അജയന്റെ രണ്ടാം മോഷണത്തിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ ജിതിന്‍ ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ജിതിന്‍ പുതിയ സിനിമ പ്രഖ്യാപിച്ചത്. പുതിയ ചിത്രവും എആര്‍എം പോലൊരു ഫാന്റസി ഫോക്ലോര്‍ ആയിരിക്കുമെന്നാണ് ജിതിന്‍ അറിയിക്കുന്നത്. ചിത്രത്തിന്റെ കഥ ജനപ്രീയ താരത്തോട് പറഞ്ഞുവെന്നും ജിതിന്‍ പറയുന്നു. ജിതിന്റെ വാക്കുകളിലേക്ക്:
പുതിയ അധ്യായം ആരംഭിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ ഒരു റോളര്‍കോസ്റ്ററായിരുന്നു. ഞങ്ങളെ പിന്തുണച്ച, വിശ്വസിച്ച, ഞങ്ങള്‍ക്കൊപ്പം ആഘോഷിച്ച, ക്ഷമയോടെ ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. എആര്‍എം വെറുമൊരു സിനിമ മാത്രമായിരുന്നില്ല. അതൊരു സ്വപ്‌നമായിരുന്നു. ഓരോ അംഗീകാരവും, ഫെസ്റ്റിവലുകളും, അവാര്‍ഡുകളും സ്‌ക്രീനിങും ആ സ്വപ്‌നത്തിന്റെ മറ്റൊരു മനോഹര അധ്യായമായി മാറി. ഞങ്ങളുടെ പ്രേക്ഷകരോടും സുഹൃത്തുക്കളോടും കുടുംബത്തോടും, ഞങ്ങള്‍ക്കൊപ്പം നിന്ന ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു.
എല്ലാത്തിനുമപരിയായി, പ്രപഞ്ചത്തോടും സുപ്രീം ക്രിയേറ്ററോടും ഈ യാത്രയില്‍ ഞങ്ങള്‍ക്ക് വഴികാട്ടിയായ, അനുഗ്രഹിച്ച ദൈവത്തിനും എല്ലാ ദൈവിക ശക്തികള്‍ക്കും നന്ദി പറയുന്നു. റിലീസിന് ശേഷവും തുടര്‍ച്ചയായി എആര്‍എമിനെക്കുറിച്ചുള്ള പോസ്റ്റുകളുമായി നിങ്ങളെ ഞാന്‍ ശല്യം ചെയ്തിട്ടുണ്ടെന്ന് അറിയാം. പക്ഷെ ഓരോ നേട്ടവും ഞങ്ങള്‍ക്ക് വിലപ്പെട്ടതാണ്. കാരണം ഞങ്ങളുടെ സ്വപ്‌നമായിരുന്നു അത്.
ഒരു വാണിജ്യ സിനിമയ്ക്കും അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് സഞ്ചരിക്കാനും ഫെസ്റ്റിവലുകളിലേക്കും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കും എത്താനാകുമെന്നും ഞങ്ങള്‍ എന്നും വിശ്വസിച്ചിരുന്നു. അത് സംഭവിച്ചു. ഒരു തുടക്കക്കാരന് അതില്‍ കൂടുതല്‍ എന്താണ് വേണ്ടത്? ബ്രോ, എആര്‍എം കഴിഞ്ഞു. അടുത്തതില്‍ ശ്രദ്ധിക്കൂ എന്ന് എന്നോട് പലരും പറഞ്ഞു. സത്യം എന്തെന്നാല്‍, ഞങ്ങള്‍ നേരത്തെ തന്നെ അത് ചെയ്ത് തുടങ്ങിയിരുന്നു.
ഞങ്ങളുടെ അടുത്ത സ്വപ്‌നം പുരോഗമിക്കുകയാണ്. തിരക്കഥ പൂര്‍ത്തിയാവുകയും നിങ്ങളുടേയും ഞങ്ങളുടേയും പ്രിയപ്പെട്ട നായകനോട് പറയുകയും ചെയ്തു. അതെ, അതുമൊരു ഫാന്റസി ഫോക്ലോര്‍ ആണ്. ആ സിനിമയ്ക്ക് ഒരുപാട് തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുകയും, യാത്രകളുടേയും, പഠിച്ചത് മറക്കുകയും, പുതിയ ലോകത്തിനായി ഞങ്ങളെ തയ്യാറാക്കുകയും ചെയ്യുന്നൊരു യാത്രയുടേതായിരുന്നു.
ഞങ്ങള്‍ അടുത്ത അധ്യായത്തിലേക്ക് കടക്കുകയാണ്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമ ഒരിക്കലും അവസാനിക്കുന്നു. എആര്‍എമിന് ഒരു അവസാനമില്ല. രണ്ട് വര്‍ഷത്തിന് ശേഷവും ആളുകള്‍ അതേക്കുറിച്ച് സംസാരിക്കുകയും, ഓര്‍ത്തിരിക്കുകയും, ആ ലോകത്തിന്റെ ഒരു കഷണം കൂടെ കൊണ്ടു നടക്കുകയും ചെയ്യുന്നുവെന്നതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.
പിന്നെ, നിങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രവുമായി ഞങ്ങള്‍ തിരികെ വരും. കാസ്റ്റിങ്ങിനേയും സംവിധാന അവസരങ്ങളേയും കാത്തിരിക്കുന്നവര്‍ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുക. ശരിയായ സമത്ത് വിവരങ്ങള്‍ പങ്കുവെക്കും. വിശ്വസിക്കുന്നത് തുടരുക. സ്വപ്‌നം കാണുന്നത് തുടരുക. ക്ഷമയോടെ. യാത്ര തുടരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates