മലയാളത്തില്‍ അധികം സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയങ്കരിയാണ് ഇഷ തല്‍വാര്‍. തട്ടന്‍മറയത്തിലെ ആയിഷയാണ് മലയാളികള്‍ക്ക് ഇഷ ഇന്നും. ബോളിവുഡിലാണ് ഇഷ ഇപ്പോള്‍ സജീവം. മിര്‍സാപൂര്‍ അടക്കമുള്ള സീരീസുകളില്‍ തന്റെ പ്രകടനത്തിലൂടെ കയ്യടി നേടാന്‍ ഇഷയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളികള്‍ ഇത്രയധികം സ്‌നേഹിക്കുമ്പോഴും മലയാള സിനിമയില്‍ നിന്നും അകലം പാലിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇഷ തല്‍വാര്‍.
വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇഷ തല്‍വാര്‍ മനസ് തുറന്നത്. മലയാളത്തില്‍ അവസരം കുറയുന്നതില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഇഷ. ''തീര്‍ച്ചയായും ഉണ്ട്. എന്റെ മലയാളം അത്ര മെച്ചമുള്ളതല്ലെന്നറിയാം. കേട്ടാല്‍ മനസ്സിലാകും. പക്ഷെ സംസാരിക്കാന്‍ കുറച്ചു പ്രയാസമാണ്. അതുകൊണ്ടു തന്നെ എന്നെ കാസ്റ്റ് ചെയ്യുമ്പോള്‍ റിസ്‌ക് എടുക്കേണ്ട എന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് തോന്നുമായിരിക്കും. മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്.'' എന്നാണ് താരം പറയുന്നത്.
സിനിമയില്‍ അവസരം കുറയുമ്പോഴും കേരളത്തോടും മലയാളത്തോടുമുള്ള ഇഷയുടെ സ്‌നേഹം കൂടുക മാത്രമാണ് ചെയ്യുന്നത്. താരം ഇപ്പോള്‍ കേരളത്തിലുണ്ട്. ഇതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ''കേരളം തരുന്ന സ്‌നേഹം തന്നെ. എന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം ഇവിടെ നിന്നാണല്ലോ. ഒരുപാട് നാളായി മലയാളത്തില്‍ ഒരു മുഴുനീള കഥാപാത്രം ചെയ്തിട്ട്. എങ്കിലും ഇന്നും ആളുകള്‍ തിരിച്ചറിയുന്നു. ഓടി വന്ന് സംസാരിക്കുകയും സുഖ വിവരങ്ങള്‍ തിരക്കുകയും ചെയ്യുന്നു. എന്നോടിഷ്ടമായതു കൊണ്ടല്ലേ ഈ കരുതല്‍.'' താരം പറയുന്നു.
''2023 ല്‍ ഇരിങ്ങാലക്കുടയിലെ നടന കൈരളിയില്‍ നിന്നു നവരസസാധന അഭ്യസിച്ചു. കലാകാരിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അതെന്നെ വളരെയധികം സ്വാധീനിച്ചു. അന്നാരംഭിച്ച ആഗ്രഹമാണ് കളരി അഭ്യസിക്കണമെന്നത്. ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ ഒരിടവേള കിട്ടിയപാടെ കേരളത്തിലേക്ക് പോന്നു. ഇപ്പോള്‍ ഒന്നര മാസമായി കളരി അഭ്യസിക്കുന്നു. ചിലപ്പോഴൊക്കെ തോന്നാറുണ്ട്, എന്റെ മലയാളി സുഹൃത്തുക്കളേക്കാള്‍ മികച്ച മലയാളി ഞാനാണെന്ന്.'' എ്ന്നും ഇഷ പറയുന്നുണ്ട്.
തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നത് ഹിന്ദിയില്‍ നിന്നായതു കൊണ്ടാണ് ബോളിവുഡില്‍ സജീവമാകുന്നതെന്നാണ് ഇഷ പറയുന്നത്. വെബ് സീരീസുകള്‍ മാത്രം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഇത് തന്നെയാണ് ആ ചോദ്യത്തിന്റേയും ഉത്തരം. കേള്‍ക്കുന്ന കഥകളില്‍ ഇഷ്ടപ്പെടുന്നതു ചെയ്യുകയാണ് എന്റെ രീതി. അതിനപ്പുറത്തേക്കു പ്രത്യേക തീരുമാനങ്ങളൊന്നുമില്ലെന്നും താരം പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates