ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഹക്കീം ഷാജഹാനും സന അല്‍ത്താഫും. സോഷ്യല്‍ മീഡിയയിലൂടെയാണ് സന ആരാധകരെ നേടിയത്. തമിഴിലും മലയാളത്തിലുമായി കയ്യടി നേടിയ നടനാണ് ഹക്കീം. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താനും സനയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ഹക്കീം മനസ് തുറക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:
''സന എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് തന്നെ മോട്ടിവേഷനാണ്. അവളാണ് എനിക്ക് ജീവിതം തന്നത്. എല്ലാ പരിപാടിയും നിര്‍ത്തി, തിരിച്ചു പോകാന്‍ തീരുമാനിച്ചപ്പോഴാണ് സനയുമായുള്ള റിലേഷന്‍ഷിപ്പ് തുടങ്ങുന്നത്. എന്റെ പൊന്നോ, അതേക്കുറിച്ച് പറയാന്‍ വലിയൊരു ഇന്റര്‍വ്യു തന്നെ വേണ്ടി വരും. എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള ഏറ്റവും നല്ല കാര്യമാണ് സന. വല്ലാത്തൊരു യാദൃശ്ചികതയായിരുന്നു. അവള്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ എനിക്ക് ഇന്ന് ഇവിടെ വന്നിരുന്ന് സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു'' '' എന്നാണ് ഹക്കീം പറയുന്നത്.
''ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു. അവള്‍ മറിയം മുക്ക് ചെയ്ത് നില്‍ക്കുന്ന സമയത്താണ് കാണുന്നത്. സന എന്നൊരു പെണ്‍കുട്ടിയുണ്ട്, ആക്ടീങ് വര്‍ക്ക് ഷോപ്പ് എടുക്കണമെന്ന് പറഞ്ഞു. അങ്ങനെ പോയപ്പോഴാണ് ആദ്യമായി കാണുന്നത്. കണ്ടപ്പോള്‍ തന്നെ ഞാന്‍ ഫ്‌ളാറ്റായി. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. രണ്ട് ദിവസത്തെ ക്ലാസൊക്കെ കഴിഞ്ഞപ്പോഴാണ് അറിയുന്നത് 15-16 വയസേ ഉള്ളൂവെന്ന്. പക്ഷെ സിനിമയില്‍ കാണുമ്പോള്‍ ഭയങ്കര പക്വത തോന്നുമായിരുന്നു'' എന്നും ഹക്കീം പറയുന്നു.
''അതിനാല്‍ മെസേജ് അയക്കാനോ സംസാരിക്കാനോ എന്നും ഞാന്‍ പോയിട്ടില്ല. എന്റെ ജീവിതം പിന്നേയും തുടര്‍ന്നു. അഞ്ചാറ് വര്‍ഷക്കാലം സിനിമയുടെ പിന്നാലെ അഭിനയിക്കലും മറ്റുമായി നടന്നു. ഇതിനിടെ ഒരു പ്രണയ ബന്ധമുണ്ടാവുകയും അത് പൊളിയുകയും ചെയ്തു. കറങ്ങിത്തിരിഞ്ഞ് വീണ്ടും ഞാന്‍ ഫ്‌ളാറ്റില്‍ തന്നെ എത്തി. അപ്പോഴാണ് ഞങ്ങള്‍ വീണ്ടും കാണുന്നതും സംസാരിക്കുന്നതും. പിന്നെ ലോക്ക്ഡൗണ്‍ വന്നു. ഞങ്ങള്‍ മാത്രമേ സംസാരിക്കാനായി ഞങ്ങള്‍ക്കുള്ളൂ ആ സമയം. എന്റെ ഏറ്റവും മോശം സമയത്താണ് ഞാനപ്പോള്‍'' താരം പറയുന്നു.
''അവള്‍ തന്നെ മോട്ടിവേഷനിലാണ് മുന്നോട്ട് പോയത്. എന്റെ കയ്യില്‍ ഒന്നുമില്ലായിരുന്നു. കാശില്ലായിരുന്നു. എന്നെ ഒരുപാട് നാള്‍ അവള്‍ നോക്കിയിട്ടുണ്ട്. അവളുടെ കാശിനാണ് ഞാന്‍ ഒരുപാട് നാള്‍ ജീവിച്ചത്. എല്ലാത്തരത്തിലും എന്നെ മോട്ടിവേറ്റ് ചെയ്ത്, എന്നെ വീണ്ടും ട്രാക്കിലെത്തിച്ചത് പുള്ളിക്കാരിയാണ്'' എന്നും ഹക്കീം പറയുന്നു.
''പല സ്ഥലങ്ങളിലും എന്നെ അല്‍ത്താഫേ എന്നാണ് വിളിക്കുന്നത്. ആളുകളുടെ വിചാരം എന്റെ പേര് അല്‍ത്താഫ് ആണെന്നാണ്. അങ്ങനെ വിളിക്കുമ്പോള്‍ എനിക്ക് മനസിലാകും സനയുടെ ഫാന്‍ ആണെന്ന്. അവളുടെ എല്ലാകാര്യങ്ങളും എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്റെ ജീവിതം തന്നത് തന്നെ അവളാണ്. അവള്‍ക്ക് എന്ത് വേണോ, എല്ലാത്തിനും ഞാന്‍ കൂടെയുണ്ടാകും. ജീവിതാവസാനം വരെ, മരണം വരെയുണ്ടാകും. വേറൊന്നും എനിക്ക് ചെയ്യാനില്ല.'' എന്നും ഹക്കീം പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates