പൂജ ഹെ​ഗ്ഡെ ഇൻസ്റ്റ​ഗ്രാം
Entertainment

സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടും 'ഫ്ലോപ് നായിക'യെന്ന വിളിപ്പേര്! തുടർ പരാജയങ്ങളിൽ നിന്ന് കുതിച്ചുയരാനൊരുങ്ങി പൂജ ഹെ​ഗ്ഡെ

പെട്ടെന്നാണ് തെലുങ്ക് സിനിമയില്‍ അവരുടെ അവസരങ്ങളെല്ലാം നഷ്ടപ്പെട്ടു തുടങ്ങിയത്.

സമകാലിക മലയാളം ഡെസ്ക്

മിഷ്കിൻ സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ മു​ഖംമൂടി എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരം​ഗത്തേക്ക് ചുവടുവച്ച നടിയാണ് പൂജ ഹെ​ഗ്ഡെ. അതിന് ശേഷം കുറച്ചു നാളുകൾ പൂജയെ തേടി സിനിമകളൊന്നും എത്തിയിരുന്നില്ല. 2014 ൽ പുറത്തിറങ്ങിയ ഒക ലൈല കോസം എന്ന തെലുങ്ക് ചിത്രമാണ് പൂജയുടെ തലവര തന്നെ മാറ്റിയത്. അവിടെ നിന്നിങ്ങോട്ട് ബി​ഗ് ബജറ്റ് സിനിമകളിലുൾപ്പെടെ പൂജ നായികയായെത്തി.

അടുത്ത കാലം വരെ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളോളം പോന്ന നായികയായി പൂജ മാറി. സിനിമകൾ ഹിറ്റായതോടെ പൂജ തന്റെ പ്രതിഫലവും കുത്തനെ ഉയർത്തി. എന്നാൽ അധികകാലം പൂജയ്ക്ക് തന്റെ ഈ പ്രതാപം നിലനിർത്താൻ കഴിഞ്ഞില്ല. പെട്ടെന്നാണ് തെലുങ്ക് സിനിമയില്‍ അവരുടെ അവസരങ്ങളെല്ലാം നഷ്ടപ്പെട്ടു തുടങ്ങിയത്. പതിയെ നിര്‍മാതാക്കള്‍ അവരെ സിനിമകളില്‍ നിന്ന് മാറ്റാൻ തുടങ്ങി. ഒന്നിനു പിറകെ ഒന്നായി ഫ്ലോപ്പുകള്‍ വന്നതായിരുന്നു അതിന് പ്രധാന കാരണം.

രാധേ ശ്യാം, ബീസ്റ്റ്, കിസി ക ഭായ് കിസി കി ജാന്‍, ആചാര്യ ഉൾപ്പെടെ പൂജ നായികയായെത്തിയ ബി​ഗ് ബജറ്റ് ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ തകർന്ന് തരിപ്പണമായി. ഇതിനിടെ ​ഗുണ്ടൂർ കാരം എന്ന മഹേഷ് ബാബുവിന്റെ ചിത്രത്തിൽ നിന്ന് പൂജ പിന്മാറുകയും ചെയ്തു. ഇതോടെ തെലുങ്കിൽ ഒരു സിനിമ പോലും ഇല്ലാത്ത അവസ്ഥയായി പൂജയ്ക്ക്. കഴിഞ്ഞ വർഷം താരത്തിന്റേതായി ഒരു തെലുങ്ക് ചിത്രം പോലും റിലീസിനില്ലായിരുന്നു.

ബോളിവുഡിലും കാലിടറി

തെലുങ്കിൽ സിനിമകളെല്ലാം പരാജയപ്പെട്ടതോടെ താരം ബോളിവുഡിലേക്കും ചുവടുമാറ്റി. എന്നാൽ അവിടെയും തിളങ്ങാൻ താരത്തിനായില്ല. മികച്ച റോളുകളോ ശ്രദ്ധിക്കപ്പെടുന്ന സിനിമകളോ പൂജയ്ക്ക് ലഭിച്ചില്ല. ഇതിനിടെ പൂജ തന്റെ പ്രതിഫലം കുറച്ചതായും റിപ്പോർട്ടുകൾ വന്നു. ഇപ്പോഴിതാ വീണ്ടും തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണ് പൂജ.

തമിഴിൽ സൂപ്പർ താരങ്ങൾക്കൊപ്പം രണ്ട് ചിത്രങ്ങളാണ് പൂജയുടെ ഒരുങ്ങുന്നത്. ഈ ചിത്രങ്ങളിലൂടെയെങ്കിലും പൂജയുടെ 'ഫ്ലോപ് നായിക'യെന്ന ചീത്തപ്പേര് മാറുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. താരത്തിന്റെ 34-ാം പിറന്നാൾ ദിനമായിരുന്നു ഇന്നലെ. വരും വർഷങ്ങളിൽ താരത്തിന് കൂടുതൽ തിളങ്ങാൻ കഴിയട്ടെ എന്നായിരുന്നു ആരാധകരുടെ ആശംസകൾ. അതേസമയം ബി​ഗ് ബജറ്റ് ചിത്രങ്ങളും സൂപ്പർ താര ചിത്രങ്ങളുമുണ്ട് പൂജയുടെ ലൈൻ അപ്പിൽ. പൂജയുടേതായി വരാൻ പോകുന്ന ചിത്രങ്ങളിലൂടെ.

ദളപതി 69

വിജയ് നായകനാകുന്ന ദളപതി 69 ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ഹിറ്റാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‍ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. അടുത്തിടെ ചിത്രത്തിന്റെ പൂജ ചടങ്ങുകളും നടന്നിരുന്നു. ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം വിജയ്ക്കൊപ്പം പൂജ ഹെ​ഗ്ഡെ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കെവിഎൻ പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. അടുത്ത വർഷം ഒക്ടോബറിൽ ചിത്രം തിയറ്ററുകളിലെത്തും. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്.

സൂര്യ 44

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രമാണ് സൂര്യ 44. ചിത്രത്തിൽ സൂര്യയുടെ നായികയായാണ് പൂജയെത്തുന്നത്. കാർത്തിക് സുബ്ബരാജും സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്നിരിക്കുന്ന വിഡിയോകളും ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. പൂജയുടെ കരിയറിൽ ഹിറ്റാകാൻ സാധ്യതയുള്ള ചിത്രമായിരിക്കും ഇതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ദേവ

റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഹിന്ദി ചിത്രമാണ് ദേവ. പൂജയ്ക്കൊപ്പം ചിത്രത്തിൽ ഷാഹിദ് കപൂറാണ് പ്രധാന വേഷത്തിലെത്തുന്നത്. സിദ്ധാർഥ് റോയ് കപൂർ നിർമ്മിക്കുന്ന ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്ന ബോബി - സഞ്ജയ് ആണ്. 2023 ലാണ് ചിത്രം പ്രഖ്യാപിച്ചത്. അടുത്ത വർഷം ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

ഹൗസ്ഫുൾ 5

തരുൺ മൻസുഖാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൗസ്ഫുൾ 5. അക്ഷയ് കുമാറാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സാജിദ് നദിയാദ്‌വാലയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ നാലാം ഭാ​ഗത്തിലും പൂജ എത്തിയിരുന്നു. 2019ലായിരുന്നു നാലാം ഭാ​ഗം പുറത്തിറങ്ങിയത്. കഴിഞ്ഞ വർഷമാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ അഞ്ചാം ഭാ​ഗം പ്രഖ്യാപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT