അച്ഛന്റെ പാതയിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ സിനിമയിലെത്തുന്നത്. തുടക്കത്തില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നുവെങ്കിലും തന്നിലെ നടനെ ഓരോ സിനിമ കഴിയുന്തോറും മെച്ചപ്പെടുത്തുകയാണ് പ്രണവ് മോഹന്‍ലാല്‍. ഒടുവില്‍ പുറത്തിറങ്ങിയ ഡിയസ് ഈറെയിലെ പ്രണവിന്റെ പ്രകടനം വലിയ കയ്യടികള്‍ നേടിയിരുന്നു.
ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ക്കപ്പുറമുള്ള പ്രണവിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തെക്കുറിച്ച് ആര്‍ക്കും വ്യക്തമായ ധാരണയില്ല. സിനിമ കഴിഞ്ഞാല്‍ നാളുകളോളം യാത്രകളും മറ്റുമായി, കാമറക്കണ്ണുകളിലൊന്നും പെടാതെ കറങ്ങി നടക്കുന്നതാണ് പ്രണവിന്റെ പതിവ്. ഡിയസ് ഈറെയില്‍ പ്രണവിനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങ്കിടുകയാണ് നടന്‍ ജിബിന്‍ ഗോപിനാഥ്.
പ്രണവ് ശരിക്കും ഇന്‍ട്രോവെര്‍ട്ട് ആണോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജിബിന്‍. ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണവിനെക്കുറിച്ച് ജിബിന്‍ സംസാരിച്ചത്.
''ഓരോ അഭിമുഖങ്ങളില്‍ പ്രണവിനെ കുറിച്ച് ആളുകള്‍ പറയുന്നത് എല്ലാവര്‍ക്കും ട്രോളാണ്. തള്ളാണ് എന്നാണ് എല്ലാവരും പറയാറുള്ളത്. എന്നാല്‍ ശരിക്കും പുള്ളി അങ്ങനെയാണ്. ഒരു ദിവസം ക്ലൈമാക്‌സ് ഷൂട്ട് നടക്കുകയാണ്. അന്ന് രാത്രി സമയത്ത് അദ്ദേഹത്തിന് ഷോട്ടില്ലായിരുന്നു. പ്രണവിനെ കാണാത്തതു കൊണ്ട് നോക്കിയപ്പോള്‍ ആര്‍ട്ടിന്റെ സാധനങ്ങളെല്ലാം കൊണ്ടിട്ട തെങ്ങിന്റെ മൂട്ടില്‍ കിടന്നുറങ്ങുന്നതാണ് കണ്ടത്. തൊട്ടപ്പുറത്ത് കാരവാന്‍ ഉണ്ട്. പക്ഷെ പുള്ളിയ്ക്ക് അത് വേണ്ട. പുറത്ത് എവിടെയെങ്കിലും പോയി കിടന്നുറങ്ങുന്ന ജീവിതമാണ് അദ്ദേഹത്തിന്റേത്'' ജിബിന്‍ ഗോപിനാഥ് പറയുന്നു.
''പ്രണവിനെപ്പറ്റിയുള്ള ധാരണയൊക്കെ മാറിയത് ആ സിനിമയോടെയാണ്. എല്ലാവരും പറയും പ്രണവ് ഇന്‍ട്രോവെര്‍ട്ട് ആണെന്ന്. എന്നാല്‍ ഒരിക്കലും അങ്ങനെയല്ല. പുള്ളിയ്ക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ആള്‍ക്കാരുടെ ഇടയില്‍ ഭയങ്കര ചില്‍ ആയിട്ടുള്ള നല്ല കൂട്ടുകാരനാണ് അദ്ദേഹം. പുള്ളി യാത്ര പോയ കാര്യങ്ങളും മറ്റും എന്റെയടുത്ത് സംസാരിച്ചിട്ടുണ്ട്. യാത്രകളെപ്പറ്റി സംസാരിക്കാനാണ് പ്രണവിന് ഏറ്റവും കൂടുതല്‍ ഇഷ്ടം'' എന്നും അദ്ദേഹം പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates