Lokah, Chapter 1: Chandra ഫെയ്സ്ബുക്ക്
Entertainment

ഇത് മോളിവുഡിന്റെ മാർവൽ- 'ലോക' റിവ്യൂ

ഒരു യൂണിവേഴ്സ് സെറ്റ് ചെയ്യാൻ വേണ്ടി അനാവശ്യമായി ഒന്നും തന്നെ ചന്ദ്രയിൽ സംവിധായകൻ തിരുകി കയറ്റിയിട്ടില്ല.

ഹിമ പ്രകാശ്

മോളിവുഡിൽ ഒരു യൂണിവേഴ്സിനുള്ള എല്ലാം തുടങ്ങി വച്ചിട്ടുണ്ട്- ലോക ചാപ്റ്റർ 1: ചന്ദ്ര കണ്ടിറങ്ങുമ്പോൾ മനസിൽ ആദ്യം തോന്നുന്നത് ഇതാണ്. വൃത്തിയുള്ള ഒരു ഫാന്റസി ആക്ഷൻ മൂവി, അതാണ് സംവിധായകൻ ഡൊമിനിക് അരുൺ മലയാളികൾ‌ക്ക് ഓണ സമ്മാനമായി ഒരുക്കിയിരിക്കുന്നത്. മൂന്ന് സുഹൃത്തുക്കൾ താമസിക്കുന്ന ഒരു ഫ്ലാറ്റിന് അയൽപ്പക്കത്ത് ഒരു യുവതി താമസത്തിനെത്തുന്നതും പിന്നീട് അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ലോകയുടെ ഇതിവൃത്തം.

ലോകയുടെ കഥയും കഥാപാത്രങ്ങളുമൊക്കെ വളരെ സിംപിളാണ്. പ്രത്യേകിച്ച് പുതുമകളൊന്നും പറയാനില്ലാത്ത കഥ തന്നെയാണ് ലോകയുടേത്. പക്ഷേ അതിനെ സംവിധായകൻ വിഷ്വലി ട്രീറ്റ് ചെയ്തിരിക്കുന്ന രീതി, അവിടെയാണ് ലോകയുടെ ക്വാളിറ്റി കാണാനാകുന്നത്. മേക്കിങിലൂടെ മറ്റൊരു ലോകം തന്നെയാണ് സംവിധായകൻ പ്രേക്ഷകർക്കായി തുറന്നു വച്ചിരിക്കുന്നത്.

കുട്ടിക്കാലം മുതലേ നമ്മൾ കേട്ടിട്ടും കണ്ടിട്ടുമൊക്കെയുള്ള ഒരു കഥയെ, അല്ലെങ്കിൽ കഥാപാത്രത്തെ ആധുനിക കാലത്ത് പ്ലെയ്സ് ചെയ്ത് അതി​ഗംഭീരമായി എക്സിക്യൂട്ട് ചെയ്തിരിക്കുകയാണ് സംവിധായകനിവിടെ. സൂപ്പർ ഹീറോയായ ചന്ദ്ര എന്ന കഥാപാത്രമായി കല്യാണി പ്രിയദർശൻ എത്തുമ്പോൾ സണ്ണി എന്ന കഥാപാത്രമായെത്തുന്നത് നസ്‌ലിൻ ആണ്.

നസ്‌ലിൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, വിജയ രാഘവൻ, ശരത് സഭ, സാൻഡി മാസ്റ്റർ തുടങ്ങിയവരെല്ലാം അവരവരുടെ ഭാ​ഗം മികച്ചതാക്കി. സാൻഡി മാസ്റ്ററൊക്കെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു എന്ന് തന്നെ പറയാം. പിന്നെ എടുത്തു പറയേണ്ട മറ്റൊന്ന് സർപ്രൈസ് കാസ്റ്റിങ്ങിന്റെ ഒരു അയ്യര് കളി തന്നെ പടത്തിലുണ്ട് എന്നതാണ്. അത് ശരിക്കും തിയറ്ററിൽ എക്സ്പീരിയൻസ് ചെയ്യേണ്ട ഒന്ന് തന്നെയാണ്.

ഒരു യൂണിവേഴ്സ് സെറ്റ് ചെയ്യാൻ വേണ്ടി അനാവശ്യമായി ഒന്നും തന്നെ ചന്ദ്രയിൽ സംവിധായകൻ തിരുകി കയറ്റിയിട്ടില്ല. അതിപ്പോൾ കഥയിലായാലും കഥാപാത്രങ്ങളിലായാലും അങ്ങനെ തന്നെ. ശാന്തി ബാലചന്ദ്രനും ഡൊമിനിക് അരുണും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സ്റ്റൈൽ, തരം​ഗം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ഡൊമിനിക് ഒരുക്കിയിരിക്കുന്ന ചിത്രമാണ് ലോക.

ഒരിടത്തു പോലും ഒരു ബോറടിയോ വെറുപ്പിക്കലോ ഒന്നുമില്ലാതെ ആദ്യാവസാനം വരെ കണ്ടിരിക്കാൻ പറ്റുന്ന ചിത്രം കൂടിയാണ് ലോക. ഒരു യൂണിവേഴ്സിലേക്ക് നമ്മളെ കൊണ്ടു പോകുന്നു എന്നതിനപ്പുറം ഒരു വൻ സിനിമാറ്റിക് എക്സിപീരിയൻസ് കൂടിയാണ് ലോക സമ്മാനിക്കുന്നത്.

ഏറ്റവും എടുത്തു പറയേണ്ടത് സിനിമയുടെ ടെക്നിക്കൽ സൈഡ് തന്നെയാണ്. കാമറ, വിഎഫ്എക്സ്, ആക്ഷൻ, പശ്ചാത്തല സം​ഗീതം, കളറിങ് എന്നു വേണ്ട സകലതും ഒരു രക്ഷയുമില്ലാത്ത വിധമാണ് ചെയ്തിരിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ ഓരോ ഫ്രെയിമും അതുപോലെ ക്ലോസ്അപ്പ് ഷോട്ടുകളുമൊക്കെ ​ഗംഭീരമായാണ് നിമിഷ് പകർത്തിയിരിക്കുന്നത്. കല്യാണിയുടെ ആക്ഷൻ സീനുകളും കയ്യടി അർഹിക്കുന്നുണ്ട്.

ഒരു സീനൊഴിച്ച് ബാക്കിയെല്ലാം താൻ ഡ്യൂപ്പില്ലാതെയാണ് ചെയ്തതെന്ന് കല്യാണി പറഞ്ഞിരുന്നു. ശരിക്കും ആക്ഷൻ സീനുകൾ ചെയ്യാനായി നന്നായി എഫേർട്ടിട്ടുണ്ട് കല്യാണി എന്ന് കാണുമ്പോൾ തന്നെ മനസിലാകും. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത്. കഥയോടും കഥാ സന്ദർഭങ്ങളോടും ഇഴുകി ചേർന്ന് തന്നെയാണ് ബാക്ക്​ഗ്രൗണ്ട് സ്കോറും വർക്ക് ചെയ്തിരിക്കുന്നത്.

ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എന്തായാലും മലയാളത്തിൽ നിന്നൊരു സൂപ്പർ ഹീറോ യൂണിവേഴ്സ് വരുന്നതിൽ നമുക്ക് തീർച്ചയായും അഭിമാനിക്കാം. ഒരു മികച്ച സിനിമാറ്റിക് എക്സ്പീരിയൻസ് തന്നെയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ഈ ഓണത്തിന് അടിച്ചു പൊളിക്കാൻ കണ്ണുംപൂട്ടി ടിക്കറ്റെടുക്കാം.

NB: ആരും ക്രെഡിറ്റ്‌ സീൻസ് കഴിഞ്ഞ ഉടനെ തിയറ്ററിൽ നിന്ന് ഇറങ്ങാതിരിക്കാൻ നോക്കുക. ചില സംഭവങ്ങൾ ക്രെഡിറ്റ് സീനിന് ശേഷം വരുന്നുണ്ട്....

Cinema News: Kalyani Priyadarshan and Naslen starrer Lokah Chapter 1: Chandra movie review.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഡെലിവറി ഡ്രൈവർമാർ ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പിഴ ലഭിക്കും; പുതിയ നിയമവുമായി ബഹ്‌റൈൻ

ചർമം തിളങ്ങും, പൊണ്ണത്തടി കുറയ്ക്കാം; ഉണക്കമുന്തിരി ഇങ്ങനെയൊന്ന് കഴിച്ചു നോക്കൂ

മുഖക്കുരു മാറാൻ ഇതാ ചില ടിപ്സ്

'വിഎസിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഷീല മാഡവും അമ്പരന്നു'; അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ച ഓര്‍മ്മിച്ച് കെഎം എബ്രഹാം

SCROLL FOR NEXT