മലയാളത്തിൽ വലിയ ബജറ്റിലുള്ള സിനിമകളാണ് ഇപ്പോൾ തന്നെ തേടിയെത്തുന്നതെന്നും തമിഴ്, തെലുങ്ക് ഭാഷകളിൽ അത്തരം സ്റ്റാർഡത്തിന്റെ സമ്മർദമില്ലെന്നും നടൻ ദുൽഖർ സൽമാൻ. മറ്റ് ഭാഷകളിൽ തനിക്ക് ഒരു പരിധിവരെ വിപണിമൂല്യമുണ്ടെന്നാണ് കരുതുന്നതെന്നും താരം പറഞ്ഞു.
വിശ്വാസമുള്ള കഥകൾക്ക് സ്വയം പച്ചക്കൊടി കാട്ടാൻ കഴിയുന്ന സാഹചര്യമുണ്ടെന്നും ദുൽഖർ വ്യക്തമാക്കി. 'ആകാശത്തിൽ ഒരു താരകം' (AOT) എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു ദുൽഖറിന്റെ പ്രതികരണം.
നിലവിൽ മലയാളത്തിൽ ചില കാരണങ്ങൾകൊണ്ട് കുറേക്കൂടി വലിയ ബജറ്റിലുള്ള ചിത്രങ്ങളാണ് തേടിയെത്തുന്നതെന്നും മലയാള സിനിമയുടെ സ്വപ്നങ്ങൾ അത്രത്തോളം വലുതായതുകൊണ്ടായിരിക്കാമെന്നും താരം വ്യക്തമാക്കി. ദുൽഖർ പറയുന്നതനുസരിച്ച്, മലയാള സിനിമകൾ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലൂടെ ഭാഷാ അതിർത്തികൾ മറികടന്നിട്ടുണ്ടെങ്കിലും പാൻ ഇന്ത്യൻ തിയേറ്റർ ബിസിനസിൽ ഇനിയും വലിയ മുന്നേറ്റം നടത്താനുണ്ട്. ഈ ലക്ഷ്യത്തിലേക്കുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വലിയ ബജറ്റിലുള്ള ചിത്രങ്ങൾ തന്നെ തേടിയെത്തുന്നതെന്നും താരം കൂട്ടിച്ചേർത്തു.
ദുൽഖറിന്റെ വാക്കുകൾ:
“തമിഴിലോ തെലുങ്കിലോ എനിക്ക് സ്റ്റാർഡത്തിന്റെ ഭാരമില്ല. ഞാൻ കുറച്ചൊക്കെ ബാങ്കബിൾ ആണെന്നാണ് കരുതുന്നത്. എനിക്ക് വിശ്വാസമുള്ള കഥകൾ സിനിമയാക്കാനും എനിക്ക് കഴിയുന്നുണ്ട്. നിലവിൽ മലയാളത്തിൽ എന്തൊക്കെയോ കാരണങ്ങൾകൊണ്ട് കുറേക്കൂടി വലിയ ബജറ്റിലുള്ള ചിത്രങ്ങളാണ് എന്നെ തേടി വരുന്നത്. അത് എന്റെയോ സംവിധായകരുടെയോ കുറ്റമാണെന്നല്ല പറയുന്നത്.
എന്നെ സമീപിക്കുന്നവർ വലിയ സിനിമകളുമായാണ് വരുന്നത്. ഒരുപക്ഷേ ഞങ്ങളുടെ സ്വപ്നങ്ങൾ അത്രത്തോളം വലുതായതുകൊണ്ടാകാം. ഒടിടിയിലെല്ലാം ഞങ്ങൾ അതിർഥികളുടെ കടമ്പ മുറിച്ചുകടന്നിട്ടുണ്ട്. എല്ലാവരും ഞങ്ങളുടെ സിനിമ കാണുന്നുണ്ട്. പക്ഷേ നിങ്ങൾ പാൻ ഇന്ത്യ എന്നു വിശേഷിപ്പിക്കുന്ന തിയേറ്റർ ബിസിനസ് ഇപ്പോഴും ഞങ്ങൾ മറികടന്നിട്ടില്ല. അതിനു ശ്രമിക്കുന്ന തരം സിനിമകളാണെന്നു തോന്നുന്നു എനിക്ക് കിട്ടുന്നത്. ഞാൻ മറ്റു ഭാഷകളിലും സിനിമകൾ ചെയ്യുന്നതുകൊണ്ട് ആ മാർക്കെറ്റുണ്ടെന്ന പ്രതീക്ഷയിലായിരിക്കാം.