നടൻ ജയസൂര്യയുടെ കരിയറിലെ ആദ്യത്തെ 100 കോടി ചിത്രമായിരുന്നു ആട് 3. മലയാളത്തില്‍ ഏറ്റവുമധികം ഫാന്‍ ബേസുള്ള ആട് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. ആദ്യ ഭാഗം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് വന്ന രണ്ട് ഭാഗങ്ങളും തിയറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി.
കഴിഞ്ഞദിവസം ചിത്രം ഒടിടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. സീ ഫൈവിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. തിയറ്ററില്‍ മികച്ച വിജയം നേടിയെങ്കിലും ഒടിടിയില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടുന്നത്. മുന്‍ ഭാഗങ്ങളെ അപേക്ഷിച്ച് കോമഡിയുടെ കാര്യത്തില്‍ ചിത്രം വളരെ പിന്നോട്ട് പോയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
രണ്ടേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിലെ പല കോമഡികളും വര്‍ക്കായിട്ടില്ലെന്നും കമന്റുകളുണ്ട്. ഈ സിനിമക്ക് എങ്ങനെ 100 കോടി കളക്ഷന്‍ കിട്ടിയെന്നാണ് പലരുടെയും ചോദ്യം. ഫ്രാഞ്ചൈസിയിലെ ഏറ്റവും മോശം സിനിമയെന്നാണ് ചിലര്‍ ആട് 3യെ വിശേഷിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത ടൈംലൈന്‍ കാണിക്കുന്ന ചിത്രത്തില്‍ പാസ്റ്റിലെ കോമഡികളൊന്നും വര്‍ക്കായില്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
അവസാനത്തെ അര മണിക്കൂര്‍ മാത്രമാണ് ചിത്രം പീക്കിലേക്ക് എത്തിയതെന്നും കമന്റുകളുണ്ട്. കണ്ടു കഴിഞ്ഞപ്പോൾ കാണണ്ടായിരുന്നു എന്ന് തോന്നിയ ഒരു പടം... ഒരു സീനിൽ പോലും ചിരി വന്നില്ല എന്നുള്ളത് ആണ് അത്ഭുതപ്പെടുത്തിയത് എന്നൊക്കെ പറയുന്നവരും കുറവല്ല. പാപ്പനും ടീമും പണിക്കരെ കാണാന്‍ പോകുന്ന സീന്‍ മാത്രമാണ് ആകെ ചിരി സമ്മാനിച്ചത്.
വിനായകന്‍ അവതരിപ്പിച്ച ഡ്യൂഡിന്റെ സെക്കന്‍ഡ് എന്‍ട്രി മുതല്‍ സിനിമ അതിന്റെ ട്രാക്കില്‍ കയറിയെന്നും കമന്റുകളുണ്ട്. ജയസൂര്യയ്ക്കൊപ്പം ധർമജൻ, സൈജു കുറുപ്പ്, ഭഗത് മാനുവൽ, ശ്രിന്ദ, അജു വർഗീസ്, സണ്ണി വെയ്ൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates