Rani Johnson ഫെയ്സ്ബുക്ക്
Entertainment

'എവിടെപ്പോയാലും എന്നേയും കൂട്ടുന്നയാള്‍ അവസാനം പോയപ്പോള്‍ മാത്രം കൂട്ടിയില്ല'; മാഷിന്റെയും മക്കളുടേയും ഓര്‍മകള്‍ക്ക് കൂട്ടിരിക്കുന്ന റാണി

നാലാമത്തെ ഫോട്ടോയായി എന്നേയും കാണാമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലോകത്തെവിടെ ആയാലും, ഏത് കാലത്ത് ആയാലും, മഴയൊന്ന് നനയുമ്പോള്‍, ഇളങ്കാറ്റ് വന്ന് മുടിയിഴകളിലൂടെ കടന്നു പോകുമ്പോള്‍, കോടമഞ്ഞ് ദേഹവും മനസും മൂടുമ്പോള്‍ മലയാളിയുടെ മനസിലേക്ക് കടന്നു വരിക ജോണ്‍സണ്‍ മാഷിന്റെ ഏതെങ്കിലുമൊരു പാട്ടായിരിക്കും. മഴ, കട്ടന്‍ ചായ, ജോണ്‍സണ്‍ മാഷിന്റെ പാട്ട് ആഹാ അന്തസ്! എന്ന് മലയാളി വെറുതെ പറയുന്നതല്ല അത്രമേല്‍ ആ സംഗീതം മലയാളി ജീവിതത്തില്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു.

ജോണ്‍സണ്‍ മാഷിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 14 വയസ് തികയുകയാണ്. അനുരാഗിണി, അഴകേ നിന്‍, കണ്ണീര്‍പ്പൂവിന്റെ, മധുരം ജീവാമൃതബിന്ദു, ആടിവാ കാറ്റേ, ഒന്നു തൊടാനുള്ളില്‍ ഇങ്ങനെ മലയാളിയുള്ളിടത്തോളം കാലം നിലനില്‍ക്കുന്ന എത്രയെത്ര പാട്ടുകള്‍ ബാക്കി വച്ചാണ് അദ്ദേഹം യാത്രയായത്.

തൃശ്ശൂരിലെ നെല്ലിക്കുന്നില്‍ 1953 മാര്‍ച്ച് 26 നായിരുന്നു ജോണ്‍സണ്‍ ജനിക്കുന്നത്. ദേവരാജന്‍ മാസ്റ്ററുടെ കൂടെയാണ് അദ്ദേഹത്തിന്റെ സംഗീത യാത്ര തുടങ്ങുന്നത്. മാസ്റ്ററുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംഗീതം ശാസ്ത്രീയമായി പഠിക്കുന്നത്. ഭരതന്റെ ആരവത്തിലുടെ പശ്ചാത്തല സംഗീതത്തില്‍ അരങ്ങേറി. പിന്നീട് ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര്യ സംഗീത സംവിധായകനുമായി. പശ്ചാത്തല സംഗീതത്തിലും പാട്ടിലുമെല്ലാം പുതിയ മാനങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

പത്മരാജന്‍, ഭരതന്‍, സത്യന്‍ അന്തിക്കാട്, കമല്‍, ലോഹിതദാസ് തുടങ്ങിയ പ്രതിഭാധനരുടെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ അദ്ദേഹത്തിന്റെ സംഗീതത്തിന് സാധിച്ചു. പത്മരാജന്‍ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ജോണ്‍സണ്‍ മാഷിന്റെ പാട്ടുകള്‍. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേളയെടുത്ത അദ്ദേഹം തിരികെ വരുന്നത് 2006ല്‍ ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലൂടെയാണ്. ചിത്രത്തിലെ എന്തേ കണ്ണനിത്ര കറുപ്പു നിറം എന്ന പാട്ട് ഇപ്പോഴും റീലുകളില്‍ കേള്‍ക്കാറുണ്ട്.

2011 ഓഗസ്റ്റ് 18 നായിരുന്നു അദ്ദേഹം വിട വാങ്ങിയത്. ചെന്നൈയിലെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെയാണ് മക്കളായ ഷാനും റെന്നയും മരണപ്പെടുന്നത്. റെന്‍ 2012 ലും ഷാന്‍ 2016 ലുമാണ് മരണപ്പെടുന്നത്. ഭര്‍ത്താവിനേയും മക്കളേയും നഷ്ടപ്പെട്ടതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ജോണ്‍സണ്‍ മാഷിന്റെ ഭാര്യ റാണി അവരുടെ ഓര്‍മകളുമായാണ് ഇന്ന് ജീവിക്കുന്നത്.

ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ റാണി മനസ് തുറന്നിരുന്നു. 'എവിടെപ്പോയാലും ചേട്ടന്‍ എന്നേയും ഒപ്പം കൂട്ടുമായിരുന്നു. അവസാനം പോയപ്പോള്‍ മാത്രം എന്നെ കൂട്ടിയില്ല' എന്നാണ് തന്റെ പ്രിയപ്പെട്ടവന്റെ വേര്‍പാടിനെക്കുറിച്ച് റാണി പറഞ്ഞത്. ചേട്ടനും മക്കളും പോയതോടെ താന്‍ തകര്‍ന്നുപോയി. മനുഷ്യരെ ആരേയും കാണണ്ട എന്നായി. കതകടിച്ച് മുറിയില്‍ തന്നെ ഇരിക്കും. വര്‍ത്തമാനം പറയില്ല. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ അപ്പോള്‍ കരയും, എന്നാണ് തന്റെ ആ നാളുകളെക്കുറിച്ച് റാണി പറയുന്നത്.

തന്നെ പിന്നീട് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നത് ധ്യാനകേന്ദ്രത്തിലെ ജീവിതമാണെന്നാണ് റാണി പറയുന്നത്. പന്ത്രണ്ട് ദിവസം ധ്യാന കേന്ദ്രത്തില്‍ തന്നെയായിരുന്നു. അവിടെയിരുന്ന് കരയാനുള്ളതൊക്കെ കരഞ്ഞു തീര്‍ത്തു. മനുഷ്യനില്‍ ആശ്രയം വെക്കുന്നതിനേക്കാള്‍ നല്ലത് ദൈവത്തില്‍ ആശ്രയം വെക്കുന്നതാണ് എന്ന വചനമാണ് തന്നെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നത്. അല്ലെങ്കില്‍ നാലാമത്തെ ഫോട്ടോയായി എന്നേയും കാണാമായിരുന്നു എന്നാണ് റാണി പറഞ്ഞത്.

ജോണ്‍സണ്‍ മാഷിന്റെ വിട പറച്ചില്‍ മലയാളികളുടെ ജീവിതത്തിലും സൃഷ്ടിച്ചത് അതുപോലൊരു വിടവാണ്. അപ്പോഴും മലയാളിയുടെ സന്തോഷത്തിനും സങ്കടത്തിനും പ്രണയത്തിനും വിരഹത്തിനുമെല്ലാം കൂട്ടിരിക്കാന്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ എത്തിക്കൊണ്ടേയിരിക്കുകയാണ്.

Today marks 14th year to Johnson Master's death. His wife still lives on his and their children's memories.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

SCROLL FOR NEXT