തന്റെ പ്രതിഭ കൊണ്ട് സ്വയം അടയാളപ്പെടുത്തിയ നടനാണ് ഗുല്‍ഷന്‍ ദേവയ്യ. ബോളിവുഡും കടന്ന് തെന്നിന്ത്യന്‍ സിനിമകളിലും നിറ സാന്നിധ്യമാവുകയാണ് ഗുല്‍ഷന്‍. കാന്താര ടുവിലെ ഗുല്‍ഷന്റെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. മുഖ്യാധാര സിനിമകളിലെന്നത് പോലെ സമാന്തര സിനിമകളിലും തന്റെ പ്രകടനങ്ങളിലൂടെ ഗുല്‍ഷന്‍ കയ്യടി നേടിയിട്ടുണ്ട്. സിനിമകള്‍ക്ക് പുറമെ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യക്കാരനായ, സിനിമയില്‍ വേരുകളൊന്നുമില്ലാത്ത ഗുല്‍ഷന്റെ ബോളിവുഡിന്റെ മുഖ്യധാരയിലേക്കുള്ള യാത്ര സിനിമയേക്കാള്‍ നാടകീയമാണ്. ആ യാത്രയേക്കാളും സംഭവബഹുലമാണ് ഗുല്‍ഷന്റെ പ്രണയകഥ. തന്റെ മുന്‍ ഭാര്യയാണ് ഗുല്‍ഷന്റെ കാമുകി.
എട്ട് വര്‍ഷം മുമ്പാണ് ഗുല്‍ഷനും കല്ലിറോയ് സിയാഫെറ്റയും വിവാഹിതരാകുന്നത്. എന്നാല്‍ എട്ട് വര്‍ഷത്തിന് ശേഷം ഇരുവരും പിരിഞ്ഞു. പക്ഷെ 2024 ല്‍ ഇരുവരും വീണ്ടും പ്രണയത്തിലായി. തങ്ങള്‍ക്കിടയില്‍ അകലം സൃഷ്ടിച്ചതിനെയെല്ലാം മറികടന്ന് ഗുല്‍ഷനും കല്ലിറോയിയും വീണ്ടും ഒന്നായി. 2024 മുതല്‍ താനും മുന്‍ ഭാര്യയും ഡേറ്റിങ്ങിലാണെന്ന് കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തിലാണ് ഗുല്‍ഷന്‍ വെളിപ്പെടുത്തിയത്.
''ഞാന്‍ എന്റെ മുന്‍ ഭാര്യയുമായി പ്രണയത്തിലാണ് ഇപ്പോള്‍. ഒരുപാട് ആത്മപരിശോധനയും, വളര്‍ച്ചയും, പക്വതയുമാണ് അതിലേക്ക് നയിച്ചത്. അതിനെല്ലാം ഉപരിയായി പ്രൊഫഷണലായ, കപ്പിള്‍ തെറാപ്പിസ്റ്റിന്റെ സഹായം തേടിയതും. വീണ്ടും ഒന്നായ ശേഷം ഞങ്ങള്‍ പതിവായി പോകാറുണ്ട്'' ഗുല്‍ഷന്‍ പറയുന്നു. തങ്ങള്‍ ആദ്യം പിരിയാന്‍ ഒന്നല്ല, ഒരുപാട് കാരണങ്ങളുണ്ടായിരുന്നുവെന്നാണ് ഗുല്‍ഷന്‍ പറയുന്നത്.
''ഒരൊറ്റ കാരണമായിരുന്നില്ല. വ്യക്തിപരമായി ഞാന്‍ ഒരുപാട് കാര്യങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. അനശ്ചിതത്വം നിറഞ്ഞൊരു ബിസിനസിന്റെ ഭാഗമാണ് ഞാന്‍. എനിക്ക് ഒരു സമയം ഒരൊറ്റക്കാര്യത്തില്‍ മാത്രമേ ശ്രദ്ധ ചെലുത്തനാകുള്ളൂ. മറ്റൊന്നിലേക്കും ശ്രദ്ധ പോകില്ലായിരുന്നു. ഒരിടയ്ക്ക് ഞാന്‍ കരുതി, ഈ വ്യക്തി ഈ വീട്ടില്‍ വേണ്ടതില്ല. എനിക്ക് അവളോട് സ്‌നേഹമുണ്ട്. പക്ഷെ കുറച്ച് കാലം ഒറ്റയ്ക്ക് ഇരിക്കണമെന്ന് തോന്നി'' താരം പറയുന്നു.
എന്നാല്‍ പതിയെ തന്റെ ചിന്തയില്‍ മാറ്റം വന്നുവെന്നാണ് ഗുല്‍ഷന്‍ പറയുന്നത്. വിവാഹിതനായിരിക്കുന്നതിലാണ് തന്റെ സന്തോഷമെന്ന് തിരിച്ചറിഞ്ഞുവെന്നാണ് ഗുല്‍ഷന്‍ പറയുന്നത്. തന്റെ വിവാഹം വിജയിച്ചില്ലെങ്കിലും വിവാഹത്തോട് തനിക്ക് ഇപ്പോഴും താല്‍പര്യക്കുറവില്ലെന്നും ഗുല്‍ഷന്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates