Hanuman Ansh  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ക്ഷേത്രങ്ങളിലും മത ട്രസ്റ്റുകളിലും വരെ പോയി! 28 ദിവസത്തെ റോഡ് ട്രിപ്പ്'; 'ഹനുമാൻ അംശ്' ബ്ലോക്ബസ്റ്ററായി മാറിയത് ഇങ്ങനെ

'ആദ്യത്തെ രണ്ടാഴ്ചയിൽ പ്രേക്ഷകരെ തിയറ്ററിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ നന്നായി പാടുപെട്ടു'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഈ വർഷത്തെ സർപ്രൈസ് ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹിന്ദി ചിത്രം ആണ് 'ഹനുമാൻ അംശ്'. തിയറ്ററുകളിലെ വിജയകരമായ പ്ര​ദർശനത്തിന് ശേഷം ചിത്രം രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീമിങ്ങിനെത്തിയിരിക്കുകയാണ്. സോണി ലിവ്, നെറ്റ്ഫ്ലിക്സ് എന്നിവയിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാനാകും. വിശാൽ ചതുർവേദി സംവിധാനം ചെയ്ത ഈ ചിത്രം ആത്മീയ ആചാര്യനായ നീം കരോലി ബാബയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

വെറും രണ്ട് കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച ചിത്രം തിയറ്ററുകളിൽ 90 ദിവസത്തിലേറെ തുടർച്ചയായി പ്രദർശിപ്പിക്കുകയും 450 കോടി രൂപയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടി ചരിത്രം കുറിക്കുകയും ചെയ്തിരുന്നു. വളരെ ചെറിയ ബഡ്ജറ്റിലൊരുക്കിയ ചിത്രം എങ്ങനെയാണ് ബോക്സ് ഓഫീസിനെ ഇളക്കിമറിച്ചതെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ വിശാൽ ചതുർവേദി.

"ലാഭവിഹിതത്തിന്റെ കാര്യമെടുത്താൽ, 'ഒബ്‌സെഷൻ' എന്ന സിനിമ മുടക്കിയ തുകയുടെ 500 മടങ്ങ് ലാഭം ചിത്രം നേടിയിട്ടുണ്ട്. 'ഹനുമാൻ അംശാ'കട്ടെ മുടക്കിയ ബഡ്ജറ്റിന്റെ 265 മടങ്ങ് ലാഭമുണ്ടാക്കി. ചില പത്രങ്ങളിൽ വായിച്ചറിഞ്ഞതനുസരിച്ച്, ചിത്രം എക്കാലത്തെയും ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ ഹിന്ദി സിനിമയാണെന്ന് കണ്ടെത്തിയിട്ടുണ്ട്".- പിടിഐക്ക് നൽകിയ അഭിമുഖത്തിൽ വിശാൽ ചതുർവേദി പറഞ്ഞു.

"യാതൊരു തരത്തിലുള്ള പ്രൊമോഷനുകളോ ബഹളങ്ങളോ ഒന്നുമില്ലാതെയായിരുന്നു ഓഗസ്റ്റ് 7 ന് ചിത്രം തിയറ്ററുകളിൽ എത്തിയത്. ആദ്യത്തെ രണ്ടാഴ്ചയിൽ പ്രേക്ഷകരെ ആകർഷിക്കാൻ ഞങ്ങൾ നന്നായി പാടുപെട്ടു. ഈ കാലയളവിൽ 5 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയായിരുന്നു കളക്ഷൻ. എന്നാൽ പിന്നീട് സ്ഥിതി മെച്ചപ്പെടാൻ തുടങ്ങി.

തുടക്കത്തിൽ 25 തിയറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിക്കാൻ കഴിഞ്ഞത്. എന്നാൽ പ്രേക്ഷകർ സിനിമ ഏറ്റെടുത്തതോടെ തിയറ്ററുകളുടെ എണ്ണം കൂടി. അന്ന് 'സ്‌പൈഡർ-മാൻ' തിയറ്ററുകളിൽ നന്നായി ഓടുന്ന സമയമായിരുന്നു. അതിന്റെ കൂടെ 'ഓ മൈ ഡോഗ്' എന്നൊരു പടം കൂടിയുണ്ടായിരുന്നു.

'ബട്വാര 1947', 'അവാരപൻ 2' എന്നീ സിനിമകളും അടുത്ത ആഴ്ച തിയറ്ററുകളിൽ എത്തി. അങ്ങനെ, വലിയ സിനിമകൾക്കിടയിൽ ഞങ്ങൾ ശരിക്കും ഞെരുങ്ങിപ്പോയി. അതിലേറ്റവും ചെറിയ പടം ഞങ്ങളുടേതായിരുന്നു. 'അയ്യോ, ഇതെല്ലാം പാഴായിപ്പോകുമല്ലോ' എന്ന് വരെ ഞങ്ങൾക്ക് തോന്നി. 25 തിയറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു, അടുത്ത ആഴ്ച അവർ അത് നീക്കം ചെയ്തേക്കാം. ഓഗസ്റ്റ് 22 വരെ പോലും സിനിമ പോകില്ല എന്ന് ഞങ്ങൾ കരുതി.

ഓഗസ്റ്റ് 15 ന് ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹിയിലെ ചില ഭാ​ഗങ്ങൾ, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലൂടെ ഒരു സ്വാതന്ത്ര്യദിന റോഡ് ട്രിപ്പ് ഞങ്ങൾ നടത്തി. ഞങ്ങൾ 28 ദിവസം തുടർച്ചയായി യാത്ര ചെയ്തു. തിയറ്ററുകൾ, ക്ഷേത്രങ്ങൾ, മത ട്രസ്റ്റുകൾ എന്നിവയൊക്കെ സന്ദർശിച്ച് സിനിമ കാണാനും പ്രചരിപ്പിക്കാനും ആളുകളെ പ്രോത്സാഹിപ്പിച്ചു. ഒരു ദിവസം ഒരു നഗരം മുഴുവൻ സന്ദർശിച്ചു.

വഡോദരയിലെ ഹർണി ഹനുമാൻ മന്ദിറിൽ നിന്നും പിന്നീട് അഹമ്മദാബാദിലെ കഷ്ടഭഞ്ജൻ ഹനുമാൻ മന്ദിറിൽ നിന്നും ഞങ്ങൾ ആരംഭിച്ചു. ഈ സ്ഥലങ്ങളിലേക്ക് പോകുന്നത് ഞങ്ങൾ തുടർന്നു. തിയറ്ററുകളിൽ, സിനിമ കണ്ട ആളുകളോട് സിനിമ ശരിക്കും ഇഷ്ടപ്പെട്ടോ എന്ന് പറയാൻ ഞങ്ങൾ ആവശ്യപ്പെട്ടു. പിന്നെ ക്ഷേത്രങ്ങളിൽ പോയി, പ്രൊമോഷൻ ആളുകളെ വയ്ക്കുകയും അതിനെക്കുറിച്ച് സംസാരിക്കാൻ കഴിയുമോ എന്ന് അവരോട് ചോദിക്കുകയും ചെയ്തു.

എല്ലാ ദിവസവും ഇത് തന്നെ ഞങ്ങൾ ചെയ്തു. ഈ ശ്രമം സിനിമയുടെ തിയറ്ററുകളുടെ എണ്ണം ക്രമേണ കൂടാൻ സഹായിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ തിയറ്ററുകളുടെ എണ്ണം 25 ൽ നിന്ന് 110 ആയും പിന്നീട് 150 ഉം 200ഉം ആയി കൂടി. എല്ലാ ദിവസവും 50 തിയറ്ററുകൾ വച്ചാണ് കൂടിയത്. പിന്നീട് മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയിൽ അത് അക്ഷരാർത്ഥത്തിൽ ഒരു ബ്ലാസ്റ്റായി മാറി. 100 ൽ നിന്ന് 200 തിയറ്ററുകളിലേക്ക്, അത് 7,000 ഷോകളിൽ വരെയെത്തി".-വിശാൽ ചതുർവേദി പറഞ്ഞു.

സെപ്റ്റംബർ 11 ന് രോ​ഗബാധിതനായതോടെയാണ് വിശാൽ ചതുർവേദി ഈ യാത്ര അവസാനിപ്പിച്ചത്. "എല്ലാ ദിവസവും ഞങ്ങൾക്ക് ഒന്നിലധികം ജോലികൾ ഉണ്ടായിരുന്നു. ഓരോ ദിവസവും എത്ര കളക്ഷൻ കിട്ടിയെന്ന് ഞങ്ങൾ നോക്കുമായിരുന്നു. പകൽ സമയത്ത് ഞങ്ങൾ ചെയ്ത കാര്യങ്ങളിൽ ഒന്നായിരുന്നു അത്, പക്ഷേ അത് ഞങ്ങളുടെ ശ്രദ്ധയിലുണ്ടായിരുന്നില്ല.

ഞങ്ങൾ പണമല്ല, മറിച്ച് തിയറ്ററുകളാണ് എണ്ണിയത്. ഞങ്ങൾ എവിടെ പോയി, എത്ര ആളുകളോട് സംസാരിച്ചു, എത്ര തിയറ്ററുകൾ സന്ദർശിക്കണം, എത്ര ക്ഷേത്രങ്ങൾ സന്ദർശിക്കണം അങ്ങനെ പല കാര്യങ്ങളും കണക്കുക്കൂട്ടി. സത്യം പറഞ്ഞാൽ, സിനിമയെ വിജയിപ്പിച്ചത് രാജ്യത്തെ ജനങ്ങളായ സിനിമാ പ്രേമികളാണ്.

അവരുടെ പ്രതികരണം വളരെ വലുതായിരുന്നു. ഞങ്ങൾ തിയറ്ററുകളിൽ കയറിയിട്ട് അവിടെ നിന്ന് വിവിധ ഗേറ്റുകളിലൂടെ ഓടി രക്ഷപ്പെടേണ്ട അവസ്ഥ വരെയുണ്ടായി. നമ്മുടെ സ്വന്തം നാട്ടിൽ, നമ്മുടെ സ്വന്തം ഇൻഡസ്ട്രിയിൽ കാര്യങ്ങൾ നേരിട്ട് കാണാനും അനുഭവിക്കാനും കഴിയുന്നത് ഏറെ ഹൃദയസ്പർശിയും മനോഹരവുമായ കാര്യമാണ്".- വിശാൽ ചതുർവേദി വ്യക്തമാക്കി.

How Vishal Chaturvedi's 28 day road trip helped Hanuman Ansh become a phenomenon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ ജനാധിപത്യത്തിന് ഭീഷണി; ലക്ഷ്യം സംവരണം അട്ടിമറിക്കല്‍; ഭൂരിപക്ഷം ലഭിക്കില്ല; ഖാര്‍ഗെ

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി; രാഷ്ട്രപതി മിസോറാമിലേക്ക് മടങ്ങി

മേജർ രവിയല്ല, 'ഓപ്പറേഷൻ സിന്ദൂർ' ഒരുക്കുന്നത് ആക്ഷൻ കിങ് അർജുൻ സർജ; പുതിയ ചിത്രത്തിന് അയോധ്യയിൽ തുടക്കം

ഒന്നാം സമ്മാനം 25 കോടി; ക്രിസ്മസ്- പുതുവത്സര ബമ്പര്‍ ലോട്ടറി വില്‍പ്പനയ്ക്ക്, 7,66,992 സമ്മാനങ്ങള്‍

'ഞാന്‍ വാങ്ങിയതില്‍ ഏറ്റവും വില കൂടിയ സമ്മാനം'; പൂര്‍ണിമയെ ഞെട്ടിച്ച് പ്രാര്‍ത്ഥന; മനം നിറച്ച് വിഡിയോ