ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും നാടകീയതയ്ക്കും ഒടുവിലാണ് കേരളത്തിന്റെ 13-ാമത്തെ മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചത്. സിനിമ- സാംസ്കാരിക- രാഷ്ട്രീയ രംഗത്ത് നിന്ന് നിരവധി പേരാണ് വിഡി സതീശന് ആശംസകൾ നേരുന്നത്. ഇപ്പോഴിതാ വിഡി സതീശനൊപ്പമുള്ള ഓർമ പങ്കുവച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
മകന്‍റെ കല്യാണം വിളിക്കാനായി വിഡി സതീശനെ കണ്ടപ്പോഴുള്ള അനുഭവമാണ് ഹരീഷ് പേരടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വിഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സാധാരണ മനുഷ്യരുടെ കേരളം സന്തോഷിക്കാൻ കാരണം, നിങ്ങൾ സാധാരണ മനുഷ്യരുടെ കൂട്ടത്തിൽ നിന്ന് അവരുടെ ചൂടും ചൂരും നിസഹായതയും കണ്ണീരും നിലവിളിയും പുതിയ തലമുറയുടെ ഊർജ്ജവും പ്രതീക്ഷയും ഏറ്റെടുത്ത് നടന്നതുകൊണ്ടാണെന്ന് ഹരീഷ് പേരടി കുറിച്ചു.
കേരളത്തോട് നിങ്ങൾ വാക്ക് പാലിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. മകന്റെ വിവാഹച്ചടങ്ങിൽ നിന്നുള്ള വിഡി സതീശന്റെ ചിത്രത്തിനൊപ്പമായിരുന്നു നടന്റെ കുറിപ്പ്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പൊതുജനത്തിനിടയില്‍ ഏറ്റവും സ്വീകാര്യത വിഡി സതീശന് ആയിരുന്നു.
പ്രഖ്യാപനം വന്നതിന് പിന്നാലെ റോഡിലും സോഷ്യല്‍ മീഡിയയിലും കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരുടെ ആഘോഷമാണ്. അതേസമയം തിങ്കളാഴ്ചയാണ് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ആരൊക്കെ മന്ത്രിമാര്‍ ആകും, ഏതൊക്കെ വകുപ്പുകള്‍ ലഭിക്കും എന്നതാണ് രാഷ്ട്രീയ കേരളത്തിന് മുന്നിലുള്ള കൗതുകം നിറഞ്ഞ കാത്തിരിപ്പ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
എൻ്റെ മകൻ്റെ കല്യാണത്തിന് വിളിച്ചപ്പം മൂപ്പര് ഒറ്റ കാര്യമേ എന്നോട് പറഞ്ഞുള്ളു..."നിങ്ങള് കോൺഗ്രസ്സ്കാരനല്ലാ എന്ന് എനിക്കറിയാം എന്നാലും നിങ്ങളെ എനിക്ക് വലിയ ഇഷ്‌ടാ..കാരണം സത്യം ഉറക്കെ വിളിച്ചു പറയുന്നവരോട് എനിക്ക് ഒരു ബഹുമാനമാണ്...
ഞാൻ എന്തായാലും വരും" ഒരു പാട് തിരക്കിനിടയിലും മൂപ്പര് വന്ന് വാക്ക് പാലിച്ചു..ഇത് ഇന്ന് പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പം പറയും?..പ്രിയപ്പെട്ട VDS ..നിങ്ങൾ ഇന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സാധരണ മനുഷ്യരുടെ കേരളം ഇങ്ങിനെ സന്തോഷം കൊണ്ട് ഇളകി മറിയാൻ കാരണം..
നിങ്ങൾ സാധാരണ മനുഷ്യരുടെ കൂട്ടത്തിൽ നിന്ന് അവരുടെ ചൂടും ചൂരും നിസഹായതയും കണ്ണീരും നിലവിളിയും..പുതിയ തലമുറയുടെ ഊർജ്ജവും പ്രതീക്ഷയും ഏറ്റെടുത്ത് നടന്നതുകൊണ്ടാണ്...നിങ്ങൾ ഈ കേരളത്തോട് വാക്ക് പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്..ആശംസകൾ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates