ

എംപിമാര്‍ മത്സരിക്കേണ്ടതില്ല; സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കരുത്; തെരഞ്ഞെടുപ്പ് സമിതിയില്‍ തീരുമാനം

SCROLL FOR NEXT