Indrajith ഇന്‍സ്റ്റഗ്രാം
Entertainment

'ആ ഷോട്ട് എടുക്കുന്നതിന് തൊട്ട് മുമ്പാണ് ഞാനാണ് പുണ്യാളന്‍ എന്നറിയുന്നത്'; 'ആമേന്‍' ഓര്‍മകളിലൂടെ ഇന്ദ്രജിത്ത്

അതുവരെ മലയാളി പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്തൊരു വിഷ്വല്‍ ഡിസൈന്‍

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയുടെ സീന്‍ മാറ്റിയ സിനിമകളിലൊന്നാണ് ആമേന്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലും സ്വാതി റെഡ്ഡിയുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. മലയാളി ഒരിക്കലും മറക്കാത്ത നിരവധി സിനിമാറ്റിക് മൊമന്റുകള്‍ സമ്മാനിച്ച ചിത്രമാണ് ആമേന്‍. ഇന്നും മീമുകളിലും മറ്റും ആമേന്‍ നിറഞ്ഞു നില്‍ക്കുന്നു.

ആമേനില്‍ ഫാദര്‍ വിന്‍സന്റ് വട്ടോളിയായി എത്തിയത് ഇന്ദ്രജിത്തായിരുന്നു. വട്ടോളിയച്ചനായി അത്രയും നേരം കണ്ടത് പുണ്യാളനെയായിരുന്നുവെന്ന ക്ലൈമാക്‌സ് ട്വിസ്റ്റ് ഇന്നും മലയാളി മറന്നിട്ടില്ല. എന്നാല്‍ താനാണ് പുണ്യാളന്‍ എന്ന് അറിയുന്നത് ക്ലൈമാക്‌സ് സീന്‍ ചിത്രീകരിക്കുന്നതിന് തൊട്ട് മുമ്പാണെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രജിത്ത് മനസ് തുറന്നത്.

''ആസ്വദിച്ച് ഷൂട്ട് ചെയ്‌തൊരു സിനിമയാണ്. ലിജോയുടെ കൂടെ അതിന് മുമ്പ് നായകനും സിറ്റി ഓഫ് ഗോഡും ചെയ്തിരുന്നു. അടുത്ത സുഹൃത്തിന്റെ വലിയൊരു സിനിമ ചെയ്യുന്നതിന്റെ എക്‌സൈറ്റ്‌മെന്റ് ആമേന്‍ ചെയ്തപ്പോള്‍ ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ഓര്‍ത്തിരിക്കുന്ന കാര്യം എന്തെന്നാല്‍, സിനിമയുടെ അവസാനം ഒരു ഷോട്ടുണ്ട്. പള്ളിയില്‍ നിന്നും നടന്ന് വന്ന് ഫ്രഞ്ച് വനിതയുമായി സംസാരിച്ച ശേഷം അവര്‍ ബോട്ടിലേക്ക് കയറുമ്പോള്‍ ബോട്ടില്‍ നിന്നും യഥാര്‍ത്ഥ വട്ടോളിയച്ചന്‍ ഇറങ്ങി വരും. അത് ഒറ്റ ഷോട്ടിലാണ് എടുത്തിരിക്കുന്നത്'' ഇന്ദ്രജിത്ത് പറയുന്നു.

ആ ഷോട്ട് എടുക്കുന്നതിന്റെ അഞ്ച് മിനുറ്റ് മുമ്പാണ് ലിജോ എന്നോട് പറയുന്നത് ഇന്ദ്രനാണ് ഈ സിനിമയില്‍ പുണ്യാളന്‍ എന്ന്. അതുവരെ എനിക്ക് അറിയില്ലായിരുന്നു. അതിന് മുമ്പ് ഒരുപാട് സീനുകള്‍ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. പുണ്യാളന്‍ ആണെന്ന് അറിയാതെയാണ് അതുവരെ അഭിനയിച്ചത്. അതിനാല്‍ സിനിമ വന്നപ്പോള്‍ വളരെ റിയലിസ്റ്റിക് ആയിരുന്നുവെന്നും താരം പറയുന്നു.

''ഒരു ഷോട്ടില്‍ തന്നെയാണ് ആ രംഗം ചിത്രീകരിച്ചത്. വട്ടോളിയച്ചനും പെണ്‍കുട്ടിയും സംസാരിക്കുന്നു. ശേഷം പെണ്‍കുട്ടി ബോട്ടിലേക്ക് നടക്കുന്നു. ഈ സമയം ഞാന്‍ അവിടെ നിന്നും ഓടി ഒരു വീടിന്റെ പിന്നില്‍ വന്ന് വസ്ത്രം മാറി ഓടി വന്ന് ബോട്ടില്‍ കയറി ബോട്ടില്‍ നിന്നും ഇറങ്ങി വരണം. ഒറ്റ ഷോട്ടിലാണ് അത് ചെയ്തത്. ഒന്നിലധികം ടേക്കുകള്‍ പോയെങ്കിലും. അത് വ്യത്യസ്തമായൊരു അനുഭവമായിരുന്നു. സിനിമയും. മാജിക്കല്‍ റിയലിസമുള്ള സിനിമയായിരുന്നു. ഈയ്യടുത്ത് ഞാനും ഫഹദും കണ്ടപ്പോഴും അത് ചര്‍ച്ച ചെയ്തു. അതിന്റെ ഷൂട്ടിങ് എക്‌സ്പീരിയന്‍സ് വ്യത്യസ്തമായിരുന്നു. സിനിമ പ്രേക്ഷകര്‍ക്ക് എത്രത്തോളം വ്യത്യസ്തമായ അനുഭവമായിരുന്നുവോ അതുപോലെ തന്നെയായിരുന്നു ഞങ്ങള്‍ക്കും''.

''ആ ലൊക്കേഷനും പള്ളിയുടെ സെറ്റും അഭിനയിച്ചവരുടെ വസ്ത്രധാരണവുമെല്ലാം. എല്ലാവര്‍ക്കും വെള്ള വസ്ത്രങ്ങളായിരുന്നു. രാവിലെ സെറ്റില്‍ ചെന്നിറങ്ങുമ്പോള്‍ തന്നെ മാജിക്കല്‍ ലോകത്ത് ചെന്നിറങ്ങി അവിടുത്തെ ഒരാളായി മാറിയതു പോലെയായിരുന്നു. ആ ഫീലാണ് സിനിമയുടെ വിജയത്തിന് കാരണമെന്നും ഞാന്‍ വിശ്വസിക്കുന്നു. അതുവരെ മലയാളി പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്തൊരു വിഷ്വല്‍ ഡിസൈന്‍ സമ്മാനിച്ചൊരു സിനിമയായിരുന്നു. കൂടാതെ നല്ലൊരു കൊമേഷ്യല്‍ സിനിമയുമായിരുന്നു. മനോഹരമായ ഒരുപാട് ഓര്‍മകളുമുള്ള സിനിമയാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയും കഥാപാത്രവുമാണ് ആമേനും വട്ടോളിയും'' എന്നും ഇന്ദ്രജിത്ത് പറയുന്നു.

Indrajith recalls his memories of Amen. reveals he got to know Father Vattoli is Punyalan only before the end scene.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് മുസ്ലീം ലീഗിനെക്കാള്‍ വലിയ വര്‍ഗീയപാര്‍ട്ടി; മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്യൂണിസ്റ്റുകാര്‍'

'പ്രായമായവര്‍ക്ക് ബസില്‍ കയറാന്‍ വലിയ ബുദ്ധിമുട്ടാണ്, പടിയൊന്ന് താഴ്ത്തുമോ?' ; മറിയാമ്മ ഉമ്മന്റെ ചോദ്യമാണ് അതിന്റെ പിന്നില്‍

'വെറും റീ റിലീസ് അല്ല, വികാരം! 2011 ലെ അതേ വൈബ്'; ഇങ്ങനെയാണേൽ ​'ഗില്ലി'യുടെ റെക്കോർഡുകൾ തകർക്കുമല്ലോ 'മങ്കാത്ത'

വഴിവിട്ട ബന്ധങ്ങളുടെ പേരില്‍ കല്യാണം മുടങ്ങി; പിന്നാലെ 40 ലക്ഷം തട്ടിയെന്ന കേസ്; സ്മൃതി മന്ധാനയുടെ മുന്‍ കാമുകനെതിരെ കേസ്

'കിക്കു' കിട്ടാൻ ഓരോ തവണയും അളവു കൂട്ടുന്നു; ലഹരി ഉപയോ​ഗം മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ

SCROLL FOR NEXT