ബംഗലൂരു : കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാർ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാവിലെ ജിമ്മിൽ വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്. തുടർന്ന് ഉടൻ ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുനീതിന്റെ പേഴ്സണൽ മാനേജർ സതീഷാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് കന്നഡ മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മെ നേരിട്ട് എത്തിയിരുന്നു. സഹോദരൻ ശിവരാജ് കുമാറും യഷും ആശുപത്രിയിൽ എത്തി. പുനീതിന്റെ മരണം തെന്നിന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
കന്നഡയുടെ പവർസ്റ്റാർ
കന്നഡ ഇതിഹാസ താരം രാജ്കുമാറിന്റെയും പര്‍വതമ്മയുടെയും മകനാണ് പുനീത് രാജ്കുമാര്‍. രണ്ടു പതിറ്റാണ്ടായി കന്നഡ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദാഹം പവര്‍ സ്റ്റാര്‍ ആയാണ് അറിയപ്പെടുന്നത്. മുപ്പതോളം കന്നഡ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. ബാല താരമായിട്ടായിരുന്നു തുടക്കം. ‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1985ൽ അദ്ദേഹത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന പുരസ്കാരവും രണ്ടു തവണ സ്വന്തമാക്കി.
2002ലിറങ്ങിയ ‘അപ്പു’ എന്ന ചിത്രമാണ് കന്നഡ സിനിമയിൽ പുനീതിന്റെ നായകസ്ഥാനം ഉറപ്പാക്കിയത്. അതോടെ ആരാധകർക്ക് അദ്ദേഹം അപ്പുവായി. സന്തോഷ് ആനന്ദം സംവിധാനം ചെയ്ത യുവരത്നയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ജയിംസ് എന്ന സിനിമയുടെ ഷൂട്ടിങ്ങും അടുത്തിടെ പൂർത്തിയാക്കിയിരുന്നു. മോഹൻലാൽ അഭിനയിച്ച കന്നഡ ചിത്രം മൈത്രിയിലും പുനീതായിരുന്നു നായകനായി എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates