തമിഴ് നടനും മുഖ്യമന്ത്രിയുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്‌യുടെ സംവിധാന അരങ്ങേറ്റ ചിത്രം സിഗ്മ റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ രണ്ടിന് റിലീസിനെത്തുന്ന 'സിഗ്മ'യുടെ പ്രീ- റിലീസ് പരിപാടി ചൊവ്വാഴ്ച വൈകുന്നേരം സേലത്ത് നടന്നു. സന്ദീപ് കിഷൻ നായകനായെത്തുന്ന ചിത്രത്തിൽ ഫാരിയ അബ്ദുള്ളയാണ് നായിക.
തന്റെ സിനിമയെക്കുറിച്ച് പറയാൻ വേദിയിലേക്ക് കയറിയ ജേസണെ ടിവികെ പാർട്ടിയുടെ പേര് പറഞ്ഞാണ് ആരാധകർ അഭിവാദ്യം ചെയ്തത്. ജേസൺ സംസാരിക്കുന്നതിനിടെ ടിവികെ...ടിവികെ എന്ന് ആളുകൾ ഉറക്കെ പറയുന്നതിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. "സേലം എനിക്ക് നല്ല ഓർമകൾ തന്നു, അതുകൊണ്ട് നന്ദി, സേലം"- ജേസൺ പറഞ്ഞു.
"എന്റെ കുടുംബത്തിന് സ്പെഷ്യൽ നന്ദി" എന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് ജനക്കൂട്ടത്തിനിടയിൽ നിന്ന് ഉച്ചത്തിലുള്ള ആർപ്പുവിളികൾ ഉയർന്നത്. 'ടിവികെ... ടിവികെ' എന്ന വിളികൾ ഉച്ചത്തിലായതോടെ ജേസണിന് ഏതാനും മിനിറ്റുകൾ തന്റെ പ്രസംഗം നിർത്തേണ്ടിവന്നു. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ, വാക്കുകൾ നിർത്തി, സദസിനെ നോക്കി പുഞ്ചിരിക്കുകയും തലയാട്ടുകയും ചെയ്യുന്ന ജേസണെയും വിഡിയോകളിൽ കാണാം.
ജേസൺ തംപ്സ് അപ്പ് നൽകിയതോടെയാണ് ആർപ്പുവിളികൾ ആരാധകർ നിർത്തിയത്. പിന്നീട് വീണ്ടും ജേസൺ തന്റെ വാക്കുകൾ തുടർന്നു. "നമ്മുടെയെല്ലാം ജീവിതത്തിൽ ഒരു സിഗ്മ മൊമന്റ് ഉണ്ടായിട്ടുണ്ട്. നമ്മൾ എടുത്ത തീരുമാനങ്ങൾ കാരണം വലിയ പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ട്, പക്ഷേ അവയിൽ നിന്നൊക്കെ നമ്മൾ ഉയർന്നു വന്നിട്ടുണ്ട്. ഒരു സാധാരണക്കാരനെക്കുറിച്ചുള്ള ഈ കഥ എല്ലാവർക്കും കണക്ട് ചെയ്യാൻ കഴിയുന്ന ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു".- ജേസൺ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates