അന്തരിച്ച കൊല്ലം സുധിക്കൊപ്പം വാഹനാപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയിൽ. രാവിലെ ഏഴു മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ ഒൻപത് മണിക്കൂർ നീളുമെന്നും എല്ലാവരുടെയും പ്രാർഥന മഹേഷിനൊപ്പമുണ്ടാവണമെന്നും സുഹൃത്ത് ഫെയ്സ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
തിങ്കളാഴ്‌ച പുലർച്ചെ 4.30 ഓടെയായിരുന്നു കൊല്ലം സുധിയും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നത്. തൃശൂർ കയ്പമംഗലത്തുവച്ച് ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു. ഉല്ലാസ് അരൂർ ആണ് വാഹനം ഓടിച്ചിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുധിയെ അടുത്തുള്ള കൊടുങ്ങല്ലൂർ എആർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലിയും ഉല്ലാസ് അരൂരും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മഹേഷ് കുഞ്ഞുമോനെ വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബിനു അടിമാലി അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടലേറ്റ ഉല്ലാസും ചികിത്സയിൽ തുടരുകയാണ്.
കോവിഡ് കാലത്ത് പിണറായി വിജയന്റെ ശബ്ദം അനുകരിച്ചാണ് മഹേഷ് കുഞ്ഞുമോൻ ശ്രദ്ധേയനാകുന്നത്. വിനീത് ശ്രീനിവാസൻ, വിജയ് സേതുപതി, ബാബു രാജ് തുടങ്ങിയവരുടെ ശബ്‌ദം വളരെ അനായാസം മഹേഷ് അനുകരിച്ചിരുന്നു. 'വിക്രം' സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി മഹേഷ് സിനിമാലോകത്തെയും ഞെട്ടിച്ചിട്ടുണ്ട്. വടകരയിലെ പരിപാടി കഴിഞ്ഞ് എറണാകുളത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates