ഇന്നലെയാണ് 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച കുട്ടികളുടെ സിനിമയും ബാലതാരവും ഇടം പിടിച്ചിരുന്നില്ല. അതിനു കാരണമാണ് പുരസ്‌കാര നിര്‍ണയ ജൂറി ചെയര്‍മാന്‍ നടന്‍ പ്രകാശ് രാജ് പറഞ്ഞ വാക്കുകള്‍ വിവാദമായി മാറിയിരിക്കുകയാണ്. കുട്ടികള്‍ക്കായുള്ള നല്ല സിനിമകളില്ല എന്നായിരുന്നു ജൂറി ചെയര്‍മാന്റെ പരാമര്‍ശം.
പിന്നാലെ ജൂറി ചെയര്‍മാന്റെ നിലപാടിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കുട്ടികള്‍ കേന്ദ്രകഥാപാത്രങ്ങളായി വന്ന സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ സിനിമയുടെ സംവിധായകന്‍ വിനേഷ് വിശ്വനാഥും ജൂറിയുടെ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. '' മികച്ച ബാലതാരത്തിന് അര്‍ഹമായ എന്‍ട്രികളൊന്നുമില്ലാത്ത ലോകത്ത് അവര്‍ തലയുയര്‍ത്തി നില്‍ക്കുന്നു'' എന്നായിരുന്നു സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടു കൊണ്ട് വിനേഷ് കുറിച്ചത്.
ചിത്രത്തിന്റെ സഹതിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്‍മഥനും സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം അറിയിച്ചു. ''അര്‍ഹരായ ബാലതാരങ്ങളൊന്നുമില്ലെന്ന് ജൂറി തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം നല്ല പെര്‍ഫോമന്‍സുകള്‍ കാഴ്ചവച്ച ബാലതാരങ്ങള്‍ ഇല്ലായിരുന്നു എന്ന പ്രസ്താവന കണ്ടപ്പോള്‍ പറയണമെന്ന് തോന്നി'' എന്നാണ് സിനിമയുടെ പോസ്റ്റര്‍ പങ്കിട്ടു കൊണ്ട് ആനന്ദ് പ്രതികരിച്ചത്.
'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' എന്ന ചിത്രം കുട്ടികള്‍ക്ക് വേണ്ടി ഇറങ്ങിയ ചിത്രമാണെന്നും അതിനെ പരിഗണിക്കാത്തതില്‍ വിഷമമുണ്ടെന്നും ആനന്ദ് പ്രതികരിച്ചു. ''ജൂറി പറഞ്ഞതിനോട് ചെറിയ എതിര്‍പ്പുള്ളത്, കുട്ടികള്‍ക്ക് വേണ്ടി സിനിമ ഉണ്ടായിട്ടില്ല എന്ന് പറയുമ്പോള്‍, ദേശീയ തലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സിനിമയെ എന്തുകൊണ്ട് കണ്ടില്ല എന്നതിലാണ്. അവാര്‍ഡ് വേണമെന്നല്ല, കുട്ടികളുടെ അഭിനയത്തെക്കുറിച്ചെങ്കിലും പരാമര്‍ശിക്കാമായിരുന്നു'' എന്നാണ് ആനന്ദ് ന്യൂസ് മലയാളത്തോട് പറഞ്ഞത്.
തിയേറ്ററില്‍ പരാജയപ്പെടുകയും എന്നാല്‍ ഒടിടി റിലീസിന് പിന്നാലെ രാജ്യമുഴുവന്‍ തരംഗമാവുകയും ചെയ്ത ചിത്രമാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍. കുട്ടികള്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം പറഞ്ഞ വിഷയം ഒരുപാട് ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ ക്ലൈമാക്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കേരളത്തിന് അകത്തും പുറത്തും പല സ്‌കൂളുകളും തങ്ങളുടെ ബെഞ്ചിങ് രീതി മാറ്റിയിരുന്നു. ഇങ്ങനൊരു സിനിമയുള്ളപ്പോള്‍ ജൂറി ചെയര്‍മാന്‍ നടത്തിയ പരാമര്‍ശം ശരിയായില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates